പോത്തിറച്ചിക്ക് എന്താ വില... പലയിടത്തും തോന്നിയ വില
text_fieldsകോട്ടയം: പോത്തിറച്ചി വില നിയന്ത്രിക്കാനുള്ള ജില്ല പഞ്ചായത്ത് ഇടപെടൽ പാളിയതോടെ തോന്നുംവില. ക്രിസ്മസിന് ദിവസങ്ങൾ മാത്രംശേഷിക്കെ 360 മുതൽ 380 രൂപവരെയാണ് വില. നേരത്തേ ജില്ലയിൽ വില 320 രൂപയായി ഏകീകരിച്ച് ജില്ല പഞ്ചായത്ത് പ്രമേയം പാസാക്കിയിരുന്നു. ഇത് കലക്ടര്‍ക്കും മൃഗസംരക്ഷണ വകുപ്പിനും കൈമാറിയിരുന്നു. ഇതിെൻറ തുടർച്ചയായി ജില്ലയിലെ മുഴുവന്‍ പഞ്ചായത്ത് പ്രസിഡൻറുമാര്‍ക്കും മുനിസിപ്പല്‍ ചെയര്മാന്മാര്ക്കും പോത്തിറച്ചിക്ക് വില 320 രൂപയായി ഏകീകരിക്കണമെന്ന് നിര്‍ദേശിച്ചുള്ള കത്തും ജില്ല പഞ്ചായത്ത് ഭരണസമിതി കൈമാറിയിരുന്നു. എന്നാൽ, ഒരിടത്തും ഈ വിലയ്ക്ക് പോത്തിറച്ചി ലഭിക്കില്ല. ജില്ലയിൽ പല ഭാഗങ്ങളിലും പോത്തിറച്ചിക്ക് അമിതവില ഈടാക്കുന്നുെവന്ന പരാതി വ്യാപകമായതോടെയാണ് വില ഏകീകരണത്തിലേക്ക് കടന്നത്. എന്നാൽ, ഇതിനെതിരെ വ്യാപാരികൾ രംഗത്തെത്തിയിരുന്നു. വില ഏകീകരിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്നായിരുന്നു ഇവരുെട നിലപാട്.
അയൽ സംസ്ഥാനങ്ങളിൽനിന്ന് വലിയ വിലയ്ക്കാണ് പോത്തുകളെ എത്തിക്കുന്നത്. ഇതിെൻറ ചെലവ് കുറക്കാൻ നടപടി വേണമെന്നും വ്യാപാരികളുടെ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ, മാഞ്ഞൂർ, മുളക്കുളം പഞ്ചായത്തുകൾ വില ഏകീകരിച്ചിരുന്നു. ഇതിനെതിരെ ഇറച്ചി വ്യപാരികൾ ഹൈകോടതിയെ സമീപിക്കുകയും കോടതി ഉത്തരവിന് സ്റ്റേ അനുവദിക്കുകയും ചെയ്തു. തദേശസ്ഥാപനങ്ങൾക്ക് വില നിർണയിക്കാൻ അധികാരമില്ലെന്നായിരുന്നു കോടതി ഉത്തരവ്. ഇതോടെ ജില്ല പഞ്ചായത്തിെൻറ വിലകുറക്കാനുള്ള നീക്കങ്ങളും നിലച്ചു.
മാസങ്ങൾക്ക് മുമ്പ് ജില്ലയിലെ അമിത വിലയുമായി ബന്ധപ്പെട്ട് ജില്ല പഞ്ചായത്ത് പ്രസിഡൻറിന് മുന്നില്‍ കോട്ടയം മുളക്കുളം സ്വദേശി കെ.വി. ജോര്‍ജ് സമർപ്പിച്ച നിവേദനം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇറച്ചിക്ക് അടിമാലിയില്‍ 300/320 രൂപ, പെരുമ്പാവൂരില്‍ 320 രൂപ, വരാപ്പുഴയില്‍ 280 രൂപ, എറണാകുളത്തും പരിസരപ്രദേശങ്ങളിലും 300 രൂപ, ചാലക്കുടിയില്‍ 280 രൂപ, തൃശൂരും പരിസരപ്രദേശങ്ങളിലും 280/300 രൂപ, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ 280/ 300 രൂപ. എന്നിങ്ങനെയിരിക്കെ കോട്ടയം ജില്ലയില്‍ മാത്രം നുറുക്കാത്ത ഒരു കിലോ പോത്തിറച്ചിക്ക് 380 രൂപയാണെന്നായിരുന്നു കത്ത്. ഇതോടെയാണ് വില ഏകീകരിക്കാനുള്ള ചർച്ചകൾക്ക് ജില്ല പഞ്ചായത്ത് ഭരണസമിതി തുടക്കമിട്ടതും പിന്നീട് പ്രമേയം പാസാക്കിയതും.
വില നിർണയിക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് അധികാരമില്ല –എം.എ. സലിം
ഇറച്ചിയുെട വില നിശ്ചയിക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് അധികാരമില്ലെന്ന് ഹൈകോടതിതന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് മീറ്റ് ഇൻഡസ്ട്രീസ് വെൽഫെയർ അസോ. ദേശീയ പ്രസിഡൻറ് എം.എ. സലിം പറഞ്ഞു. ഇക്കാര്യം വിശദീകരിച്ച് സർക്കാറും ഉത്തരവിറക്കിയിട്ടുണ്ട്. ഏകീകരണമെന്ന് പറയുന്നവർ ന്യായവിലക്ക് ഉരുക്കളെകൂടി ലഭ്യമാക്കിയാൽ അധികൃതർ പറയുന്ന വിലയ്ക്ക് നൽകാൻ തയാറാണ്. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വലിയ തുക നൽകിയാണ് ഇവയെ കൊണ്ടുവരുന്നത്. ഇത്തരം ചെലവുകൾ കണക്കിലെടുത്താണ് നിലവിലെ വില. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് മാടുകളെ കൊണ്ടുവരുേമ്പാൾ അതിർത്തികളിൽ ഗുണ്ടപിരിവ് നടക്കുന്നുണ്ട്. ഒരുലോഡിന് രണ്ടുലക്ഷംവരെയാണ് ഇവർ വ്യാപാരികളിൽനിന്ന് പിടിച്ചുപറിക്കുന്നത്. ഇത് അവസാനിപ്പിച്ചാൽ ബീഫിന് വിലകുറക്കാൻ കഴിയും. ഇതിൽ കേന്ദ്ര ഇടപെടലും അന്വേഷണവും വേണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. കന്നുകാലി വളർത്തൽ കുറഞ്ഞു. കാലികളെ കിട്ടാനും ഏെറ ബുദ്ധിമുട്ടാണ്. സർക്കാർ ഉടമസ്ഥതയിലുള്ള മീറ്റ്സ് പ്രൊഡക്റ്റ്സ് ഓഫ് ഇന്ത്യ പോലും 400 രൂപക്ക് മുകളിലാണ് വിൽക്കുന്നത്. എല്ലോടു കൂടിയുള്ള ഇറച്ചിയാണ് ചില ജില്ലകളിൽ 240 രൂപക്ക് കിട്ടുന്നത്. കോട്ടയത്ത് എല്ലില്ലാത്ത ഏറ്റവും മികച്ച ഇറച്ചിയാണ് നൽകുന്നത്. കോട്ടയത്തും എല്ലോടെ ഈ വിലക്ക് കൊടുക്കാൻ കഴിയും. കയറ്റുമതി കുറഞ്ഞുവെന്ന വാദങ്ങൾ ശരിയല്ല -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.