പക്ഷിപ്പനി: കോഴി, താറാവ് വളർത്തൽ നിരോധനം; പുല്ലുവില കൽപിക്കാതെ തെരുവിൽ വിൽപന
text_fieldsകോട്ടയം: പക്ഷിപ്പനിയെത്തുടർന്ന് കോഴി, താറാവ് വളർത്തൽ താൽക്കാലികമായി നിരോധിച്ച ജില്ലയിൽ ഇതര സംസ്ഥാനത്ത് നിന്നെത്തിച്ച കോഴി, താറാവ് എന്നിവയുടെ അനധികൃത കച്ചവടം വ്യാപകം. കോട്ടയം, ചങ്ങനാശ്ശേരി, വൈക്കം താലൂക്കുകളിലാണ് ഡിസംബർ 31വരെ പക്ഷിവളർത്തലും വിപണനവും നിരോധിച്ച് മൃഗസംരക്ഷണ വകുപ്പ് ഉത്തരവിട്ടത്. എന്നാൽ, ജില്ലയിലെ പലയിടത്തും അന്തർസംസ്ഥാന ലോബിയുടെ കച്ചവടം പൊടിപൊടിക്കുകയാണ്. ഇതിനെതിരെ നടപടി സ്വീകരിക്കാൻ മൃഗസംരക്ഷണ വകുപ്പ് തയാറാകുന്നില്ലെന്ന വിമർശനം രൂക്ഷമാണ്. വകുപ്പിന്റെ ഉത്തരവിനെ തുടർന്ന് സർക്കാർ അംഗീകൃത ഹാച്ചറികളിൽപോലും കോഴി, താറാവ് കുഞ്ഞുങ്ങളുടെ ഉൽപാദനം നടത്തിയിട്ടില്ല.
സാധാരണ ക്രിസ്മസ് വിപണി ലക്ഷ്യമിട്ടുള്ള ഉൽപാദനം നടക്കേണ്ട സമയമാണിത്. കർഷകർ ബുക്ക് ചെയ്യുന്നതനുസരിച്ചാണ് മുട്ട വിരിയിച്ച് കുഞ്ഞുങ്ങളെ നൽകുന്നത്. എന്നാൽ, നിരോധന ഉത്തരവിനെത്തുടർന്ന് മേഖലയിലെ ഒരു ഹാച്ചറികളിലും കുഞ്ഞുങ്ങളെ വിരിയിച്ചിറക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് തമിഴ്നാട്ടിൽനിന്ന് കൂട്ടത്തോടെ കച്ചവടക്കാർ എത്തിയിരിക്കുന്നത്. നിരോധിത മേഖലയിലടക്കം ഇവർ വഴിയോരക്കച്ചവടം നടത്തുകയാണ്. മോട്ടോർസൈക്കിളിൽ എത്തിച്ച് പ്ലാസ്റ്റിക് നെറ്റിനുള്ളിലാക്കി കൂട്ടത്തോടെ നിർത്തിയാണ് കച്ചവടം. വാക്സിനേഷൻ നൽകിയ കുഞ്ഞുങ്ങളെ മാത്രമേ വിൽക്കാവൂ എന്ന സർക്കാർ മാനദണ്ഡം പാലിക്കാതെയാണ് കച്ചവടം തകർക്കുന്നത്. തമിഴ്നാട്ടിൽനിന്ന് എത്തിക്കുന്ന പക്ഷികൾക്ക് വാക്സിനേഷൻ നൽകിയോ എന്നുപോലും പരിശോധിക്കാൻ മൃഗസംരക്ഷണ വകുപ്പ് തയാറാകുന്നില്ലെന്ന് കർഷകർ കുറ്റപ്പെടുത്തുന്നു.
ക്രിസ്മസ് വിപണിയിൽ പ്രതീക്ഷയർപ്പിച്ച നൂറുകണക്കിന് കർഷകർക്കാണ് നിരോധന ഉത്തരവ് തിരിച്ചടിയായത്. അതിനിടെ പക്ഷിപ്പനിയുടെ പേരിൽ കോട്ടയം താലൂക്കിനെയും ഉൾപ്പെടുത്തിയതിനെതിരെ കടുത്ത പ്രതിഷേധം നിലനിൽക്കുന്നുണ്ട്. കോഴി കർഷകരെയാണ് കോട്ടയം താലൂക്കിൽ നിരോധനം ഏറ്റവുമധികം ബാധിക്കുന്നത്. മൂന്ന് താലൂക്കുകളിൽ കോട്ടയത്ത് ഒരുതവണ മാത്രമാണ് പക്ഷിപ്പനി റിപ്പോർട്ട് ചെയ്തത്. അതും മണർകാട്ടെ സർക്കാർ ഹാച്ചറിയിൽ മാത്രം. ഒന്നിലേറെ തവണ രോഗം സ്ഥിരീകരിക്കപ്പെട്ട താലൂക്കുകൾക്കൊപ്പം ഒറ്റത്തവണ രോഗം വന്ന കോട്ടയം താലൂക്കിനെ ഉൾപ്പെടുത്തിയ തീരുമാനം പുനഃപരിശോധിക്കണം എന്ന ആവശ്യവും ശക്തമാണ്. നിരോധനം നടപ്പാക്കിയിട്ടും ഇതര സംസ്ഥാനക്കാർ എങ്ങനെ ഇവിടെ കച്ചവടം നടത്തുന്നു എന്നും കർഷകർ ചോദിക്കുന്നു.
ഇപ്പോൾ നടപ്പാക്കുന്ന നിരോധനം കേന്ദ്രത്തിന്റെ കണ്ണിൽ പൊടിയിടാനുള്ള നടപടിയാണെന്ന് കർഷക കോൺഗ്രസ് ജില്ല സെക്രട്ടറി എബി ഐപ്പ് ആരോപിച്ചു. വാക്സിനേഷൻ നൽകാത്ത പക്ഷികളുടെ വഴിയോരക്കച്ചവടം അന്തർ സംസ്ഥാന ലോബികളും സംസ്ഥാന മൃഗസംരക്ഷണവകുപ്പും ചേർന്നുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും അനധികൃത കച്ചവടം നിർത്തലാക്കി നിരോധനം പൂർണമായി നടപ്പാക്കാൻ മൃഗസംരക്ഷണ വകുപ്പ് പരിശോധന കർശനമാക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു. രോഗപ്രതിരോധ നടപടിയും ഫലപ്രദമായില്ല. അതിന് പിന്നാലെയാണ് മൂന്ന് താലൂക്കിൽ ഡിസംബർ 31വരെ താറാവ്, കോഴി വളർത്തൽ നിരോധിച്ചത്. പക്ഷിവളർത്തൽ നിരോധനം വന്നതിനെ തുടർന്ന് ജില്ലയിൽനിന്ന് നിരവധി കർഷകർ വടക്കൻ ജില്ലകളിലേക്കും പാലക്കാട്, കോയമ്പത്തൂർ എന്നിവിടങ്ങളിലേക്കും കുടിയേറിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.