ഭാഗ്യവിജയവുമായി ബിന്‍സി; വിമതയായി വന്നുകയറിയത് കോട്ടയത്തിന്റെ അമരത്ത്
text_fieldsകോട്ടയം: നാടകീയ നിമിഷങ്ങള്‍ക്കൊടുവില്‍ ഭാഗ്യവിജയവുമായി കോട്ടയത്ത് ബിന്‍സി സെബാസ്റ്റ്യൻ. യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച കോൺഗ്രസ് വിമത ബിന്‍സി നറുക്കിെൻറ ഭാഗ്യത്തിലാണ് കോട്ടയം നഗരസഭ ചെയർപേഴ്സനായി തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടു ഘട്ടമായി നടന്ന വോട്ടെടുപ്പില്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനും 22 വീതം വോട്ട് ലഭിച്ചതോടെയാണ് നറുക്കെടുപ്പ് നടന്നത്. ആദ്യറൗണ്ടിൽ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി ബിന്‍സിയും എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി ഷീജാ അനിലും എന്‍.ഡി.എ. സ്ഥാനാര്‍ഥിയായി റീബാ വര്‍ക്കിയും മത്സരിച്ചു.
ഇതിൽ യു.ഡി.എഫിനും എല്‍.ഡി.എഫിനും 22 വീതവും എന്‍.ഡി.എക്ക് ഏഴു വോട്ടും ലഭിച്ചു. കോവിഡ് പോസിറ്റീവായ ബി.ജെ.പി. അംഗം വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. കോവിഡ് സ്ഥിരീകരിച്ചതും ക്വാറൻറീനിലുമായ നാല്അംഗങ്ങള് പി.പി.ഇ കിറ്റ് ധരിച്ചെത്തിയാണ്വോട്ട് ചെയ്തത്. ഇതിലൊരാളെ ആശുപത്രിയിൽനിന്ന് ആംബുലൻസിൽ നഗരസഭ അങ്കണത്തിൽ എത്തിക്കുകയായിരുന്നു.
രണ്ടാംഘട്ടത്തിൽ കുറഞ്ഞവോട്ട് ലഭിച്ച എന്‍.ഡി.എയെ ഒഴിവാക്കി വീണ്ടും തെരെഞ്ഞടുപ്പ് നടത്തിയപ്പോഴും വോട്ടുകള്‍ തുല്യനിലയായി. തുടര്‍ന്ന് നറുക്കെടുപ്പിൽ ഭാഗ്യം ബിന്‍സിക്കൊപ്പം നിന്നു. 52ാം വാര്‍ഡില്‍ നിന്നാണ് ബിന്‍സി തെരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് വിമതയായി മത്സരിക്കുകയായിരുന്നു.
എൽ.ഡി.എഫ്-22, യു.ഡി.എഫ്-21, എൻ.ഡി.എ-എട്ട്, സ്വതന്ത്ര-ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില. ഇതോടെ ഏകസ്വതന്ത്രയായ ബിൻസിയുടെ പിന്തുണ നിർണായകമായി. തുടർന്ന് ഇരുമുന്നണികളും നടത്തിയ വടംവലിക്കൊടുവിൽ ബിൻസിയുടെ പിന്തുണ യു.ഡി.എഫ് ഉറപ്പിച്ചു. ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഇടപെട്ടാണ് ഇവരെ ഒപ്പംനിർത്തിയത്. അഞ്ചുവർഷം ചെയർപേഴ്സൻ പദവിയായിരുന്ന യു.ഡി.എഫ് വാഗ്ദാനം.
നറുക്കില്ലാതെ വൈസ് ചെയര്മാൻ
അധ്യക്ഷയെ കണ്ടെത്താൻ നറുക്കെടുപ്പ് വേണ്ടിവന്ന കോട്ടയം നഗരസഭയിൽ വൈസ് ചെയര്മാന് വിജയിച്ചത് ഭാഗ്യപരീക്ഷണമില്ലാതെ. ഉച്ചക്കുശേഷം നടന്ന വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിലും സമാനരംഗങ്ങൾ ആവർത്തിക്കുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും ഒരു വോട്ടിന് യു.ഡി.എഫിലെ ബി. ഗോപകുമാർ (കോൺഗ്രസ്) തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ കോട്ടയത്ത് ചെയർമാൻ, ൈവസ് ചെയർമാൻ സ്ഥാനങ്ങൾ യു.ഡി.എഫിനായി.
