ചുട്ടുപൊള്ളുന്ന വെയിൽ, മത്സരിച്ച് മഴയും; എം.ജി സർവകലാശാല കലോത്സവം
text_fieldsതൊടുപുഴ: കലോത്സവ വേദികളിലെ പ്രകടനങ്ങൾക്ക് വേദിയിൽ തീപിടിക്കുമ്പോൾ മത്സരാർഥികളെയും കാണികളെയും ഒരുപോലെ ചൂട് പിടിപ്പിച്ച് അന്തരീക്ഷ താപനില. കനത്ത ചൂടിനൊടുവിൽ മഴ പെയ്തത് കാണികൾക്ക് ആശ്വാസമായെങ്കിലും മത്സരങ്ങൾ നിർത്തിവെക്കേണ്ടിവന്നത് പ്രയാസകരമായി. ചൊവ്വാഴ്ച ഒമ്പത് വേദികളിലും ആവേശം വിതറുന്ന മത്സരങ്ങളാണ് നടന്നത്. രാവിലെ 10 മുതൽതന്നെ വെയിൽ കനത്ത് തുടങ്ങിയിരുന്നു.
ഉച്ചയോടെ വെയിലിന്റെ ചൂടേറ്റ് പലരും തളർന്നു. നട്ടുച്ചയോടെ താപനില 35 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നു. മത്സരാർഥികൾ മേക്കപ്പും ധരിച്ച് കുടയും ചൂടിയാണ് വേദികളിലേക്ക് പോയത്. കാണികളുൾപ്പെടെ പലരും ദാഹമകറ്റാൻ തുടർച്ചയായി കുടിവെള്ളത്തെ ആശ്രയിച്ചു.
കാണികളായെത്തിയ രക്ഷിതാക്കൾ ഉൾപ്പെടെ മുതിർന്നവരിൽ പലരും കുപ്പിവെള്ളവുമായാണ് വന്നത്. കാമ്പസിനുള്ളിൽ വിവിധയിടങ്ങളിലായി സജ്ജീകരിച്ചിരുന്ന ശീതളപാനീയക്കടകളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. കൂട്ടമായെത്തി ഐസ്ക്രീമും ജ്യൂസുമൊക്കെ വാങ്ങി കാമ്പസിലെ മരത്തണലിലും മറ്റും ആശ്വാസംതേടി. അതേസമയം മത്സരങ്ങൾ വൈകുന്നതും മത്സരാർഥികളെ വലക്കുന്നുണ്ട്.
ചുട്ടുപൊള്ളുന്ന പകലിനൊടുവിലാണ് മത്സരവേദികളെ കുളിരണിയിച്ച് ശക്തമായ മഴ പെയ്തത്. വൈകീട്ട് അഞ്ചോടെ മാനം കറുത്തു. ഇരുൾ മൂടിക്കെട്ടി. മഴമേഘങ്ങൾ മാനത്ത് നിരന്നു. പിന്നെ കനത്ത മഴയായി.
പരിപാടികളുടെ ഒഴുക്കിനെപ്പോലും ബാധിക്കുന്നവിധം മഴ കനത്തു. ചൂടിന് അറുതിയായി. മണിക്കൂർ ഒന്ന് കഴിഞ്ഞിട്ടും പിന്മാറാതെ മഴ പെയ്തുകൊണ്ടേയിരുന്നു. ഇടക്ക് ഒന്ന് ശമിച്ചെന്നു തോന്നിയ മഴ ആറുമണിക്കുശേഷം വീണ്ടും ശക്തമായി. ഇടക്ക് ഇടിയും മിന്നലും ചേർന്ന മഴയുടെ ജുഗൽബന്ദി.
വേദികളൊരുക്കിയ മൈതാനമെല്ലാം ചളിക്കുളമാക്കി മഴ മുന്നേറി. അതിനിടയിൽ വൈദ്യുതിയും പോയി. ശക്തമായ മത്സരത്തിന്റെ ആരവത്തിനിടയിൽ പരിപാടികൾ നിർത്തിവെക്കേണ്ടിയും വന്നു. പൊള്ളുന്ന വെയിലിൽ കുടയെടുക്കാതിറങ്ങിയവർ വരാന്തയുടെ ഓരംചേർന്ന് മാനം നോക്കി എത്രയോ നേരം നിന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.