മെഡിക്കൽ കോളജിൽ രക്തദാനം കുറഞ്ഞു; ആശങ്ക
text_fieldsഗാന്ധിനഗർ/കോട്ടയം: കോവിഡിനെ തുടർന്ന് ദാനം കുറഞ്ഞതോടെ കോട്ടയം മെഡിക്കൽ കോളജിൽ രക്തക്ഷാമം. നേരേത്ത വലിയതോതിൽ യുവാക്കളടക്കം ആശുപത്രിയിലെത്തി രക്തം ദാനം ചെയ്യുന്നത് പതിവായിരുന്നു. വിവിധ സംഘടനകളും രംഗത്ത് സജീവമായിരുന്നു. എന്നാൽ, ഇപ്പോൾ വലിയ കുറവാണുണ്ടായിരിക്കുന്നത്. ഇതോടെ
മെഡിക്കൽ കോളജിലെ രക്തബാങ്കിൽ പല ഗ്രൂപ്പുകളിലുമുള്ള രക്തത്തിനും ഇപ്പോൾ ക്ഷാമം അനുഭവപ്പെട്ടു തുടങ്ങി. വിവിധ ഡിപ്പാർട്മെൻറുകളിലായി ദിവസേന നിരവധി ശസ്ത്രക്രിയകളാണ് മെഡിക്കൽ കോളജിൽ നടക്കുന്നത്.
അപകടങ്ങളിൽപെട്ടും മറ്റും എത്തുന്ന രോഗികൾക്ക് അടിയന്തര ശസ്ത്രക്രിയ നടത്തേണ്ടതായി വരും. ഇവക്കെല്ലാം രക്തവും ആവശ്യമായി വരും. നിലവിലുള്ള സ്റ്റോക്കിൽനിന്നാണ് ഇപ്പോൾ ഇങ്ങനെയുള്ള ആവശ്യം നിറവേറ്റുന്നത്.
ഈ നില തുടർന്നാൽ രക്തത്തിനു കടുത്ത ക്ഷാമം അനുഭവപ്പെടുകയും ശസ്ത്രക്രിയകൾ തന്നെ മാറ്റിവെക്കേണ്ടി വരുകയും ചെയ്യും. ഇത് രോഗികളുടെ ജീവനുതന്നെ ഭീഷണിയാകും.
മെഡിക്കൽ കോളജിൽ സഞ്ചരിക്കുന്ന മെഡിക്കൽ ലാബുണ്ട്. ഈ വാഹനം പല സ്ഥലങ്ങളിൽ പോയി ക്യാമ്പുകൾ സംഘടിപ്പിച്ച് രക്തം ശേഖരിക്കാറുമുണ്ട്.
എന്നാൽ, കോവിഡ് മൂലം ഇതിനും കഴിയുന്നില്ല. ഇപ്പോൾ രോഗികളുടെ ബന്ധുക്കൾ സമൂഹമാധ്യമങ്ങൾ വഴി രക്തത്തിെൻറ ആവശ്യം ഉന്നയിച്ച് പോസ്റ്റുകൾ ഇടുകയാണ് ചെയ്യുന്നത്.
നെഗറ്റിവ് ഗ്രൂപ്പിൽപെട്ട രക്തം ലഭിക്കാനാണ് ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്.
രക്തം ദാനം ചെയ്യാൻ ഏറെപ്പേർ മുന്നോട്ടു വന്നെങ്കിൽ മാത്രമേ വിലപ്പെട്ട ജീവനുകൾ സംരക്ഷിക്കാൻ വിദഗ്ധരായ ഡോക്ടർമാർക്കും കഴിയൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.