കോവിഡ് പോസിറ്റിവായ എല്‍.ഡി.എഫ് അംഗം വോട്ട് ചെയ്യാതിരുന്നതാണ് ഗോപകുമാർ ജയിക്കാനിടയാക്കിയത്. കോവിഡ് പോസിറ്റിവായ ഈ അംഗം രാവിലെ ചെയർപേഴ്സൻ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തിരുന്നു. ന്യൂമോണിയ ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഇവിടെനിന്ന് തിങ്കളാഴ്ച രാവിലെ ആംബുലന്‍സില്‍ ഡോക്ടര്‍, നഴ്സ് ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പം ഇദ്ദേഹത്തെ നഗരസഭ അങ്കണത്തിൽ എത്തിച്ചു. ഇവിടെയെത്തി വരണാധികാരി വോട്ട് രേഖപ്പെടുത്തുകയായിരുന്നു. ഉച്ചയോടെ ആരോഗ്യനില മോശമാകുകയും വോട്ടിങ്ങിനുമുമ്പ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ഇതോടെ യു.ഡി.എഫിന് 22 വോട്ടുകൾ ലഭിച്ചു. എൽ.ഡി.എഫിേൻറത് 21 ആയി കുറഞ്ഞു. സി.പി.എമ്മിലെ ജിബി ജോണായിരുന്നു എതിരാളി.
നറുക്കിെനാപ്പം കോവിഡും
നറുക്കിെൻറ ആകാംക്ഷക്കൊപ്പം കോട്ടയം നഗരസഭ ചെയർമാൻ, ൈവസ് ചെയർമാൻ തെരഞ്ഞെടുപ്പുകളിൽ നിറഞ്ഞത് നാടകീയത. ടോസിെൻറ പിരിമുറുക്കത്തിനൊപ്പം കോവിഡും കളംനിറഞ്ഞു. ആകാംക്ഷക്കിടെ തിങ്കളാഴ്ച രാവിലെ 11ഓടെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾക്ക് തുടക്കമായി.
യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ബിന്‍സി സെബാസ്റ്റ്യെൻറ പേര് മുൻ നഗരസഭ അധ്യക്ഷ ഡോ. പി.ആര്. സോന നിര്‍ദേശിച്ചു. സാബു മാത്യു പിന്താങ്ങി. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ ഷീജ അനിലിനെ ജോസ് പള്ളിക്കുന്നേല്‍ നിര്‍ദേശിച്ചു, എന്‍.എന്‍. വിനോദ് പിന്താങ്ങി. എന്‍.ഡി.എ സ്ഥാനാര്‍ഥിയായ റീബ വര്‍ക്കിയെ ശങ്കരന് നിര്‍ദേശിച്ചപ്പോള്‍ വിനു ആര്. മോഹന്‍ പിന്താങ്ങി.
വോട്ടെടുപ്പില്‍ ആദ്യഘട്ടത്തില്‍ എന്‍.ഡി.എക്ക് ഏഴ് വോട്ട് മാത്രം കിട്ടിയതോടെ മുന്നണിയെ ഒഴിവാക്കി വീണ്ടും വോട്ടെടുപ്പ്. അപ്പോഴും യു.ഡി.എഫിനും എല്‍.ഡി.എഫിനും വോട്ട് തുല്യനിലയിലായതോടെ നറുക്കെടുപ്പില്‍ ബിന്‍സി അധ്യക്ഷയായി. സമാനനിലയിൽ വൈസ് ചെയർമാൻ തെരഞ്ഞെടുപ്പും നറുക്കെടുപ്പിലേക്ക് നീങ്ങുമെന്നതിനാൽ ഭാഗ്യം മറിച്ചായാൽ എന്താകുമെന്ന ആശങ്ക യു.ഡി.എഫ് മുഖങ്ങളിൽ നിറഞ്ഞിരുന്നു.
എന്നാൽ, ചെയർപേഴ്സൻ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത കോവിഡ് ബാധിതനായ എല്‍.ഡി.എഫ് കൗൺസിലർക്ക് ആശുപത്രിയിലേക്കു തിരിച്ചു പോകേണ്ടി വന്നതോടെ യു.ഡി.എഫിനു മേല്‍ക്കൈയായി. ഒരു വോട്ടിെൻറ ഭൂരിപക്ഷത്തില്‍ ഗോപകുമാര്‍ ജയിച്ചു. ഇത് യു.ഡി.എഫിന് ആശ്വാസമായി. സി.പി.എമ്മിലെ ജിബി ജോണായിരുന്നു എതിരാളി.
