പക്ഷിപ്പനി; ജില്ലയിലും ജാഗ്രത, കണക്കെടുപ്പ്
text_fieldsകോട്ടയം: ഹരിപ്പാട്ട് പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ജില്ലയിലും മൃഗസംരക്ഷണ വകുപ്പിന്റെ ജാഗ്രത നിര്‍ദേശം. താറാവുകള്‍ ദേശാടനപ്പക്ഷികളുമായി ഇടപഴകാനുള്ള സാധ്യത കണക്കിലെടുത്ത് കായല്‍ നിലങ്ങളില്‍ താറാവുകളെ തീറ്റാന്‍ കൊണ്ടുപോകുന്നത് തൽക്കാലം നിര്‍ത്തിവെക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് കർഷകർക്ക് നിർദേശം നല്കി.
മുൻവർഷങ്ങളിൽ ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനു പിന്നാലെ കോട്ടയത്തിന്റെ കായൽമേഖലകളിലും രോഗം കണ്ടെത്തിയിരുന്നു. ആയിരക്കണക്കിന് താറാവുകളെയാണ് വിവിധ വർഷങ്ങളിലായി കൊന്നൊടുക്കിയത്. ദേശാടനപ്പക്ഷികളില്‍നിന്നാണ് രോഗം പടരുന്നതെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ വിലയിരുത്തൽ. കേരളത്തിൽ മാത്രമല്ല, ദേശാടനപ്പക്ഷികൾ എത്തുന്ന സമയങ്ങളിൽ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും രോഗം സ്ഥിരീകരിക്കുന്നുണ്ടെന്ന് ഇവർ പറയുന്നു. മനുഷ്യരിലേക്ക് രോഗം പടരാൻ സാധ്യതയുള്ളതിനാൽ അതിജാഗ്രത പുലർത്തണമെന്നും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. രാജ്യത്ത് ഒരാൾ മരണപ്പെടുന്ന സാഹചര്യം നേരത്തേ ഉണ്ടായതായും ഇവർ ചൂണ്ടിക്കാട്ടുന്നു.
അപ്പര്‍ കുട്ടനാട് മേഖലയില്‍ വരുന്ന കുമരകം, അയ്മനം, ആര്‍പ്പൂക്കര, വെച്ചൂര്‍, നീണ്ടൂര്‍, തലയാഴം പഞ്ചായത്തുകളിലാണ് ജില്ലയിൽ താറാവ് കൃഷിയേറെയുള്ളത്. ഈ പ്രദേശങ്ങൾ വകുപ്പിന്റെ കര്‍ശന നിരീക്ഷണത്തിലാണ്. ഇത്തരം മേഖലകളിലെ താറാവുകളുടെ എണ്ണം ശേഖരിക്കാനുള്ള നടപടിയും തുടങ്ങിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചാൽ എത്രത്തോളം നഷ്ടമുണ്ടാകുമെന്ന് കണ്ടെത്താനാണ് വിവരശേഖരണം. മുൻ വർഷങ്ങളിൽ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നതായും ആക്ഷേപമുണ്ടായിരുന്നു. ഇതിന് പരിഹാരം കാണാൻ കൂടി ലക്ഷ്യമിട്ടാണ് താറാവുകളുടെ കൃത്യമായ വിവരം ശേഖരിക്കുന്നത്. മൃഗാശുപത്രികൾ മുഖേനയാണ് കണക്കെടുപ്പ്.
നിലവില്‍ രോഗലക്ഷണങ്ങളോ അസ്വാഭാവിക സാഹചര്യമോ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അസ്വാഭാവിക സാഹചര്യത്തില്‍ താറാവുകള്‍ ചാകുന്നതോടെ തൂങ്ങിനില്‍ക്കുന്നതോ ശ്രദ്ധയിൽപെട്ടാല്‍ ഉടന്‍ അറിയിക്കണമെന്നും കര്‍ഷകര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടിയന്തര സാഹചര്യമുണ്ടായാല്‍ പ്രതിരോധിക്കാന്‍ മൃഗസംരക്ഷണ വകുപ്പ് സജ്ജമാണെന്നും അധികൃതര്‍ അറിയിച്ചു. മൃഗാശുപത്രികൾക്കും ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
2014ലാണ് ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ആദ്യമായി പക്ഷിപ്പനി സ്ഥിരീകരിച്ചത്. മുമ്പ് നൂറിലേറെ കര്‍ഷകര്‍ ജില്ലയില്‍ താറാവ് കൃഷിയില്‍ സജീവമായിരുന്നു. എന്നാല്‍, തുടര്‍ച്ചയായ വര്‍ഷങ്ങളിലെ തിരിച്ചടിമൂലം കര്‍ഷകരുടെ എണ്ണം വലിയതോതിൽ കുറഞ്ഞു.
രോഗലക്ഷണങ്ങള്‍ ഇവ
ശക്തമായ ശരീരവേദന, പനി, ചുമ, ശ്വാസംമുട്ടല്‍, ജലദോഷം, കഫത്തില്‍ രക്തം മുതലായവയാണ് രോഗലക്ഷണങ്ങള്‍.
രോഗപകര്‍ച്ചക്ക് സാധ്യതയുള്ള സാഹചര്യത്തിലുള്ളവര്‍ പനി, ജലദോഷം എന്നീ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ അടുത്തുള്ള ആരോഗ്യകേന്ദ്രത്തെയോ ആരോഗ്യ പ്രവര്‍ത്തകരെയോ സമീപിക്കണം.
ജനങ്ങൾ ജാഗ്രത പാലിക്കണം
ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ. വൈറസ് രോഗമായ പക്ഷിപ്പനി പക്ഷികളില്‍നിന്ന് പക്ഷികളിലേക്കാണ് പകരാറുള്ളത്. എന്നാല്‍, ചില ഘട്ടങ്ങളില്‍ മനുഷ്യരിലേക്കും പകരാന്‍ ഇടയുണ്ട്. മനുഷ്യരിലേക്ക് രോഗംവന്നാല്‍ ഗുരുതരമായേക്കാം.
കോഴി, താറാവ്, കാട, വാത്ത, ടര്‍ക്കി, അലങ്കാര പക്ഷികള്‍ തുടങ്ങി എല്ലാ പക്ഷികളെയും ഈ രോഗം ബാധിക്കാം. ഇവയുമായി അടുത്ത് ഇടപഴകുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം.
രോഗബാധയുണ്ടെന്ന് സംശയിക്കുന്ന പക്ഷികളെ കൈകാര്യം ചെയ്യുന്നവര്‍ കൈയുറ, മുഖാവരണം എന്നിവ ധരിക്കുകയും കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുകയും വേണം.
ചത്തുപോയ പക്ഷികള്‍, അവയുടെ മുട്ട, കാഷ്ഠം മുതലായവ ആഴത്തില്‍ കുഴിച്ചുമൂടുകയോ കത്തിക്കുകയോ ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.