ബേക്കർ സ്കൂളിൽ മോഷണം; ചാരിറ്റി ബോക്സുകളിലെ പണവും നഷ്ടമായി
text_fieldsകോട്ടയം: നഗരമധ്യത്തിലെ ബേക്കർ സ്കൂളിൽ മോഷണം. ഹയർസെക്കൻഡറി പ്രിന്‍സിപ്പലിന്റെയും ഹൈസ്ക്കൂൾ ഹെഡ്മിസ്ട്രസിന്റെയും ഓഫീസുകള്‍, ഹൈസ്കൂള്‍ അധ്യാപകരുടെ സ്റ്റാഫ് റൂം എന്നിവിടങ്ങളിൽനിന്നായി പണവും ഉപകരണങ്ങളും കവർന്നു. ഒരു ലക്ഷത്തിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഒരു ഡി.എസ്.എല്‍.ആര്. കാമറ, സി.സി.ടി.വി. കാമറയുടെ ഡി.വി.ആര്, ചാരിറ്റി ബോക്സില്‍ കുട്ടികള്‍ നിക്ഷേപിച്ച പണം എന്നിവയാണ് നഷ്ടമായത്.
വെള്ളിയാഴ്ച രാവിലെ ജീവനക്കാർ സ്കൂള്‍ തുറക്കാൻ എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. ഇവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പ്രിന്‍സിപ്പലിന്റെ മുറിയിൽനിന്നാണ് 30000 രൂപ വില വരുന്ന ഡി.എസ്.എല്‍.ആര്. കാമറ, 20000 രൂപ വരുന്ന ഡി.വി.ആര് എന്നിവ കവർന്നത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിദ്യാര്‍ഥികള്‍ ഒരു വര്‍ഷമായി നിക്ഷേപിക്കുന്ന പണവും അപഹരിച്ചു. ഡിവിഷന് അടിസ്ഥാനത്തില്‍ ബാഗിലാക്കി അധ്യാപക മുറിയില്‍ സൂക്ഷിച്ചിരുന്ന 30000 രൂപയാണ് അപഹരിച്ചത്. ഓരോ ബാഗും കീറിമുറിച്ചാണ് പണമെടുത്തത്. കോട്ടയം വെസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്കൂളിന്റെ പ്രവര്‍ത്തനം കൃത്യമായി നിരീക്ഷിച്ച ശേഷമാണ് മോഷണമെന്ന നിഗമനത്തിലാണ് പൊലീസ്. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.