ഓണത്തെ വരവേൽക്കാൻ തിരുവാർപ്പിൽ ബന്ദിപ്പൂക്കളൊരുങ്ങി
text_fieldsകോട്ടയം: ഓണത്തെ വരവേൽക്കാൻ ഇത്തവണയും തിരുവാർപ്പിൽ ബന്ദിപ്പൂക്കളൊരുങ്ങി. ക്ഷേത്രക്കുളത്തിന് സമീപം 20 സെന്റ് സ്ഥലത്താണ് മഞ്ഞയും ഓറഞ്ചും നിറമുള്ള ബന്ദിപ്പൂക്കൾ കണ്ണിന് ഉത്സവവിരുന്നൊരുക്കി വിരിഞ്ഞുനിൽക്കുന്നത്. പഞ്ചായത്ത് 15ാം വാർഡിലെ ചൈതന്യ തൊഴിലുറപ്പ് സംഘത്തിലെ തൊഴിലാളികളായ ജലജമ്മ, ബിജി, സൗമ്യ, സുമോൾ, ബിജി അജയൻ, സതി എന്നിവരാണ് ഉദ്യമത്തിനു പിന്നിൽ. കഴിഞ്ഞവർഷവും ഇവർ പൂകൃഷി നടത്തിയിരുന്നു. 15 സെന്റ് സ്ഥലത്താണ് 1000 ബന്ദി തൈകൾ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷിചെയ്തത്. പറമ്പ് വൃത്തിയാക്കാൻ ചെലവുവന്നതോടെ വലിയ ലാഭം കിട്ടിയില്ല. ഒരു കൃഷി കഴിഞ്ഞതിനാൽ ഇത്തവണ ആ ചെലവില്ല. കൃഷിഭവന്റെയും പഞ്ചായത്തിന്റെയും സഹായത്തോടെയാണ് ‘ഓണത്തിന് ഒരുകുട്ട പൂവ്’ എന്ന പദ്ധതിയുടെ ഭാഗമായുള്ള കൃഷി. പഞ്ചായത്തിന്റെ സബ്സിഡിയോടെ 2000 തൈകൾ വാങ്ങി നടുകയായിരുന്നു. കാലാവസ്ഥ അനുകൂലമായതോടെ കൃഷി മെച്ചപ്പെട്ടു. നിറയെ പൂക്കളുണ്ട്. നിരവധിപേരാണ് ഇവിടെ പൂക്കൾ വാങ്ങാൻ എത്തുന്നത്. കിലോക്ക് 200 രൂപക്കാണ് പൂക്കൾ വിൽക്കുന്നത്. ഓണമാവുമ്പോഴേക്കും വില കൂടുമെന്നാണ് പ്രതീക്ഷ. പൂകൃഷി കാണാനും ഫോട്ടോയെടുക്കാനും നിരവധിപേർ വരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.