പാണ്ടിയപ്പള്ളി-മാരാംകുഴി റോഡ്: അറ്റകുറ്റപ്പണി നടത്തിയിട്ട് വർഷങ്ങൾ; കണ്ണ് തുറക്കാതെ അധികൃതർ
text_fieldsകോട്ടയം: അകലക്കുന്നം പഞ്ചായത്തിലെ രണ്ടും മൂന്നും വാർഡിൽ ഉൾപ്പെടുന്ന പാണ്ടിയപ്പള്ളി-മാരാംകുഴി റോഡ് തകർന്നിട്ട് മാസങ്ങളേറെയായി. ഇത് അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ഉയർന്നിട്ടും അധികൃതർ കേട്ട മട്ടില്ല. ഒരു കിലോമീറ്ററിലധികം ദൈർഘ്യമുള്ള റോഡാണ് വർഷങ്ങളായി തകർന്ന് തരിപ്പണമായി കിടക്കുന്നത്. പാലായിലേക്കും കൊഴുവനാലിലേക്കും എളുപ്പം എത്തിച്ചേരാൻ ഉപകരിക്കപ്പെടുന്ന ഗ്രാമീണ റോഡിന്റെ യാവസ്ഥയിൽനിന്ന് മോചനം നൽകാൻ പഞ്ചായത്ത് അധികൃതർ ഇടപെടുന്നില്ലെന്നാണ് ആക്ഷേപം. 10 വർഷമായി ഇവിടെ അറ്റകുറ്റപ്പണി നടത്തിയിട്ട്. പ്രധാന നഗരങ്ങളിലേക്ക് യാത്രാദൈർഘ്യം കുറക്കാൻ ഏറെ പ്രയോജനപ്രദമാണ് മറ്റക്കര പാണ്ടിയപ്പള്ളി-മാരാംകുഴി റോഡ്.
റോഡിന്റെ അറ്റകുറ്റപ്പണിക്കായി ഉമ്മൻ ചാണ്ടി എം.എൽ.എ ആയിരുന്ന കാലത്ത് തന്നെ ഫണ്ട് അനുവദിച്ചതാണെന്ന് പറയപ്പെടുന്നു. ഇതുവരെയായിട്ടും സ്ഥലം ഏറ്റെടുത്തു വഴിക്ക് വീതി കൂട്ടാനോ റോഡ് സഞ്ചാരയോഗ്യമായ രീതിയിൽ പണി നടത്താനോ ബന്ധപ്പെട്ട അധികൃതർ തയാറായിട്ടില്ലെന്നാണ് ആക്ഷേപം. അൽഫോൻസാമ്മയുടെ പേരിൽ കേരളത്തിലെ തന്നെ ആദ്യ ദേവാലയമായ അൽഫോൻസ ഗിരി സ്ഥിതി ചെയ്യുന്നത് ഈ റോഡിന് വശത്താണ്.
പള്ളിയിലേക്ക് ദിനംപ്രതി നിരവധി തീർഥാടകർ എത്തുന്ന റോഡ് കൂടിയാത്. മഴപെയ്തു കഴിഞ്ഞാൽ കാൽനടയായി പോലും യാത്രക്കാർക്ക് ഈ വഴി സഞ്ചരിക്കാൻ പറ്റാത്ത സാഹചര്യമാണ്. സ്കൂൾ വാഹനങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ ദൈനംദിനം കടന്നുപോകുന്ന റോഡ് ഉടൻ നന്നാക്കണമെന്നത് യാത്രക്കാരുടെയും പ്രദേശവാസികളുടെയും നിരന്തര ആവശ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.