കോട്ടയത്ത് പൊലീസുകാരെ മർദിച്ചവർക്ക് ജാമ്യം; സേനക്കുള്ളിൽ അമർഷം
text_fieldsകോട്ടയം: കുഴിയിൽ വീണ വാഹനം കരകയറ്റാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാരെയും സി.ഐ അടക്കം പൊലീസ് ഉദ്യോഗസ്ഥരെയും ആക്രമിച്ച് പരിക്കേൽപിച്ച പ്രതികൾക്ക് എളുപ്പത്തിൽ ജാമ്യം കിട്ടിയതിൽ സേനക്കുള്ളിൽ അമർഷം. തെരഞ്ഞെടുപ്പ് ദിവസം രാത്രി നഗരമധ്യത്തിൽ ചാലുകുന്നിലാണ് മദ്യപസംഘം യുവാക്കളെയും പൊലീസ് ഉദ്യോഗസ്ഥരെയും ആക്രമിച്ചത്. കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ എം.ജെ. അരുൺ, പൊലീസ് ഡ്രൈവർ ജോൺ എന്നിവർക്കാണ് പരിക്കേറ്റത്. പോളിങ് ഓഫിസറും എം.ജി സർവകലാശാല ജീവനക്കാരിയുമായ ഉദ്യോഗസ്ഥയുടെ വാഹനം റോഡിലെ കുഴിയിൽ വീണത് കയറ്റാൻ എത്തിയവരെയാണ് മദ്യലഹരിയിലായിരുന്ന സംഘം ആക്രമിച്ചത്.
അയ്മനം സ്വദേശി ആനന്ദ് കൃഷ്ണ, ഇയാളുടെ സഹോദരനും കോടതി ജീവനക്കാരനുമായ അരുൺ കൃഷ്ണ, മുണ്ടക്കയം സ്വദേശി ഹേമന്ദ് ചന്ദ്ര എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഇവർക്ക് കോടതിയിൽനിന്ന് എളുപ്പത്തിൽ ജാമ്യം നേടി പുറത്തുവരാൻ കഴിഞ്ഞതാണ് ഒരുവിഭാഗം പൊലീസുകാരെ ചൊടിപ്പിച്ചത്. പൊലീസുകാർക്കുപോലും സുരക്ഷിതമായി ജോലി ചെയ്യാനാവാത്ത സാഹചര്യം സൃഷ്ടിച്ചവർക്ക് മാതൃകപരമായ ശിക്ഷ വാങ്ങിനൽകാൻ പ്രോസിക്യൂഷന് കഴിയാത്തത് എന്തുകൊണ്ടാണെന്ന് ആലോചിക്കണമെന്നാണ് ഇവരുടെ വാദം. പൊലീസുകാർക്കൊപ്പം മർദനമേറ്റ നാട്ടുകാരിൽ ചിലർ നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.