വൈദ്യുതി ബോർഡിന്റെ ‘ക്രൂരവിനോദ’ത്തിൽ നെഞ്ചിടിച്ച് ജനങ്ങൾ
text_fieldsകോട്ടയം: മാനം കറുത്താലോ ചെറുതായൊന്ന് കാറ്റടിച്ചാലോ കോട്ടയം ടൗണിലും സമീപത്തും താമസിക്കുന്നവർക്ക് നെഞ്ചിടിപ്പാണ്. പ്രത്യേകിച്ചും ചുങ്കം ഭാഗത്തുള്ളവർക്ക്.അപ്പോൾ തന്നെ വീടുകിളിലെയും സ്ഥാപനങ്ങളിലെയും പോസ്റ്റുകളിലേയും വൈദ്യുതിബന്ധം പോകും. പിന്നെ ദിവസമോ മണിക്കൂറുകളോ കഴിഞ്ഞാകാം വൈദ്യുതി തിരിച്ചെത്തുക. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കെ.എസ്.ഇ.ബിയുടെ ‘ക്രൂര വിനോദമായി’ മാറിയിരിക്കുകയാണിത്. ഈ ഭാഗങ്ങളിൽ വൈദ്യുതി തകരാറ് പതിവാണ്. കോട്ടയം ടൗണിൽ പലയിടങ്ങളിലും കറന്റ് പോകുന്നത് പതിവാണെങ്കിലും മാധ്യമസ്ഥാപനങ്ങൾ ഉൾപ്പെടെ പ്രവർത്തിക്കുന്ന ചാലുകുന്ന് മുതൽ ചുങ്കം വരെ മെഡിക്കൽ കോളജിലേക്കുള്ള ആംബുലൻസുകൾ ഉൾപ്പെടെ ചീറിപ്പായുന്ന റോഡിന് സമീപം താമസിക്കുന്നവർക്കാണ് ഈ ദുരിതപർവം. തെരുവ് വിളക്കുകൾ ഉൾപ്പെടെ ഇല്ലാതാകുന്നതിനാൽ ഈ ഭാഗത്ത് അപകടങ്ങളുണ്ടാകാനുള്ള സാധ്യതയും ഏറി.
വൈദ്യുതി പോയ വിവരം പറയാൻ കെ.എസ്.ഇ.ബി ഓഫിസിലേക്ക് വിളിച്ചാലോ നിലക്കാത്ത ‘എൻഗേജ്ഡ്’ ശബ്ദമാകും മറുപടി. മുമ്പ് ഇടക്കിടെ വൈദ്യുതി പോകുമായിരുന്നെങ്കിൽ മഴ കനത്തതോടെ ഇത് ‘ആചാരമായി’ മാറിയ മട്ടാണ്. അത് വൈദ്യുതി ബോർഡ് ജീവനക്കാരും സമ്മതിക്കുന്നു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനുള്ള മുൻകരുതലെന്നാണ് അവരുടെ ഭാഷ്യം. തിങ്കളാഴ്ച പകൽ ഏറെക്കുറെ പൂർണമായും ഈ ഭാഗത്ത് വൈദ്യുതിയുണ്ടായിരുന്നില്ല. സന്ധ്യക്ക് കുറച്ച് നേരം വൈദ്യുതി ലഭിച്ചശേഷം രാത്രി ഒമ്പത് മണിയോടെ മഴ പെയ്യാൻ തുടങ്ങിയപ്പോൾ ഈ ഭാഗത്തെ വൈദ്യുതി വീണ്ടും പോയി.
പിന്നീട് മണിക്കൂറുകളുടെ കാത്തിരിപ്പിലായിരുന്നു ഈ ഭാഗത്തെ ആളുകൾ. വൈദ്യുതി ബോർഡ് ഓഫിസിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോണിൽ കിട്ടിയില്ല. രാത്രി 12 മണിക്ക് കിട്ടിയപ്പോഴാകട്ടെ പണി നടക്കുകയാണെന്നും ഒരു മണിക്കൂറിലധികം കഴിഞ്ഞേ കറന്റ് വരുകയുള്ളൂയെന്ന മറുപടിയാണ് ലഭിച്ചത്.
എന്നാൽ, ഒന്നും സംഭവിച്ചില്ല. ചൊവ്വാഴ്ച രാവിലെയായിട്ടും വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചില്ല. തുടർന്ന് രാവിലെ 11 മണിയോടെ വീണ്ടും ബന്ധപ്പെട്ടപ്പോൾ വൈദ്യുതി ഫീഡ് കൊടുത്തില്ലെന്നും ഇവിടെ ജീവനക്കാരില്ലെന്നും ഉച്ചകഴിഞ്ഞ് ചിലപ്പോൾ വൈദ്യുതി വരുമെന്നുമുള്ള മറുപടിയാണ് പലർക്കും ലഭിച്ചത്. ഒന്നര മണിയോടെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കപ്പെട്ടു. വൈദ്യുതി ഇങ്ങനെ അടിക്കടി മണിക്കൂറുകൾ തോറും മുടങ്ങുന്നത് ഈ മേഖലയിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്കുൾപ്പെടെ തിരിച്ചടിയാകുകയാണ്.പല സ്ഥാപനങ്ങളും ഇക്കാരണത്താൽ പലപ്പോഴും അടച്ചിടേണ്ട അവസ്ഥയിലുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.