‘കുത്തഴിഞ്ഞ’ നഗരസഭക്ക് കുരുക്ക്; ജീവനക്കാർക്ക് കൂട്ടസ്ഥലം മാറ്റം
text_fieldsസ്വന്തം ലേഖകൻ
കോട്ടയം: ‘കുത്തഴിഞ്ഞ’ നഗരസഭയുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്ന നിലയിൽ ജീവനക്കാരുടെ കൂട്ടസ്ഥലം മാറ്റവും. പിടിപ്പുകേടിന്റെ ഉദാഹരണമായി മാറിയ കോട്ടയം നഗരസഭയുടെ പ്രവർത്തനത്തെ വീണ്ടും താളം തെറ്റിക്കുന്ന നിലയിലാണ് സ്ഥലംമാറ്റം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങിയപ്പാഴാണ് നഗരസഭയിലെ ഭൂരിപക്ഷം ജീവനക്കാർക്കും സ്ഥാനചലനമുണ്ടായത്.
120ലധികം ജീവനക്കാരിൽ 60ഓളം പേരെ സ്ഥലംമാറ്റിയിട്ടുണ്ട്. ക്ലർക്ക്, ഡ്രൈവർ തസ്തികയിൽ ഉള്ളവരുൾപ്പെടെ ബാക്കിയുള്ളവരുടെ സ്ഥലംമാറ്റ ഉത്തരവും ദിവസങ്ങൾക്കുള്ളിൽ പുറത്തിറങ്ങും. ഇപ്പോൾ സ്ഥലംമാറ്റിയവരിൽ കുറെ പേർ നഗരസഭയുടെ പ്രവർത്തനങ്ങളിൽ അസംതൃപ്തരായി സ്ഥലംമാറ്റം ആവശ്യപ്പെട്ടതാണെന്നാണ് വിവരം. മഴ ശക്തിയാർജിച്ച സാഹചര്യത്തിൽ കൂട്ടത്തോടെയുള്ള സ്ഥലം മാറ്റം നഗരസഭയെ സാരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടുന്നു.
പനിപടരുന്ന സാഹചര്യത്തിൽ ആരോഗ്യ വിഭാഗം ജീവനക്കാരെ മാറ്റിയതും പ്രതിരോധ പ്രവർത്തനത്തെ ബാധിക്കാനാണ് സാധ്യത. ഹെൽത്ത് സൂപ്പർവൈസർ ഉൾപ്പെടെയുള്ളവരെ സ്ഥലം മാറ്റിയിട്ടുണ്ട്. ആരോഗ്യവിഭാഗത്തിൽ 25 പേരിൽ അഞ്ച് ക്ലർക്കുമാർ ഒഴികെ മറ്റ് എല്ലാ ജീവനക്കാരെയും മാറ്റിയതായാണ് വിവരം. ഹെൽത്ത് ഇൻസ്പെക്ടർമാരെയെല്ലാം സ്ഥലം മാറ്റിയിട്ടുണ്ട്. മറ്റ് വിവിധ വിഭാഗങ്ങളിലെ ജീവനക്കാരെയും മാറ്റിയിട്ടുണ്ട്.
മൂന്ന് വർഷത്തിലധികം ഒരിടത്ത് ജോലി ചെയ്യുന്നവരെ മാറ്റാനുള്ള പൊതുതീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. എന്നാൽ, കോട്ടയം നഗരസഭയിൽ ഒന്നര വർഷം പോലും പൂർത്തിയാകാത്തവരും സ്ഥലം മാറ്റപ്പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. വലിയ രീതിയിൽ സ്ഥലംമാറ്റം പ്രതീക്ഷിക്കുന്നതിനാൽ ഫയലുകൾ ഉടൻ തീർപ്പാക്കി മേലുദ്യോഗസ്ഥർക്ക് കൈമാറാൻ നഗരസഭ സെക്രട്ടറി കഴിഞ്ഞ ദിവസം ജീവനക്കാർക്ക് നിർദേശം നൽകിയിരുന്നു.സാധാരണ സ്ഥലം മാറ്റത്തിനൊടുവിൽ പല ഫയലുകളും കാണാതാവുന്ന രീതിയുണ്ട്. ഇതൊഴിവാക്കാനായിരുന്നു സെക്രട്ടറിയുടെ ഇടപെടലെന്ന് സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.