കനത്ത മഴ: മട വീണ് വ്യാപക കൃഷിനാശം
text_fieldsകോട്ടയം: പനച്ചിക്കാട് പഞ്ചായത്തിലെ പാടശേഖരത്തിൽ ബണ്ട് പൊട്ടി 14 ദിവസം പ്രായമായ നെൽച്ചെടികൾ നശിച്ചു. ഒന്നാം വാർഡിൽ പുന്നക്കൽ വടക്കുംപുറം പാടശേഖരത്തിലാണ് ചൊവ്വാഴ്ച രാവിലെ മട വീണത്. 50 ഏക്കർ വിസ്തൃതിയുള്ള പാടശേഖരത്തിൽ 11 കർഷകർ ചേർന്നാണ് കൃഷി ചെയ്യുന്നത്. 2009 മുതൽ തുടർച്ചയായി കൃഷി ചെയ്യുന്ന ഇവിടെ മടവീഴ്ച ആദ്യമായാണ്.
നവംബർ 19, 21 ദിവസങ്ങളിലായാണ് പാടശേഖരത്തിൽ വിത പൂർത്തിയാക്കിയത്. അപ്രതീക്ഷിത മഴയിൽ കൽക്കെട്ട് തകർന്ന് കൊടൂരാറ്റിൽനിന്നുള്ള കിഴക്കൻ വെള്ളം കുതിച്ചെത്തുകയായിരുന്നു. 100 മീറ്ററോളം ബണ്ട് തകർന്നു. 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കൊടൂരാറ്റിലെ ഒഴുക്ക് തടസ്സപ്പെട്ട് വെള്ളം പൊങ്ങിയതാണ് മട വീഴാൻ കാരണമായതെന്ന് കർഷകർ പറയുന്നു. ഇനി ചെളി കുത്തിയെടുത്ത് തെങ്ങിൻതടികൾ ഉപയോഗിച്ച് ബണ്ട് കെട്ടണം.
എട്ടുലക്ഷം രൂപയിലധികം ചെലവു വരും. കൽക്കെട്ട് ഉറപ്പിക്കാനാണെങ്കിൽ അതിലധികമാവും ചെലവെന്ന് പാടശേഖര സമിതി പ്രസിഡന്റ് സി.വി. ചാക്കോ പറഞ്ഞു. കർഷകർ കഠിനാധ്വാനം ചെയ്ത് പാടമൊരുക്കിയതാണ്. വെള്ളം കയറിയതാണെങ്കിൽ മോട്ടോർ ഉപയോഗിച്ച് വെള്ളമൊഴുക്കിക്കളഞ്ഞാൽ മതിയായിരുന്നു. എന്നാൽ, കുത്തൊഴുക്കിൽ നെൽച്ചെടികളെല്ലാം നശിച്ചു.
തുടക്കത്തിലെ നഷ്ടം വന്നതിന്റെ വേദനയിലാണ് കർഷകർ. കൃഷി ഓഫിസർ ശിൽപ ബാലകൃഷ്ണൻ, അസിസ്റ്റന്റ് തമ്പി എന്നിവർ സ്ഥലം സന്ദർശിച്ച് നഷ്ടം വിലയിരുത്തി.
ചങ്ങനാശ്ശേരി: വിത്ത് വിതച്ച പായിപ്പാട് പഞ്ചായത്തിലെ ഒന്നാം വാർഡിലും ചങ്ങനാശേരി നഗരസഭയുടെ കുട്ടനാടിനോടു ചേർന്ന പടിഞ്ഞാറൻ ഭാഗവുമായ പൂവം പ്രദേശത്തും മടവീണ് വ്യാപക നാശം. കനത്ത മഴയിൽ 2000 ഹെക്ടർ വരുന്ന പാടശേഖരങ്ങളിലെ നാല് ഭാഗങ്ങളിലായാണ് മട വീണ് നഷ്ടമുണ്ടായത്. കർഷകരും തൊഴിലാളികളും നാട്ടുകാരും ചേർന്ന് മണൽചാക്കുകൾ ഉപയോഗിച്ച് മട അടക്കുകയും പാടശേഖരങ്ങളിൽ കൂടുതൽ മടവീഴാതിരിക്കാൻ ബണ്ടുകൾ ബലപ്പെടുത്താൻ ശ്രമിക്കുകയുമാണ്. എന്നാൽ, മഴ തുടരുന്നത് കർഷകരെ ആശങ്കപ്പെടുത്തുകയാണ്.
