ആർക്കോ വേണ്ടി തിളച്ച് കിണറ്റിലെ വെള്ളം
text_fieldsകോട്ടയം: അടങ്ങിയൊതുങ്ങി കിടക്കേണ്ട സമയത്ത് തിളച്ചുമറിഞ്ഞ് കിണർ വെള്ളം. വാരിശ്ശേരിക്കടുത്ത് മള്ളൂശ്ശേരി കുഴിക്കാട്ടിൽ ടിന്റോ ജോസഫിന്റെ കിണറ്റിലാണ് അത്ഭുത പ്രതിഭാസം. ഉത്തരഖണ്ഡിലെ ജോഷിമഠിൽ കെട്ടിടങ്ങൾ ഇടിഞ്ഞു താഴുന്ന കാലമായതിനാൽ തിളക്കുന്ന കിണർ അതിവേഗം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു. വിവരമറിഞ്ഞ് കിണറിനു ചുറ്റും പെട്ടെന്ന് ആൾക്കൂട്ടമായി.
കിണറെങ്ങാൻ ഇടിഞ്ഞ് വീണാൽ ലൈവ് കൊടുക്കാൻ തയാറായി വ്ലോഗർമാരുമെത്തി. മാധ്യമപ്രവർത്തകരും ജാഗരൂകരായി. വെള്ളം തിളച്ചതിനൊപ്പം പുകകൂടി ഉയർന്നതോടെ വീട്ടുകാരും നാട്ടുകാരും ഞെട്ടി. കഴിഞ്ഞ ഒന്നാം തീയതി മുതൽ വെള്ളത്തിനു ചൂടുണ്ടായിരുന്നുവെന്നാണ് വീട്ടുകാർ പറയുന്നത്. ദുബൈയിൽനിന്ന് അവധിക്കു വന്ന ഗൃഹനാഥന് ഈ ചൂടൊന്നും ചൂടായി തോന്നിയതുമില്ല.
സംഭവമറിഞ്ഞ് നഗരസഭ കൗൺസിലർ ബിജുവും സംഘവുമെത്തി പരിശോധിച്ചപ്പോഴാണ് കാര്യം പിടികിട്ടിയത്. അയൽപക്കത്തെ വീട്ടുകാരുടെ മോട്ടോർ വെള്ളത്തിനടിയിൽ കിടപ്പുണ്ട്. അതും മുങ്ങിക്കിടക്കുന്ന ഇനത്തിൽപെട്ടത്. അത് ആത്മാർഥമായി പണിയെടുത്തതാണ് ദിവ്യാത്ഭുതമായി അനുഭവപ്പെട്ടത്. വെള്ളം പുറത്തേക്ക് ഒഴുക്കാനുള്ള ഹോസ് മോട്ടോറിൽനിന്ന് വിട്ടുപോയിരുന്നതിനാൽ കിണറ്റിലെ വെള്ളം കിണറ്റിലേക്കുതന്നെയാണ് പമ്പുചെയ്തുകൊണ്ടിരുന്നത്. മണിക്കൂറുകൾ പിന്നിട്ടപ്പോൾ മോട്ടോർ ചൂടായി, പിന്നെ വെള്ളവും. കിണറ്റിൽ നിന്ന് അങ്ങനെയാണ് ആവി പൊങ്ങിയത്. അയൽപക്കത്തുചെന്ന് മോട്ടോർ ഓഫാക്കിയിട്ടും പ്രവർത്തനം നിലച്ചില്ല.
അത് മറ്റൊരത്ഭുതമായി. ഒടുവിൽ ഫ്യൂസ് ഊരിയപ്പോഴാണ് യന്ത്രം നിലച്ചത്. മോട്ടോർ പൊക്കിയെടുത്ത് കരക്ക് കയറ്റിയതോടെ കിണർ ശാന്തനായി. മോട്ടോറിന് ഒരു കുഴപ്പവും ഇല്ല എന്നത് മറ്റൊരു കൗതുകം. വെള്ളം കൃഷിക്ക് ഉപയോഗിക്കാനാണ് അടുത്ത വീട്ടുകാർ ഈ കിണറ്റിൽ മേട്ടോർ സ്ഥാപിച്ചത്. മെയിൻ സ്വിച്ചുമായി ബന്ധിപ്പിച്ചിരുന്നതിനാൽ ഇത് ഓണായത് ആരും അറിഞ്ഞതുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.