കോട്ടയത്ത് മൂന്നിടത്ത് പക്ഷിപ്പനി
text_fieldsകോട്ടയം: ജില്ലയിലെ ആർപ്പൂക്കര, വെച്ചൂർ, നീണ്ടൂർ എന്നിവിടങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി കലക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു.
പാടശേഖരങ്ങളിൽ പാർപ്പിച്ച താറാവുകളും കോഴികളും കൂട്ടത്തോടെ ചത്തതിനെത്തുടർന്ന് ഭോപാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡീസിസസ് ലാബിൽ നടത്തിയ പരിശോധനയിലാണ് എച്ച്5എൻ1 സ്ഥിരീകരിച്ചത്. രോഗം കണ്ടെത്തിയ പ്രദേശത്തിന്റെ ഒരുകിലോമീറ്റർ ചുറ്റളവിലുള്ള 7400ഓളം പക്ഷികളെ മൃഗസംരക്ഷണ വകുപ്പിന്റെ മേൽനോട്ടത്തിൽ കൊന്ന് സംസ്കരിക്കും. ഇവിടെ അണുനശീകരണം നടത്താനുള്ള നടപടി സ്വീകരിക്കും.
വൈക്കം, കോട്ടയം, ഏറ്റുമാനൂർ എന്നീ നഗരസഭകൾ, വെച്ചൂർ, കുറുപ്പുന്തറ, തലയാഴം, തലയോലപ്പറമ്പ്, കല്ലറ, നീണ്ടൂർ, ടി.വി പുരം, ഉദയനാപുരം, കുമരകം, ആർപ്പൂക്കര, അയ്മനം, അതിരമ്പുഴ എന്നീ ഗ്രാമപഞ്ചായത്തുകളിലും കോഴി, താറാവ്, കാട, മറ്റു വളർത്തുപക്ഷികൾ എന്നിവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) എന്നിവയുടെ വിൽപനയും കടത്തലും (ഡിസംബർ 23 മുതൽ) മൂന്നുദിവസത്തേക്ക് നിരോധിച്ച് കലക്ടർ ഉത്തരവായി.
രോഗബാധയേറ്റ മൂന്നുമുതൽ അഞ്ചുദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണിക്കുകയും കൂട്ടത്തോടെയുള്ള മരണം ഉണ്ടാവുകയും ചെയ്യും. സാധാരണ ഈ വൈറസുകൾ മനുഷ്യരിലേക്ക് പകരാറില്ലെങ്കിലും ജാഗ്രത വേണം. മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്ഥാപനങ്ങൾ, റവന്യൂ, പൊലീസ്, വനംവകുപ്പ്, ആരോഗ്യവകുപ്പ്, ഫയർ ആൻഡ് റെസ്ക്യൂ എന്നീ വകുപ്പുകളുടെ ഏകോപിപ്പിച്ചുള്ള പ്രവർത്തനത്തിന് കലക്ടർ നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.