കോട്ടയത്തെ വോട്ട്ചോർച്ച: പരസ്പരം കുറ്റപ്പെടുത്തി ബി.ജെ.പിയും ബി.ഡി.ജെ.എസും
text_fieldsകോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടുചോർച്ചയിൽ പരസ്പരം കുറ്റപ്പെടുത്തി ബി.ജെ.പിയും ബി.ഡി.ജെ.എസും. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ജില്ലയിൽ ഒരുലക്ഷത്തോളം വോട്ടിെൻറ കുറവാണ് എൻ.ഡി.എക്കുണ്ടായിരിക്കുന്നത്. 2016ൽ 16.85 ശതമാനം വോട്ട് ലഭിച്ച ഇവരുടെ വോട്ടുവിഹിതം ഇത്തവണ 10.01 ആയി കുറഞ്ഞു.
ഏറെ പ്രതീക്ഷയോെട മത്സരിച്ച കാഞ്ഞിരപ്പള്ളിയിലടക്കം വോട്ടു കുറഞ്ഞതിൽ ബി.ഡി.ജെ.എസിനു നേരെയാണ് ബി.ജെ.പി നേതാക്കളുടെ സംശയമുന. എന്നാൽ, പൂഞ്ഞാറിലെയടക്കം വോട്ടുചോർച്ച ഉയർത്തിക്കാട്ടിയാണ് ബി.ഡി.ജെ.എസിെൻറ തിരിച്ചടി. പൂഞ്ഞാറിൽ ബി.ജെ.പിക്കാർ തനിക്ക് വോട്ട് ചെയ്തില്ലെന്നാരോപിച്ച് ബി.ഡി.ജെ.എസ് സ്ഥാനാർഥി എം.പി. സെൻ പരസ്യമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞതവണ ബി.ഡി.ജെ.എസ് സ്ഥാനാർഥി 19996 വോട്ട് പിടിച്ചപ്പോൾ ഇത്തവണത്തെ സ്ഥാനാർഥി എം.പി. സെന്നിനു കിട്ടിയത് 2965 വോട്ട്. 17031 വോട്ടിെൻറ കുറവ്. ബി.ജെ.പിക്കാർ വോട്ടുചെയ്തില്ലെന്ന് തുറന്നുപറഞ്ഞ സെൻ, ബി.െജ.പി പ്രാദേശിക നേതാക്കൾ അവരുടെ സ്ഥാനാർഥി പി.സി. ജോർജാണെന്ന തരത്തിലാണ് പ്രവർത്തിച്ചതെന്നും കുറ്റപ്പെടുത്തുന്നു.
വോട്ട് കുറഞ്ഞത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പാലായിലെ എൻ.ഡി.എ സ്ഥാനാർഥി ജെ. പ്രമീളാദേവി ബി.ജെ.പി ജില്ല നേതൃത്വത്തിന് കത്ത് നൽകി. പാലായിൽ 13952 വോട്ടിെൻറ കുറവാണുണ്ടായത്. ശബരിമല സമരകാലത്ത് കോൺഗ്രസിൽനിന്ന് ബി.ജെ.പിയിലെത്തിയ ജെ. പ്രമീളദേവിക്ക് 10869 വോട്ടേ നേടാനായൂള്ളൂ. കഴിഞ്ഞതവണ ബി.ജെ.പിയിലെ എൻ. ഹരിക്ക് 24,821 വോട്ടായിരുന്നു.
