നഗരത്തിൽ ഓട്ടോസവാരി തോന്നുംപടി
text_fieldsകോട്ടയം: നഗരത്തിൽ പുതുതായി എത്തുന്ന യാത്രക്കാരെ അമിത ഓട്ടോചാർജ് ഈടാക്കി ചൂഷണം ചെയ്യുന്നതായ പരാതി വ്യാപകം. യാത്രാക്കാരിൽനിന്നും അമിതചാർജ് ഈടാക്കുകയും മീറ്റർ ഘടിപ്പിച്ചിട്ടും അത് പ്രവർത്തിപ്പിക്കാതെയും മതിയായ രേഖകളില്ലാതെയും ഫിറ്റ്നസ് പുതുക്കാതെയും ഡ്രൈവിങ് ലൈസൻസ് ഇല്ലാതെയും നിരവധി ഓട്ടോറിക്ഷകൾ നഗരത്തിൽ സർവിസ് നടത്തുന്നുണ്ട്.
കൃത്യമായ യാത്രക്കൂലി എത്രയെന്ന് അറിയാത്തതുമൂലം പലപ്പോഴും യാത്രക്കാര് ചൂഷണം ചെയ്യപ്പെടുകയാണ്. നഗരത്തിൽ പെർമിറ്റ് ഇല്ലാതെയുള്ള ഓട്ടോ സവാരികൾ വർധിക്കുന്നതായും ആക്ഷേപമുണ്ട്. മറ്റ് ഓട്ടോറിക്ഷാ സ്റ്റാൻഡുകളിൽനിന്നും റെയിൽവേ സ്റ്റേഷനിലേക്ക് സവാരിയുമായി എത്തുന്നവർ അവിടെ കാത്തുനിന്ന് പുതിയ യാത്രക്കാരുമായി മടങ്ങുന്നത് വാക്കുതർക്കത്തിലും കൈയേറ്റത്തിലുമാണ് കലാശിക്കുന്നത്.
മിനിമം കൂലി 30 രൂപയാണെന്നിരിക്കെ ഒരേയിടത്തേക്ക് തന്നെ തോന്നിയ ചാർജാണ് ഓരോ ഓട്ടോറിക്ഷ ഡ്രൈവർമാരും ഈടാക്കുന്നത്. ചോദിച്ചത് നൽകിയില്ലെങ്കിൽ ഭീഷണിയും. നഗരത്തിൽ സവാരിയെ ചൊല്ലി ഓട്ടോഡ്രൈവർമാർ തമ്മിലുള്ള സംഘർഷം നിത്യസംഭവമാണ്.
നഗരത്തിലൂടെയുള്ള മിക്ക ഓട്ടോറിക്ഷകളുടെയും ഓട്ടം തോന്നിയപടിയാണ്. ട്രാഫിക് സിഗ്നലുകളോ സീബ്രാ ലൈനുകളോ ഇവർക്ക് ബാധകമല്ലെന്ന മട്ടിലാണ് നഗരത്തിലൂടെ പായുന്നത്.
ബസ് ഉൾപ്പെടെയുള്ള ഭാരവാഹനങ്ങളുടെ വലത് വശത്തുകൂടെ കടന്നുപോവുക, ഡിവൈഡറുകളുടെ ഇടയിലൂടെ റോഡിന്റെ മറു സൈഡിലേക്ക് കടക്കുക, ഇറക്കമുള്ള വളവിൽ അശ്രദ്ധമായി വണ്ടിതിരിക്കുക തുടങ്ങിയവയാണ് ചിലരുടെ മറ്റ് വിനോദപരിപാടികൾ. ഭൂരിഭാഗം ഡ്രൈവർമാരും യൂനിയൻ അംഗങ്ങളായതിനാൽ നടപടി സ്വീകരിക്കാൻ അധികൃതർ മടിക്കുകയാണ്.
സർവിസ് നിലച്ച് പ്രീപെയ്ഡ് ഓട്ടോ കൗണ്ടർ
കോട്ടയം: നഗരത്തിലെ പ്രീപെയ്ഡ് ഓട്ടോ സർവിസ് നിലച്ചു. റെയിൽവേ സ്റ്റേഷൻ, നാഗമ്പടം ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലായിരുന്നു പ്രീപെയ്ഡ് ഓട്ടോ ടാക്സി കൗണ്ടറുകൾ ഉണ്ടായിരുന്നത്.
വർഷങ്ങളായി ഇത് പ്രവർത്തനരഹിതമാണ്. ഇതോടെ യാത്രാകൂലിയും യാത്രക്കാരുടെ രാത്രികാലയാത്രയും പ്രതിസന്ധിയിലായി. രാത്രിയിൽ ട്രെയിൻ വന്നിറങ്ങിയിരുന്ന യാത്രക്കാർക്ക് ഏറെ സഹായകമായിരുന്നു പ്രീപെയ്ഡ് ഓട്ടോ ടാക്സി സർവിസ്. ഇങ്ങനെ പോകുന്ന വാഹനത്തിന്റെ വിവരങ്ങൾ രേഖപ്പെടുത്തുന്നതിനാൽ രാത്രിയിലും ഭയമില്ലാതെ യാത്രക്കാർക്ക് യാത്രചെയ്യാം.
നഗരപരിധിക്കുള്ളിൽ കുറഞ്ഞനിരക്കിൽ യാത്രചെയ്യാൻ സാധിക്കുമായിരുന്നു. നിലവിലുള്ള ചാർജിനെ അപേക്ഷിച്ച് സാധാരണക്കാരന് ആശ്വാസമായിരുന്നു പ്രീപെയ്ഡ് സർവീസ്. തുച്ഛമായ നിരക്കിൽ യാത്രചെയ്യുന്നത് നഷ്ടമാണെന്നാണ് ഓട്ടോ ഡ്രൈവർമാരുടെ പ്രതികരണം. കൂടാതെ വർധിച്ചുവരുന്ന ഇന്ധനവിലയും പ്രതികൂലമായി ബാധിച്ചു. കൂലി സംബന്ധിച്ച് യാത്രക്കാരും ചില ഡ്രൈവർമാർ തമ്മിലുണ്ടാകുന്ന വാക്കുതർക്കവും സംവിധാനത്തെ പ്രതികൂലമായി ബാധിച്ചു.
നാഗമ്പടം ബസ് സ്റ്റാൻഡിന് സമീപത്തെ കൗണ്ടർ ഇപ്പോഴും അനാഥമായി നിലനിൽക്കുന്നു. സ്ത്രീകളടങ്ങുന്ന യാത്രക്കാർക്ക് സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്നതിന് പ്രീപെയ്ഡ് ഓട്ടോ സർവിസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.