കൈക്കൂലി: വെറ്ററിനറി ഡോക്ടര്‍ വിജിലൻസ് പിടിയില്‍
text_fieldsകോട്ടയം: സർക്കാര്‍ ക്ഷീരകർഷകർക്ക് അനുവദിച്ച സബ്സിഡി തുക ലഭിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് നൽകുന്നതിന് 10,000 രൂപ കൈക്കൂലി വാങ്ങവെ മുളക്കുളം സർക്കാര്‍ മൃഗാശുപത്രിയിലെ ഡോക്ടർ അജോ ജോസഫിനെ വിജിലൻസ് അറസ്റ്റ് ചെയ്തു.
റീ ബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി ക്ഷീരകർഷകർക്ക് പശുക്കളെ വാങ്ങുന്നതിന് സർക്കാർ 50 ശതമാനം സബ്സിഡി അനുവദിച്ചിരുന്നു. ഈ തുക ലഭിക്കുന്നതിന് സർക്കാര്‍ വെറ്ററിനറി ഡോക്ടറുടെ സർട്ടിഫിക്കറ്റ് ആവശ്യമാണ്.
പരാതിക്കാരനായ മുളക്കുളം സ്വദേശിയായ ജോബി ജോസ് എന്ന ക്ഷീരകർഷകന് രണ്ട് പശുക്കളെ വാങ്ങുകയും സബ്സിഡി തുകക്കുള്ള സർട്ടിഫിക്കറ്റ് ലഭിക്കാന്‍ ഡോക്ടറെ സമീപിക്കുകയും ചെയ്തു. പശു ഒന്നിന് 5000 രൂപ വീതം നൽകിയാല് മാത്രമേ സർട്ടിഫിക്കറ്റ് നൽകൂവെന്ന് ഡോക്ടര്‍ നിർബന്ധം പിടിച്ചു.
രണ്ടു പശുക്കൾക്കുമായി 5000 രൂപ വരെ നൽകാമെന്ന് ജോബി ജോസ് പറഞ്ഞെങ്കിലും ഡോക്ടര്‍ സമ്മതിച്ചില്ല. തുടർന്ന് ജോബി വിവരം കോട്ടയം വിജിലൻസിനെ അറിയിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് 12.05ന് മുളക്കുളം മൃഗാശുപത്രിയില്‍ െവച്ച് പരാതിക്കാരനില്‍ നിന്നും 10,000 രൂപ വാങ്ങവെ കോട്ടയം വിജിലൻസ് പൊലീസ് സൂപ്രണ്ട് വി.ജി. വിനോദ് കുമാറിെൻറ നേതൃത്വത്തിലുള്ള സംഘം ഡോക്ടറെ അറസ്റ്റ് ചെയ്യുകയായിരുന്നു.
വിജിലൻസ് സംഘത്തിൽ റേഞ്ച് ഡിവൈ.എസ്.പി വിശ്വനാഥൻ, ഇൻസ്പെക്ടർമാരായ സജു എസ്. ദാസ്, റിജോ പി. ജോസഫ്, രാജന് കെ. അരമന, സബ് ഇൻസ്പെക്ടർ വിൻസൻറ് കെ. മാത്യു, അസി. സബ് ഇൻസ്പെക്ടർമാരായ സ്റ്റാൻലി തോമസ്, രാജേഷ് കുമാര്‍ എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.