കോവിഡും തെരഞ്ഞെടുപ്പിൽ നാകീയത തീർത്തു. അധ്യക്ഷ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ മൂന്ന് അംഗങ്ങള്‍ പി.പി.ഇ കിറ്റ് ധരിച്ചാണ് എത്തിയത്. മറ്റൊരാള്‍ ആംബുലന്‍സില്‍ ഡോക്ടർക്കൊപ്പമായിരുന്നു വോട്ടിനെത്തിയത്.
ക്വാറൻറീനിലായതിനാല്‍ യു.ഡി.എഫിലെ രണ്ട് അംഗങ്ങളും പിതാവ് കോവിഡ് ബാധിച്ചു മരിച്ചതിനെത്തുടര്‍ന്ന് എല്‍.ഡി.എഫിലെ ഒരംഗവുമാണ് പി.പി.ഇ കിറ്റ് ധരിച്ചെത്തി വോട്ട് ചെയ്തത്. ഇവര്‍ക്കായി ഒരു മുറി തയാറാക്കിയിരുന്നു. ഇവിടെയത്തി ഇവരുടെ വോട്ട് ശേഖരിച്ചു.
കോവിഡ് പോസിറ്റിവായതിനു പിന്നാലെ ന്യുമോണിയ ബാധിച്ച എല്‍.ഡി.എഫ് അംഗം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് ആംബുലന്‍സില്‍ ഡോക്ടര്‍, നഴ്സ് ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പമാണ് എത്തിയത്. ഇദ്ദേഹം രാവിലെ വോട്ട് ചെയ്തെങ്കിലും ഉച്ചകഴിഞ്ഞു ആരോഗ്യനില മോശമായതോടെ ആശുപത്രിയിലേക്കു മാറ്റി. കോവിഡ് പോസിറ്റിവായ ബി.ജെ.പി അംഗം വോട്ട് ചെയ്യാന്‍ എത്തിയതുമില്ല.
യു.ഡി.എഫിനോട് ചേർന്നുനിൽക്കും –ബിന്‍സി സെബാസ്റ്റ്യൻ
എല്ലാവരുമായി സഹകരിച്ച് മുന്നോട്ടുപോകുമെന്ന് കോട്ടയം നഗരസഭ അധ്യക്ഷ ബിന്‍സി സെബാസ്റ്റ്യൻ. എല്ലാവരുടെയും സഹകരണവും പിന്തുണയും പ്രതീക്ഷിക്കുന്നു. വേർതിരിവുകൾ കാട്ടാത്ത മുഴുവൻ കൗൺസിലർമാർക്കുമൊപ്പം ഒറ്റക്കെട്ടായി മുന്നോട്ടുേപാകാനാണ് ശ്രമിക്കുക. നഗരസഭയിലെ 52 വാര്‍ഡിനും തുല്യപരിഗണന നല്‍കുമെന്നും അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
നഗരസഭ അധ്യക്ഷ സ്ഥാനത്തെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഈശ്വരെൻറ അനുഗ്രഹം തുണയായി. യു.ഡി.എഫ് സംവിധാനത്തിനൊപ്പം ചേർന്നുനിൽക്കും. റോഡ്, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ക്കാകും മുന്‍ഗണന. സ്ത്രീ സംരക്ഷണം ഉറപ്പാക്കുന്നതിനാവശ്യമായ ക്ഷേമപദ്ധതികള്‍ വിഭാവനം ചെയ്യും. കുടിവെള്ളം, മാലിന്യസംസ്കരണം തുടങ്ങിയ കാര്യങ്ങളില്‍ പഠിച്ച ശേഷം പ്രതികരിക്കാമെന്നായിരുന്നു ബിന്‍സിയുടെ മറുപടി. വിജയിച്ച പിന്നാലെ ബിൻസിയെ അഭിനന്ദിച്ച് എതിർസ്ഥാനാർഥിയായിരുന്ന എൽ.ഡി.എഫിലെ ഷീജ അനിൽ രംഗത്ത് എത്തിയത് കൈയടിയും നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.