കൗതുകമായി സൂര്യന് ചുറ്റും പ്രഭാവലയം
text_fieldsകോട്ടയം: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സൂര്യന് ചുറ്റും പ്രഭാവലയം ദൃശ്യമായി. പാമ്പാടി, മീനടം, പുതുപ്പള്ളി, കറുകച്ചാൽ ഭാഗങ്ങളിലാണ് പ്രഭാവലയം പ്രത്യക്ഷപ്പെട്ടത്. ഈ കൗതുക കാഴ്ച നിരവധിപേർ മൊബൈൽ ഫോണുകളിലടക്കം പകർത്തി. സമൂഹമാധ്യമങ്ങളിലും ഇത് വലിയതോതിൽ പ്രചരിച്ചു. വാർത്ത പ്രചരിച്ചതോടെ വീടുകളിൽനിന്ന് പുറത്തിറങ്ങി പലരും കൗതുക ദൃശ്യം കണ്ടു. സൂര്യനെ നോക്കുന്നത് കണ്ണുകൾക്ക് ദോഷരമാകുമെന്ന് പ്രചാരണമുണ്ടായി.ഏറെ നേരത്തിനുശേഷം വലയങ്ങൾ മാഞ്ഞു.
ഹാലോയെന്ന് ശാസ്ത്രലോകം പറയുന്ന പ്രതിഭാസമാണ് ഇതെന്നാണ് ശാസ്ത്രനീരീക്ഷകരുടെ നിഗമനം. മേഘ കണികകളിൽ സൂര്യന്റെയോ ചന്ദ്രന്റെയോ പ്രകാശ കിരണങ്ങൾ തട്ടുമ്പോഴാണ് ഹാലോ പ്രതിഭാസമുണ്ടാകുന്നത്. പ്രഭാവലയം ഹാലോയുടെ സാധാരണ രൂപമാണ്. നിറമുള്ളതോ വെളുത്തതോ ആയ വളയങ്ങൾ മുതൽ ആർക്കുകളും ആകാശത്തിലെ പാടുകളും ഒക്കെയായി ഹാലോസിന് പല രൂപങ്ങളുണ്ടാകും. അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ തോത് വർധിക്കുമ്പോഴും ഈ പ്രതിഭാസം ഉണ്ടാകാറുണ്ടെന്ന് ഇവർ പറയുന്നു.
സൗരവലയം ദൃശ്യമായ സ്ഥലങ്ങളിൽ വെള്ളിയാഴ്ച നല്ല മഴ ലഭിച്ചിരുന്നു. ഇതുമൂലം അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ തോത് വർധിച്ചതിനെ തുടർന്നാണ് ഹാലോ പ്രതിഭാസം ഉണ്ടായതെന്നാണ് നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.