സി.എം.എസ് കോളജിനെ അപകീർത്തിപ്പെടുത്താൻ ശ്രമം -സി.എസ്.ഐ സഭ
text_fieldsകോട്ടയം: സി.എം.എസ് കോളജ് വളപ്പിലെ കുടികിടപ്പ് സംബന്ധിച്ച് മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ വസ്തുതകൾക്ക് നിരക്കാത്തതും കോളജിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും സി.എസ്.ഐ സഭ.
കോമ്പൗണ്ടിൽ താമസിക്കുന്ന സഭ അംഗമായ മാത്യുവുമായി ചർച്ചയിലൂടെ പരിഹരിക്കാൻ സാധ്യമായ പ്രശ്നം വഷളാക്കുന്നതിന് പിന്നിൽ റിയൽ എസ്റ്റേറ്റ് ലോബികളാണെന്ന് സംശയം ഉണ്ടെന്നും കോളജ് മാനേജ്മെന്റിനുവേണ്ടി സഭ ഭാരവാഹികൾ അറിയിച്ചു. കാമ്പസിൽനിന്ന് മാറണമെന്നും പകരം ഭൂമിയും വീടും നൽകാമെന്നും മാത്യുവിനോട് അധികൃതർ അറിയിച്ചതാണെങ്കിലും ലാൻഡ് ട്രൈബ്യൂണലിൽ പട്ടയത്തിന് അപേക്ഷ സമർപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്.
എന്നാൽ, പാട്ടക്കാർ ആണെന്ന് തെളിയിക്കാൻ സാധിക്കാത്തതിനാൽ അപേക്ഷ ട്രൈബ്യൂണൽ തള്ളി. തുടർന്ന് കോട്ടയം മുൻസിഫ് കോടതിയിൽ കോളജ് നൽകിയ കേസിൽ 1982ൽ നിരുപാധികം ഒഴിപ്പിക്കാൻ വിധിയുണ്ടായി. മാത്യു ആവശ്യപ്പെട്ടതിനാൽ സാവകാശം നൽകുകയും തുടർന്ന് നടപടി നീളുകയുമായിരുന്നു.
സമീപകാലത്ത് ഇദ്ദേഹം കൂടുതൽ സ്ഥലം കൈയേറാൻ ശ്രമിക്കുകയും അന്യായമായി വൈദ്യുതി എടുക്കുകയും ചെയ്തതിനാൽ വീണ്ടും കേസ് കോടതിയിലെത്തി. പ്രശ്നപരിഹാരത്തിന് നിരവധി തവണ കോളജും സി.എസ്.ഐ മാനേജ്മെന്റും ശ്രമിച്ചെങ്കിലും ആരുടെയോ ഇടപെടൽ മൂലം ഇവർ പിൻവാങ്ങുകയാണ് ചെയ്തത്. കോളജിന് പിന്നിൽ റോഡരികിൽ അഞ്ചു സെന്റ് സ്ഥലവും 800 ചതുരശ്രയടി വീടും നിർമിച്ചു നൽകാമെന്നും അല്ലെങ്കിൽ മുനിസിപ്പൽ അതിർത്തിയിൽ അഞ്ച് സെന്റ് സ്ഥലം വാങ്ങി നൽകാമെന്നുമായിരുന്നു മാനേജ്മെന്റ് മുന്നോട്ടുവെച്ച നിർദേശം. അത് അംഗീകരിച്ച അദ്ദേഹം അടുത്ത സിറ്റിങ്ങിൽ മാറ്റി പറയുകയാണുണ്ടായത്. ബേക്കർജങ്ഷനിൽനിന്ന് 400 മീറ്റർ അകലെ, വഴി സൗകര്യമുള്ള 10 സെന്റ് സ്ഥലവും 800 ചതുരശ്രയടി വാർപ്പുവീടും നിർമിച്ചുനൽകാമെന്ന മൂന്നാമത്തെ നിർദേശത്തിൽനിന്നും മാത്യു പിന്മാറി. കോളജിന്റെ ഗേറ്റിലൂടെ വരുകയും പോകുകയും ചെയ്തു വന്നിരുന്ന ഇദ്ദേഹത്തെ കോളജോ മാനേജ്മെന്റോ തടഞ്ഞിട്ടില്ല. സ്ഥലം കൈയേറി വഴിവെട്ടിയതിനെ തുടർന്ന് കോടതിയിൽനിന്ന് സ്റ്റേ വാങ്ങുകയായിരുന്നു. മാത്യുവിനും സഹോദരിക്കും മെച്ചപ്പെട്ട ജീവിതസാഹചര്യം നൽകാൻ സി.എസ്.ഐ മധ്യകേരള മഹായിടവക തയാറാണെന്നും അധ്യക്ഷൻ ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാനും ഭാരവാഹികളും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.