പക്ഷിപ്പനി; ഒരുവർഷം പിന്നിട്ടിട്ടും നഷ്ടപരിഹാരത്തിനായി കാത്തിരിപ്പ്
text_fieldsകോട്ടയം: പക്ഷിപ്പനിയെത്തുടർന്ന് മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ കൊന്നൊടുക്കിയ താറാവുകൾക്കുള്ള നഷ്ടപരിഹാരം ഒരുവർഷം പിന്നിട്ടിട്ടും വിതരണം ചെയ്തില്ല. ഏഴു ദിവസത്തിനുള്ളിൽ തുക വിതരണം ചെയ്യുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. എന്നാൽ, കർഷകർക്ക് ഇതുവരെ പണം ലഭിച്ചിട്ടില്ല.
ജില്ലയിൽ 88 കർഷകർക്കായി 51 ലക്ഷത്തിലധികം രൂപയാണ് നൽകാനുള്ളത്. ആർപ്പൂക്കര, തലയാഴം, വെച്ചൂർ, നീണ്ടൂർ, കല്ലറ, ചെമ്പ്, പനച്ചിക്കാട് എന്നീ ഏഴു പഞ്ചായത്തിലായി 4892 താറാവുകളെയാണ് കഴിഞ്ഞ ഡിസംബറിൽ ദയാവധം നടത്തിയത്. ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് വളർത്തിയ താറാവുകളെയാണ് കൂട്ടമായി കൊന്നൊടുക്കിയത്. രോഗം സ്ഥിരീകരിച്ച പ്രദേശത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെയാണ് കൊന്നൊടുക്കിയത്.
60 ദിവസത്തിനു മുകളിൽ പ്രായമായ താറാവുകൾക്ക് 200 രൂപയും അതിനു താഴെയുള്ളവക്ക് 100 രൂപയുമാണ് നഷ്ടപരിഹാരം നിശ്ചയിച്ചിരുന്നത്. എന്നാൽ, തുക ഇതുവരെ വിതരണം ചെയ്യാൻ മൃഗസംരക്ഷണ വകുപ്പ് തയാറായിട്ടില്ല. തുക വൈകുന്നത് വായ്പയെടുത്ത കർഷകരെയാണ് പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. കർഷകർ പലിശക്കും സ്വകാര്യ ബാങ്കുകളിൽനിന്ന് വായ്പയെടുത്തുമാണ് പ്രതീക്ഷയോടെ താറാവുകളെ വളർത്തിയത്. ബാങ്കുകളിൽ നിന്നെടുത്ത വായ്പയുടെ പലിശയടക്കാൻ പോലും കഴിയുന്നില്ലെന്ന് കർഷകർ പറയുന്നു. പലതവണ അധികൃതർക്ക് പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
സാമ്പത്തിക പ്രതിസന്ധിയാണ് തുക വിതരണം ഇത്തവണ വൈകാൻ കാരണമെന്നാണ് സൂചന. നഷ്ടപരിഹാരത്തിന്റെ 60 ശതമാനം സംസ്ഥാനവും 40 ശതമാനം കേന്ദ്രവുമാണ് നൽകുന്നത്.
കഴിഞ്ഞതവണ കൊന്നൊടുക്കി മൂന്ന് ആഴ്ചകൾക്കുള്ളിൽ നഷ്ടപരിഹാരം നൽകിയിരുന്നു. സർക്കാർ മൃഗസംരക്ഷണ വകുപ്പിന് നൽകിയ വിവിധ ഫണ്ടുകൾ എടുത്തായിരുന്നു നഷ്ടപരിഹാരത്തുക വിതരണം ചെയ്തത്.
ഇത്തവണ കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം സർക്കാർ വകുപ്പിന് വേണ്ടത്ര ഫണ്ട് അനുവദിച്ചിട്ടില്ല. ഇതാണ് തിരിച്ചടിയായത്. മുൻ വർഷങ്ങളിലെ കേന്ദ്ര വിഹിതത്തിൽ നല്ലൊരു തുക ലഭിക്കാനുണ്ടെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. നഷ്ടപരിഹാരമായി നാമമാത്ര തുകയാണ് ലഭിക്കുന്നതെന്ന ആക്ഷേപവും കർഷകർക്കുണ്ട്.
തീറ്റക്കും പ്രതിരോധ വാക്സിനും ഉൾപ്പെടെ ഒരു താറാവിന് 350 രൂപയോളം ചെലവാകാറുണ്ട്. മൂന്നര മാസമാകുമ്പോൾ താറാവിന് 1.5 മുതൽ 2.5 കിലോവരെ തൂക്കം വെക്കും. കിലോക്ക് 350 രൂപ നിരക്കിലാണ് വിൽക്കുന്നത്. എന്നാൽ, സർക്കാർ നൽകുന്നത് 200 രൂപ മാത്രമാണ്. ഇതുപോലും കൃത്യമായി നൽകാത്തത് ക്രൂരതയാണെന്നും കർഷകർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.