ബിലീവേഴ്സ് ചർച്ച് വർഷങ്ങളായി സാമ്പത്തിക പ്രതിസന്ധിയിൽ
text_fieldsതിരുവല്ല: ഗോസ്പൽ ഫോർ ഏഷ്യ, ബിലീവേഴ്സ് ചർച്ച് എന്നീ പേരുകളിൽ ബിഷപ് കെ.പി. യോഹന്നാെൻറ നേതൃത്വത്തിൽ നടക്കുന്ന പ്രസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലായിട്ട് വർഷങ്ങൾ. അമേരിക്ക, കാനഡ എന്നിവിടങ്ങളിൽനിന്നുള്ള ചാരിറ്റി ഫണ്ടായിരുന്നു സഭയുടെ പ്രധാന വരുമാന മാർഗം. ചാരിറ്റി ഇനത്തിൽ പിരിച്ച പണം മറ്റ് ആവശ്യങ്ങൾക്ക് വിനിയോഗിച്ചു എന്നുകാട്ടി അമേരിക്കയിൽ കേസ് വന്നതോടെ സഭെക്കതിരെ അവിടങ്ങളിൽ വലിയ പ്രചാരണം എതിരാളികൾ തുടങ്ങിയിരുന്നു.
അത് ഫണ്ട് വരവിനെ കാര്യമായി ബാധിച്ചു. അതിനു പിന്നാലെ മതസ്ഥാപനങ്ങൾ വിദേശ ഫണ്ട് സ്വീകരിക്കുന്നതിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന നിയന്ത്രണവും സഭക്ക് തിരിച്ചടിയായി. ഇതോടെ സഭ നടത്തിവന്ന ആത്മീയ യാത്ര ടി.വി ചാനൽ 2016ൽ പൂട്ടിയിരുന്നു.
പിന്നാലെ കാർമൽ എൻജിനീയറിങ് കോളജും പൂട്ടി. അമേരിക്കയിലെ ടെക്സസ് ആസ്ഥാനമായ ഗോസ്പൽ ഫോർ ഏഷ്യ ലോകെത്ത ഏറ്റവും വലിയ മിഷനറി പ്രസ്ഥാനങ്ങളിലൊന്നാണ് എന്നാണ് അവകാശപ്പെടുന്നത്. ഇന്ത്യയടക്കം പിന്നാക്കം നിൽക്കുന്ന ഏഷ്യൻ രാജ്യങ്ങളാണ് പ്രവർത്തന കേന്ദ്രം.
രാജ്യത്ത് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലാണ് സഭ മിഷനറി പ്രവർത്തനം പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത്.
ഹാരിസൺസ് മലയാളം കമ്പനിയുടെ പക്കൽനിന്ന് 2263 ഏക്കർ വരുന്ന ചെറുവള്ളി എസ്റ്റേറ്റ് വാങ്ങിയതോടെയാണ് സഭ പ്രതിസന്ധിയിലായത്. ചാരിറ്റിക്കായി സ്വരൂപിച്ച പണം മാറ്റി ചെലവഴിെച്ചന്ന് കാട്ടി അമേരിക്കയിൽ കേസിന് ആസ്പദമായതും ഈ ഭൂമി വാങ്ങലാണ്.
കോടികളാണ് ഭൂമിവാങ്ങുന്നതിനായി ചെലവഴിച്ചത്. പിന്നീടാണ് അത് ഉടമസ്ഥതാ തർക്കമുള്ള ഭൂമിയാണെന്ന് വെളിെപ്പട്ടത്. ഭൂമിയിടപാടിൽ ഹാരിസൺസ് മുന്നാധാരമായി പറഞ്ഞിരുന്ന ആധാരം ചെറുവള്ളിയുടേത് ആയിരുന്നില്ല. അതോടെ ഈ ഭൂമിയിടപാടിൽ സഭ പറ്റിക്കപ്പെട്ട നിലയിലായി. ഇൗ ഭൂമിയാണ് ഇപ്പോൾ ശബരിമല വിമാനത്താവളത്തിനായി സർക്കാർ ഏറ്റെടുക്കാൻ പദ്ധതിയിട്ടിരിക്കുന്നത്.
ഭൂമി വിമാനത്താവള പദ്ധതിക്കായി വിട്ടുനൽകി സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് കരകയറാനാണ് സഭ ശ്രമിക്കുന്നത്. അതിെൻറ ഭാഗമായാണ് ചെറുവള്ളി എസ്റ്റേറ്റ് വില നൽകി ഏറ്റെടുക്കാൻ സർക്കാർ ഉത്തരവിറക്കിയതെന്ന് ആക്ഷേപമുയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.