പ്രയ്സ് ദ ലോഡ്, പ്രയ്സ് ദ ലോഡ്... ബിഷപ് ഫ്രാങ്കോയെ ആനയിച്ച് അനുയായികൾ; ധ്യാനകേന്ദ്രത്തിൽ പാട്ടുകുർബാന, നാട്ടിൽ പടക്കംപൊട്ടിക്കൽ
text_fieldsകോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കുറ്റക്കാരനല്ലെന്ന് കോടതി വിധിച്ച ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അനുയായികൾ ആനയിച്ചത് 'പ്രയ്സ് ദ ലോഡ്' വിളികളുമായി. 'സത്യം ജയിച്ചു' എന്ന് ഉറക്കെപ്പറഞ്ഞാണ് ബിഷപ് കോടതിയുടെ വാതിലിനുപുറത്തേക്ക് കടന്നത്.
പുറത്തെത്തിയതോടെ ബിഷപ്പിന്‍റെ പൊട്ടിക്കരച്ചിലുയർന്നു. കെട്ടിപ്പിടിച്ചും കരഞ്ഞും അനുയായികളുടെ സന്തോഷപ്രകടനങ്ങൾക്കിടെ കോടതിവരാന്തയിലൂടെ നടന്ന് കലക്ടറേറ്റ് ഓഫിസിനുമുന്നിൽ നിർത്തിയിട്ട കാറിലേക്ക്. ബിഷപ്പ് പുറത്തേക്ക് വരുന്നതറിഞ്ഞ മാധ്യമപ്രവർത്തകർ ഓടിയെത്തി വാഹനം വളഞ്ഞു. ആരോടും പ്രതികരിക്കാതെ ചിരിച്ച മുഖത്തോടെ കാറിൽ കയറി. 'പ്രൈസ് ദ ലോഡ്' വിളികളുമായി അനുയായികൾ ചുറ്റും കൂടി. പ്രതികരണം തേടിയ മാധ്യമപ്രവർത്തകരോട് കൈകൂപ്പി 'സത്യം ജയിച്ചു' എന്നാവർത്തിച്ചു.
കാറിനു ചുറ്റും കൂടിയവരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കിയാണ് വാഹനത്തിനുപോകാൻ വഴിയൊരുക്കിയത്. തുടർന്ന് കലക്ടറേറ്റിനുപുറത്തുകടന്ന് നേരെ എതിർവശത്തുള്ള ലൂർദ് ഫൊറോന പള്ളിയിൽ പ്രാർഥിച്ച് വീണ്ടും കാറിൽ കയറി കളത്തിപ്പടിയിലെ ക്രിസ്റ്റീൻ ധ്യാനകേന്ദ്രത്തിലേക്ക്. അവിടെ പ്രത്യേക പ്രാർഥനക്കുശേഷം പാട്ടുകുർബാന. കുടുംബാംഗങ്ങളും അനുയായികളുമെല്ലാം കുർബാനയർപ്പിച്ചു. അതിനുശേഷം തൃശൂർ മറ്റത്തെ കുടുംബവീട്ടിലേക്ക് യാത്രയായി. പടക്കം പൊട്ടിച്ചാണ് ബന്ധുക്കളും നാട്ടുകാരും തൃശൂരിൽ കുടുംബവീട്ടിലേക്ക് അദ്ദേഹത്തെ സ്വീകരിച്ചത്. തുടർന്ന് മാതാപിതാക്കളുടെ കല്ലറയിൽ പ്രാർഥന നടത്തി.
മാധ്യമപ്രവർത്തകരുടെ കണ്ണിൽപെടാതെ കോടതിയിൽ; വിധിച്ചത് ഒറ്റവരിയിൽ
രാവിലെ ഒമ്പതരയോടെയാണ് ബിഷപ് രണ്ട് സഹോദരന്മാർക്കും അനുയായിക്കുമൊപ്പം കോടതിയിലെത്തിയത്. കോടതിയുടെ മുന്നിൽനിന്നിരുന്ന മാധ്യമപ്രവർത്തകരുടെ കണ്ണിൽപെടാതെ കലക്ടറേറ്റ് സമുച്ചയത്തിന്‍റെ മുൻവാതിലിലൂടെ കയറിയാണ് കോടതിക്കകത്തെ ബെഞ്ചിലിരുന്നത്.
നിർവികാരമായിരുന്നു ബിഷപ്പിന്‍റെ മുഖം. ഇടക്കിടെ അടുത്തിരുന്ന സഹോദരന്‍റെ ചോദ്യങ്ങൾക്ക് മറുപടി നൽകി. കോടതിക്കകത്തേക്ക് കയറിവരുന്നവരെയോ പോകുന്നവരെയോ ശ്രദ്ധിക്കാതെ താഴേക്ക് നോക്കിയിരുന്നു. കൃത്യം 11ന് ജഡ്ജി ജി. ഗോപകുമാർ ചേംബറിലെത്തി. തുടർന്ന് കേസ് നമ്പറും ഫ്രാങ്കോയുടെ പേരും വിളിച്ചു. ഇതോടെ ബിഷപ് ഇരിപ്പിടത്തിൽനിന്ന് എഴുന്നേറ്റ് പിറകിലുള്ള പ്രതിക്കൂട്ടിൽ കയറി കൈകൾ കോർത്തുപിടിച്ച് നിന്നു. കോടതിമുറിയിലെ നിശ്ശബ്ദതക്കിടെ ജഡ്ജി ഫയലുകൾ പരിശോധിച്ചു. തുടർന്ന് ഒറ്റവരിയിൽ പ്രതിയെ വെറുതെവിട്ടിരിക്കുന്നു എന്ന വാചകംമാത്രം.
ഉടൻ കോടതിയിലെ നിശ്ശബ്ദതയെ ഭേദിച്ച് സന്തോഷാരവമുയർന്നു. കൂടിനിന്നവർക്ക് കാര്യം മനസ്സിലാവുംമുമ്പേ ബിഷപ്പിന്‍റെ അഭിഭാഷകരും അനുയായികളും പ്രതിക്കൂട്ടിനരികിലേക്ക് ഓടി. അവിടെനിന്ന് ബിഷപ്പിനെ ചേർത്തുപിടിച്ച് പുറത്തേക്ക്. ഇതിനിടയിൽ അഭിഭാഷകരിൽ പലരും കരഞ്ഞുകൊണ്ട് ബിഷപ്പിനെ കെട്ടിപ്പിടിക്കുന്നുണ്ടായിരുന്നു.
വിധിയിൽ ആഹ്ലാദം പ്രകടിപ്പിച്ച് സ്ത്രീകളടക്കം അണികൾ കലക്ടറേറ്റ് പരിസരത്ത് ലഡുവിതരണം നടത്തി. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ നിരപരാധിത്വത്തില്‍ വിശ്വസിച്ചവര്‍ക്കും നിയമസഹായം ചെയ്തുകൊടുത്തവര്‍ക്കും നന്ദി അറിയിക്കുന്നതായി ജലന്ധര്‍ രൂപതയുടെ പത്രപ്രസ്താവനയും വന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.