പായിപ്പാട് പഞ്ചായത്തിലെ എട്ട്യാകരി, കുന്നംപള്ളി, കാപ്പോണപ്പുറം, കാവാലിക്കരി, പൂവത്ത് തൊള്ളായിരം പടിഞ്ഞാറ്, പൂവത്ത് കിഴക്ക്, മൂല ആലഞ്ചേരി, കൈപ്പുഴാക്കൽ, നക്രാപുതുവൽ തുടങ്ങിയ ഭാഗങ്ങളിലെ 500 ഏക്കറിലധികം കൃഷി വെള്ളത്തിലായി. എസി കനാലിൽനിന്ന് പൂവം ഭാഗത്തേക്ക് വെള്ളം കയറുന്നത് തടയാൻ ചാക്കുകൾ ഉപയോഗിച്ച് കർഷകർ തടയണ നിർമിച്ചു. കുറിച്ചി പഞ്ചായത്തിലെ കരിക്കണ്ടം പാടശേഖരത്തിൽ മൂന്ന് ഇടങ്ങളിലാണ് മടവീണത്. 32 ഏക്കർ പാടശേഖരത്തിലാണ് വെള്ളം കയറിയത്.
പുഞ്ചകൃഷിയുടെ വിത പൂർത്തിയായ പാടശേഖരങ്ങളിലാണ് കനത്ത മഴയിൽ മട വീണ് തുടങ്ങിയത്. ഇത് കർഷകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. നീലംപേരൂർ, വാഴപ്പള്ളി, പായിപ്പാട്, കുറിച്ചി, നഗരസഭയുടെ പടിഞ്ഞാറൻ ഭാഗങ്ങൾ എന്നിവടങ്ങളിലുള്ള 2000 ഏക്കറോളം പാടശേഖരങ്ങളിലാണ് കനത്ത മഴ നാശം വിതച്ച് തുടങ്ങിയിരിക്കുന്നത്.
കർഷകർ നേരിട്ടും നേതൃത്വത്തിൽ കൃഷിഭവൻ മുഖേനയുമാണ് കർഷകർ വിത്തിറക്കിയത്. നീലംപേരൂർ പരിധിയിലാണ് ഏറ്റവും അധികം കൃഷിയുള്ളത്. 32 പാടശേഖരങ്ങളിലായി 3593 ഹെക്ടറിലായി ആണ് നെൽകൃഷി നടക്കുന്നത്. കഴിഞ്ഞ വർഷത്തേതിലും കൂടുതലായി നഗരസഭ പരിധിയിലും നെൽകൃഷി കുടുതൽ ആണ്.
80 ഹെക്ടറിലാണ് ഇത്തവണ നെൽകൃഷി ഇറക്കിയിരിക്കുന്നത്. കുട്ടനാട് പാക്കേജ് പ്രകാരം ബണ്ടുകൾ ശക്തിപ്പെടുത്തുകയും പുനർ നിർമിക്കുകയും ചെയ്തതോടെ തരിശുകിടന്ന പാടശേഖരങ്ങളിലും കൃഷി ആരംഭിച്ചിരുന്നു.
നീണ്ടൂര്‍: കനത്തമഴയില്‍ നീണ്ടൂര്‍ പഞ്ചായത്തിലെ നെൽകൃഷി വ്യാപകമായി നശിച്ചു. വിത നടന്നുകൊണ്ടിരുന്ന വടക്കേ താഴത്തുകുഴി പാടശേഖരത്ത് മടവീണു. 132 ഏക്കര്‍ പാടശേഖരത്തില്‍ മടവീണത് തടയാന്‍ തൊഴിലാളികള്‍ ഏറെ പണിപ്പെട്ടെങ്കിലും നെല്വിത്തുകളെല്ലാം നശിച്ചു. കുറച്ചു ഭാഗങ്ങളില്‍ വിതപണിയെല്ലാം കഴിഞ്ഞ് വിതക്കാനായി വിത്ത് മുളപ്പിച്ച് വച്ചിരിക്കുകയാണ്.
വെള്ളം ഇറങ്ങിയാലെ വിതക്കാന്‍ സാധിക്കുകയുള്ളൂ. വിതച്ചവര്ക്കെല്ലാം നഷ്ടമായിപ്പോയി. ഒരേക്കറിന് 7000 രൂപയുടെ നഷ്ടം ഉണ്ടായതായി പാടശേഖരസമിതി ഭാരവാഹികള്‍ പറഞ്ഞു. ഇനിയും വിതക്കണമെങ്കില് പലരുടെയും കൈയില്‍ പണം ഇല്ലാത്ത സ്ഥിതിയാണ്.
ഇതിന് സര്‍ക്കാര്‍ സഹായിക്കണം എന്നാണ് കര്‍ഷകര്‍ പറയുന്നത്. കൈപ്പുഴയിലെ നാനൂറ്റുംപടവ് പാടശേഖരത്തില്‍ വിളവെടുക്കാന്‍ പാകമായ നെല്ലാണ് വെള്ളത്തിലായത്. കൊയ്ത്തുയന്ത്രം വരെ എത്തിച്ചപ്പോഴാണ് മഴ തുടങ്ങിയത്. മഴക്ക് ശമനം ഉണ്ടെങ്കിലും കയറിയ വെള്ളം ഇറങ്ങാന്‍ താമസം ഉണ്ടാകുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.