വാഹനം വിട്ടുനൽകാൻ കൈക്കൂലി: പിടിയിലായ എസ്.ഐയെ റിമാൻഡ് െചയ്തു
text_fieldsകോട്ടയം: മോഷണക്കേസിൽപെട്ട വാഹനം ഉടമക്ക് വിട്ടുകൊടുക്കാൻ കൈക്കൂലി വാങ്ങിയതിന് വിജിലൻസ് പിടികൂടിയ ഗ്രേഡ് എസ്.ഐയെ കോടതി റിമാൻഡ് ചെയ്തു.
മാന്നാർ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ചങ്ങനാശ്ശേരിയിൽ താമസിക്കുന്ന മണ്ണഞ്ചേരി സ്വദേശി കെ.പി. ഷാജിമോനെയാണ് ഡിവൈ.എസ്.പി ഹരി വിദ്യാധരെൻറ നേതൃത്വത്തിൽ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകീട്ട് പായിപ്പാട് കവലക്ക് സമീപം റോഡരികിൽ ചങ്ങനാശ്ശേരി ഫാത്തിമാപുരം കുഴിവേലിൽ കണ്ണൻകാട്ടിൽ പി.എച്ച്. കബീറിൽ നിന്നും 2000 രൂപ വാങ്ങുമ്പോഴാണ് പിടിയിലായത്.
വിജിലൻസ് എസ്.പി വി.ജി. വിനോദ് കുമാറിനു കബീർ നൽകിയ പരാതിയെ തുടർന്നായിരുന്നു നടപടി. സ്വന്തമായി രണ്ട് ഗുഡ്സ് ഓട്ടോകളുള്ള കബീർ ഒന്ന് ലോക്ഡൗൺ തുടങ്ങിയപ്പോൾ വാടകക്ക് നൽകിയിരുന്നു. സെപ്റ്റംബർ ഏഴിന് വാഹനം ഒരു മോഷണക്കേസിൽ മാന്നാർ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികൾ ജാമ്യത്തിൽ ഇറങ്ങിയിട്ടും വാഹനം വിട്ടുനൽകാൻ പൊലീസ് തയാറായില്ല. ഷാജിമോൻ പല കാരണങ്ങൾ പറഞ്ഞു വാഹനം നൽകാതെ തിരിച്ചയക്കുകയും കേസിൽ തന്നെയും ഉൾപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തതായി കബീർ വിജിലൻസിനു നൽകിയ പരാതിയിൽ പറഞ്ഞു.
ഇതിനിടെ ഷാജിമോൻ കബീറിനോട് 5000 രൂപ ആവശ്യപ്പെട്ടു. 2000 രൂപ നൽകാമെന്നു പറഞ്ഞതനുസരിച്ച് പായിപ്പാട് വച്ചു പണം കൈമാറിയപ്പോൾ മുൻകൂട്ടിയെത്തിയ വിജിലൻസ് കൈയോടെ പിടികൂടുകയായിരുന്നു. കോവിഡ് പരിശോധന നടത്തിയശേഷമാണ് കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കിയത്. ഇൻസ്പെക്ടർമാരായ കെ.വി. ബെന്നി, എൻ. ബാബുക്കുട്ടൻ, എസ്.ഐമാരായ വിൻസെൻറ്, മനോജ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.