പതിവ് മുടക്കാതെ അവറാച്ചൻ ചേട്ടൻ എത്തി, ഉഴുന്നാടയും തേൻമിഠായിയുമായി
text_fieldsകോട്ടയം: വെള്ളൂത്തുരുത്തിയിലെ അവറാച്ചൻ ചേട്ടൻ 63 വർഷമായി പാക്കിൽ സംക്രമ വാണിഭമൈതാനത്തെ സ്ഥിരംമുഖമാണ്. വെള്ളൂത്തുരുത്തിയിൽനിന്നും ഉഴുന്നാടയും തേൻമിഠായിയുമായി എത്തുന്ന അവറാച്ചൻ ചേട്ടൻ ഇത്തവണയും പതിവ് മുടക്കിയില്ല. ‘‘14ാം വയസ്സിൽ കാരണവന്മാരുടെ കൂടെ വന്ന് തുടങ്ങിയതാ ഇവിടെ, ഇപ്പോ വയസ്സ് 78 ആയി, മക്കൾ ഒക്കെ നല്ല നിലയിലെത്തി...എങ്കിലും, പതിവ് മുടക്കാതെ എല്ലാ കൊല്ലവും ഇവിടെ വരും, നമ്മൾ വീട്ടിലുണ്ടാക്കുന്ന ഉഴുന്നാട വാങ്ങാൻ എല്ലാവർഷവും ഇവിടെ എത്തുന്നവരുണ്ട്. അവരെയൊക്കെ കാണുമ്പോ ഒരു സന്തോഷമാണ്’’. - അവറാച്ചൻ ചേട്ടൻ പറയുന്നു. എട്ട് വർഷം മുമ്പ് വരെ മറ്റ് സ്റ്റാഫുകളുമായിട്ടാണ് ഇദ്ദേഹം വന്നുകൊണ്ടിരുന്നത്. കാലക്രമേണ വരവ് ഒറ്റക്കായി.
പാക്കിലുണ്ട് പഴമ
പഴമ വിളിച്ചോതി പാക്കനാരുടെ സ്മരണയിൽ പാക്കിൽ വാണിഭത്തിന് തുടക്കമായി. തഴപ്പായ, ഈറ്റകൊണ്ടുള്ള കുട്ട, മൺകലം, ചട്ടി, ചെടിച്ചട്ടി, കത്തി, ചെറുതും വലുതുമായ അരകല്ലുകൾ, പറ, നാഴി, ചെങ്ങഴി അളവുപാത്രങ്ങൾ, പാതാളക്കരണ്ടി, ആവണിപ്പലക, അടച്ചുകുറ്റി, പീഠം, തടിപ്പലക, ചിരട്ടതവി, തൂമ്പ, വെട്ടുകത്തി അങ്ങനെ പഴമക്കാർ മറക്കാത്തതും പുതുതലമുറക്ക് അറിവില്ലാത്തതുമായ നിരവധി ഉപകരണങ്ങൾ തുടങ്ങി ഒരുവീട്ടിലേക്ക് ആവശ്യമുള്ളതെല്ലാം ഇവിടെ കാണാം. വൈക്കം, തിരുവല്ല, കാവാലം തുടങ്ങി നാനാഭാഗത്തുനിന്നുമുള്ള വ്യാപാരികളാണ് ക്ഷേത്രമൈതാനത്ത് കച്ചവടത്തിന് എത്തിയിട്ടുള്ളത്. ഒരുമാസം നീണ്ടുനിൽക്കുന്ന പാക്കിൽവാണിഭത്തിന് എത്തിയാൽ ഉപ്പ് മുതൽ കർപ്പൂരം വരെയുള്ള സാധനങ്ങളുമായി വീട്ടിലേക്ക് മടങ്ങാം. പണ്ട് പാക്കിലെ വാണിഭം ഉത്സവത്തിന് തുല്യമായിരുന്നു. കർക്കടകം ഒന്നുമുതൽ രണ്ടാഴ്ച സാധനങ്ങൾ വാങ്ങാനെത്തുന്നവരുടെ തിക്കിത്തിരക്കാണ്. പഴയ നാട്ടകം ഗ്രാമപഞ്ചായത്ത് കാര്യാലയം മുതൽ പാക്കിൽ വരെ നീളുന്നതായിരുന്നു ഒരുകാലത്ത് സംക്രമവിപണി. കാലക്രമേണ ക്ഷേത്രമൈതാനത്ത് മാത്രമായി സംക്രമം ചുരുങ്ങി. ചിങ്ങം പുലരുന്നത് വരെയുള്ള പാക്കിൽ സംക്രമവാണിഭം കാർഷികസമൃദ്ധിയുടെയും പഴമയുടെയും ഓർമപുതുക്കലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.