എറ്റുമാനൂരിൽ ബി.ഡി.ജെ.എസ് വോട്ടുകൾ ഇടതുസ്ഥാനാർഥി വി.എൻ. വാസവന് മറിഞ്ഞതായും ബി.ജെ.പി നേതാക്കൾ സംശയം പ്രകടിപ്പിക്കുന്നു. ആദ്യം മുതൽതന്നെ ഇടതിനെ സഹായിക്കുന്ന തരത്തിലുള്ള നിലപാടുകളാണ് ഏറ്റുമാനൂരിലുണ്ടായതെന്നും ഇവർ കുറ്റപ്പെടുത്തുന്നു. ബി.ഡി.ജെ.എസിന് വിട്ടുകൊടുത്ത സീറ്റിൽ ദുർബല സ്ഥാനാർഥികെള മത്സരിപ്പിക്കാൻ ശ്രമിച്ചു. ബി.ജെ.പി ഇടപെട്ടതോടെ ആദ്യസ്ഥാനാർഥിയെ പിൻവലിെച്ചങ്കിലും രണ്ടാമതു നിയോഗിച്ചത് വലിയതോതിൽ വോട്ട് സമാഹരിക്കാൻ കഴിയാത്തയാെളയായിരുന്നുവെന്ന് ഇവർ പറയുന്നു. പിന്നീട് സീറ്റ് ബി.െജ.പി ഏറ്റെടുക്കുകയും ടി.എൻ. ഹരികുമാർ സ്ഥാനാർഥിയാകുകയും ചെയ്തു. എന്നാൽ, ഏറ്റുമാനൂരിൽ കഴിഞ്ഞതവണത്തെക്കാൾ 13794 വോട്ടിെൻറ കുറവുണ്ടായി. കഴിഞ്ഞതവണ ബി.ഡി.ജെ.എസിലെ എ.ജി. തങ്കപ്പന് 27,540 വോട്ടായിരുന്നു. ഇത്തവണ ബി.ജെ.പിയിലെ ഹരികുമാറിന് 13746 വോട്ടാണ് ലഭിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ഡി.ജെ.എസ് കൂടുതൽ സജീവമായിരുന്നുവെന്ന് ബി.ജെ.പി പ്രാദേശിക നേതാക്കൾ കുറ്റപ്പെടുത്തുന്നു.
തെരഞ്ഞെടുപ്പിൽ ബി.ഡി.ജെ.എസ് കളത്തിലിറങ്ങിയില്ലെന്ന് ചങ്ങനാശ്ശേരിയിലെ എൻ.ഡി.എ സ്ഥാനാർഥി ജി. രാമൻനായരും ആരോപണം ഉന്നയിച്ചിട്ടുണ്ട്. ശബരിമല പ്രക്ഷോഭകാലത്ത് ബി.ജെ.പിയിലെത്തിയ രാമൻനായർക്ക് 14491വോട്ട് മാത്രമാണ് ലഭിച്ചത്. അവിടെ കഴിഞ്ഞതവണ ഏറ്റുമാനൂർ രാധാകൃഷ്ണന് 21455 വോട്ട് ലഭിച്ചിരുന്നു.
കാഞ്ഞിരപ്പള്ളിയിൽ അൽഫോൺസ് കണ്ണന്താനത്തിന് 2254വോട്ട് കുറഞ്ഞു. കഴിഞ്ഞതവണ ബി.ജെ.പി സ്ഥാനാർഥി വി.എൻ. മനോജിന് 31,411 വോട്ടുകിട്ടിയപ്പോൾ ഇത്തവണ കണ്ണന്താനം നേടിയത് 29,157 വോട്ട്. വൈക്കത്ത് ബി.ഡി.ജെ.എസിലെ അജിത സാബുവിന് കഴിഞ്ഞതവണ മത്സരിച്ച എൻ.കെ. നീലകണ്ഠനെക്കാൾ 18,114 വോട്ട് കുറഞ്ഞിട്ടുണ്ട്.
കടുത്തുരുത്തി, പുതുപ്പള്ളി അടക്കമുള്ളിടങ്ങളിലും ബി.ജെ.പി സ്ഥാനാർഥികൾക്ക് മുൻ തെരഞ്ഞെടുപ്പിനെക്കാൾ വോട്ടുകുറഞ്ഞു. കണക്കുകൾ പുറത്തുവന്നതോടെ ഇരുപാർട്ടികളും തമ്മിലുള്ള ഭിന്നതയും കടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.