കശാപ്പിനായി എത്തിച്ച കാള ഇടഞ്ഞു; അഞ്ചുപേർക്ക് പരിക്ക്
text_fieldsകുറവിലങ്ങാട്: കശാപ്പിനായി എത്തിച്ച കാള ഇടഞ്ഞോടി;ആക്രമണത്തിൽ അഞ്ചുപേർക്ക് പരിക്ക്. യാത്രക്കാരായ മൂന്നുപേർക്കും കാളയെ പിടിക്കാൻ എത്തിയ കശാപ്പുശാല ജീവനക്കാരായ രണ്ടുപേർക്കുമാണ് പരിക്കേറ്റത്. കുറവിലങ്ങാട് കണ്ണംകുളം ജെയ്സൻ മാത്യു, പിറവം കാക്കൂർ കളരിക്കൽ ഔസേപ്പ്, കുറവിലങ്ങാട് കളത്തൂർ വല്ലൂർ തോമസ് എന്നിവർക്കും കശാപ്പുശാലാ ജീവനക്കാരായ രണ്ടുപേർക്കുമാണ് പരിക്കേറ്റത്.
വെള്ളിയാഴ്ച 11.45 ഓടെ കുറവിലങ്ങാട് പള്ളിക്കവലക്ക് സമീപമാണ് സംഭവം. തോട്ടുവായിലെ അറവുശാലയിൽ കശാപ്പിനായി കൊണ്ടുവന്ന കാളയാണ് ഇടഞ്ഞോടിയത്. ഔസേപ്പിനെ കോട്ടയം മെഡിക്കൽ കോളജിലും മറ്റ് രണ്ടുപേരെ കുറവിലങ്ങാട്ടെ വിവിധ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
പുലർച്ച നാലോടെ തോട്ടുവ ജങ്ഷന് സമീപം പ്രവർത്തിക്കുന്ന അറവുശാലയുടെ പരിസരത്തുനിന്നും കയർ പൊട്ടിച്ച് ഓടിയ കാള കാര്യം ഭാഗത്ത് എത്തി. തുടർന്ന് കുറവിലങ്ങാട് ടൗണിലൂടെ ഓടിയ കാള പള്ളിക്കവല ഭാഗത്ത് എത്തി വഴി യാത്രക്കാരെ ആക്രമിച്ചു. വിവരമറിഞ്ഞ് കുറവിലങ്ങാട് പൊലീസും അഗ്നിരക്ഷാ സേനയും സന്നദ്ധസേനാപ്രവർത്തകരും നാട്ടുകാരും കശാപ്പുശാലാ ജീവനക്കാരും സംഭവസ്ഥലത്ത് എത്തി വടം ഉപയോഗിച്ച് കുരുക്കിട്ടാണ് കാളയെ കീഴ്പ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.