പക്ഷിപ്പനി നിയന്ത്രണം; സ്ക്വാഡ് രൂപവത്കരിക്കാൻ തീരുമാനം
text_fieldsകോട്ടയം: പക്ഷിപ്പനി നിയന്ത്രണത്തിന്റെ ഭാഗമായി പക്ഷികളുടെ നീക്കം തടയാൻ ഗതാഗതം, മൃഗസംരക്ഷണം, പൊലീസ്, തദ്ദേശ സ്വയംഭരണം, ആരോഗ്യം എന്നീ വകുപ്പ് എന്നിവയുടെ സംയുക്ത സ്ക്വാഡ് രൂപവത്കരിക്കാൻ തീരുമാനം. പക്ഷിപ്പനി നിയന്ത്രണത്തിന്റെ ഭാഗമായി കോട്ടയം, ചങ്ങനാശ്ശേരി, വൈക്കം താലൂക്കുകളെ പൂർണമായും നിയന്ത്രണമേഖലയായി പ്രഖ്യാപിച്ച് സർക്കാർ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ച സാഹചര്യത്തിൽ തുടർനടപടികൾ ചർച്ച ചെയ്യാൻ കലക്ടർ ജോൺ വി. സാമുവലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ധാരണ.
കോട്ടയം, വൈക്കം, ചങ്ങനാശ്ശേരി താലൂക്കുകളിൽ ഡിസംബർ 31 വരെ കോഴി, താറാവ്, കാട ഉൾപ്പെടെയുള്ള വളർത്തുപക്ഷികളെ നിയന്ത്രണമേഖലക്ക് അകത്തേക്കു കൊണ്ടുവരാനോ പുറത്തേക്കു കൊണ്ടുപോകാനോ പാടില്ല. നിയന്ത്രണമേഖലയിൽ പ്രവർത്തിക്കുന്ന ഫാമുകളിൽ പുറത്തുനിന്നു വിരിയിച്ച കോഴിക്കുഞ്ഞുങ്ങളെയോ താറാവ്, കാട ഉൾപ്പെടെയുള്ള വളർത്തുപക്ഷികളെയോ കൊണ്ടുവരാൻ പാടില്ല. ഡിസംബർ 31 വരെ ഈ താലൂക്കുകളിലേക്കും വളർത്തുപക്ഷികളുടെ വിതരണം നടത്തരുതെന്ന് പക്ഷികളെ കൊണ്ടുവരുന്ന എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ഏജൻസി/ഇന്റഗ്രേറ്റർ /ഹാച്ചറികൾക്കു നിർദേശം നൽകാനും തീരുമാനിച്ചു.
അഡീഷനൽ ജില്ല മജിസ്ട്രേറ്റ് ബീന പി. ആനന്ദ്, ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ. കെ.എം. വിജിമോൾ, ജില്ല മെഡിക്കൽ ഓഫിസർ ഡോ. എൻ. പ്രിയ, ചീഫ് വെറ്ററിനറി ഓഫിസർ ഡോ. സജീവ്കുമാർ, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. മായ ജയിംസ്, മൃഗസംരക്ഷണ വകുപ്പ് ജില്ല എപ്പിഡോമോളജിസ്റ്റ് ഡോ. എസ്. രാഹുൽ, ആർ.ടി.ഒ കെ. അജിത്കുമാർ, തദ്ദേശ സ്വയംഭരണ വകുപ്പ് അസി. ഡയറക്ടർ ജി. അനീസ്, ജില്ല സപ്ലൈ ഓഫിസർ സ്മിത ജോർജ്, ഡെപ്യൂട്ടി ജില്ല മെഡിക്കൽ ഓഫിസർ ഡോ. ജെസി ജോയ് സെബാസ്റ്റ്യൻ, തഹസിൽദാർമാരായ എസ്.എൻ. അനിൽകുമാർ, എ.എൻ. ഗോപകുമാർ, സ്പെഷൽ ബ്രാഞ്ച് എസ്.ഐ അരുൺ തോമസ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.