മഴ കനിഞ്ഞു; കോടിമത ജെട്ടിയിൽ ബോട്ടുകൾക്ക് സുഖസവാരി
text_fieldsകോട്ടയം: മഴ കനിഞ്ഞതോടെ പോള നീങ്ങി. കോടിമത ജെട്ടിയിൽ ബോട്ടുകൾക്ക് സുഖസവാരി. പോളശല്യം രൂക്ഷമായതോടെ ജലഗതാഗത വകുപ്പിന്‍റെ ബോട്ട് സർവിസുകൾ കടുത്ത പ്രതിസന്ധിയിലായിരുന്നു.
കോടിമത ജെട്ടിയിൽ വെള്ളം കാണാൻ കഴിയാത്തവിധം പോള നിറഞ്ഞതോടെ ബോട്ട് അടുപ്പിക്കുന്നത് ജീവനക്കാർക്ക് വെല്ലുവിളിയായിരുന്നു. ഇതടക്കം ചൂണ്ടിക്കാട്ടി കോടിമതയിലെ പോള നീക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോട്ടയം നഗരസഭക്കും ജലസേചന വകുപ്പിനും ജലഗതാഗത വകുപ്പ് കത്ത് നൽകിയിരുന്നു.
എന്നാൽ, നടപടിയുണ്ടായില്ല. ഉടൻ ഇവ നീക്കിയില്ലെങ്കിൽ ശല്യം വർധിക്കുമെന്നും ബോട്ട് സർവിസ് നിർത്തിവെക്കേണ്ട സാഹചര്യമുണ്ടാകുമെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, കനാലിന്‍റെ ചുമതലയുള്ള വകുപ്പോ നഗരസഭയോ അനങ്ങിയില്ല. മുൻ വർഷങ്ങളിൽ നഗരസഭ ഫണ്ടിൽനിന്ന് ഇതിനായി പണം അനുവദിച്ചിരുന്നു. ഇത്തവണ നഗരസഭയും പായൽ 'കണ്ടില്ല'. ഇതിനിടെയാണ് കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയിലും കാറ്റിലും കോടിമതയിലെ പായൽ ഒഴുകിനീങ്ങിയത്. ഇതോടെ ബോട്ട് ജെട്ടി ഭാഗത്തെ പായൽ പൂർണമായി നീങ്ങി.
എന്നാൽ, ഇത് കോടിമതയിൽനിന്ന് ഒഴുകിനീങ്ങിയെങ്കിലും താഴെ ബോട്ട് പാതയിൽ തന്നെയാണെന്ന് എത്തിയതെന്ന് ജലഗതാഗത വകുപ്പ് ജീവനക്കാർ പറയുന്നു. താൽക്കാലിക ആശ്വാസംമാത്രമാണിത്. പ്രശ്നത്തിന് പൂർണപരിഹാരമായിട്ടില്ല. അടുത്ത ദിവസങ്ങളിലും മഴ ശക്തമായാൽ പോളയും പായലും ഒഴുകി കായലിലേക്ക് നീങ്ങിയേക്കാമെന്ന പ്രതീക്ഷയും ഇവർക്കുണ്ട്. പോളശല്യത്തെതുടർന്ന് ബോട്ടുകളുടെ യാത്ര വൈകുന്നത് പതിവായിരുന്നു. കോടിമതയിൽനിന്ന് പള്ളം കായല്‍ വഴി രണ്ടര മണിക്കൂര്‍കൊണ്ട് ആലപ്പുഴ എത്തിയിരുന്ന ബോട്ട് ഇപ്പോൾ മൂന്നുമണിക്കൂറിലധികം സമയമെടുക്കുന്നുണ്ട്. ഇത് സ്ഥിരം യാത്രക്കാർക്ക് തിരിച്ചടിയാണ്. പരീക്ഷ നടക്കുന്ന സമയമായതിനാൽ വിദ്യാർഥികളെയടക്കം ഇത് വലക്കുന്നുമുണ്ട്. കൂടുതൽ സമയമെടുക്കുന്നത് സഞ്ചാരികളെയും ബോട്ടുകളിൽനിന്ന് അകറ്റുകയാണ്.
അടുത്തിടെ പള്ളം കായൽ ഭാഗത്തും പോളശല്യം വർധിച്ചിരുന്നു. ഫെബ്രുവരി മുതല്‍ കോടിമത ജെട്ടിയിൽ ജലപാതയില്‍ പോളയും പുല്ലും നിറഞ്ഞിരുന്നു. അടുത്തിടെയാണ് പ്രതിസന്ധി രൂക്ഷമാക്കി പള്ളം ബ്ലോക്കിലും പോള തിങ്ങിനിറഞ്ഞത്. പഴുക്കാനില കായലിൽനിന്നാണ് കോടിമതയിലേക്ക് പോളകൾ എത്തുന്നത്. പോള നിറഞ്ഞ ജലപാതയിലൂടെ ബോട്ട് സര്‍വിസ് നടത്തുമ്പോള്‍ പ്രൊപ്പല്ലറില്‍ പുല്ലും പോളയും കുരുങ്ങി ബോട്ട് നിന്നുപോകുന്നത് പതിവാണ്. തുടർന്ന് ജീവനക്കാർ വെള്ളത്തിൽ മുങ്ങി ഇത് നീക്കിയശേഷമാണ് യാത്ര തുടരുന്നത്. വിനോദസഞ്ചാരമേഖലക്കും പോള തിരിച്ചടിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.