അമിതവേഗത: സ്വകാര്യബസ് കീഴായി മറിഞ്ഞ് 50 യാത്രക്കാർക്ക് പരിക്ക്; മൂന്നുപേരുടെ നില ഗുരുതരം
text_fieldsകോട്ടയം: അമിതവേഗതയെ തുടർന്ന് നിയന്ത്രണം വിട്ട സ്വകാര്യബസ് തലകീഴായി മറിഞ്ഞ് മൂന്നുപേർക്ക് ഗുരുതര പരിക്ക്. അമ്പതോളം പേർക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകീട്ട് ഏഴോടെ തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്കിൽ ഗുരുമന്ദിരത്തിന് സമീപമാണ് അപകടം. എറണാകുളം- പാലാ- ഈരാറ്റുപേട്ട റൂട്ടിൽ സർവീസ് നടത്തുന്ന ആവേ മരിയ എന്ന ബസ്സാണ് അപകടത്തിൽപെട്ടത്. ഗുരുദേവ മന്ദിരത്തിന് സമീപത്തെ വളവ് വീശി എടുക്കുന്നതിനിടെ നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞ ബസ് സമീപത്തെ അക്ഷയകേന്ദ്രത്തിന്‍റെ കെട്ടിടത്തിൽ ഇടിച്ച് മറിയുകയായിരുന്നു.
അപകടം നടന്ന ഉടൻ നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തി. 15ഓളം ആംബുലൻസുകളിലാണ് പരിക്കേറ്റവരെ ആശുപത്രികളിലേക്ക് എത്തിച്ചത്. ബസ്സിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. കൈകാലുകൾക്കും തലയ്ക്കുമാണ് മിക്കവർക്കും പരിക്ക്. പരിക്കേറ്റവരെ വൈക്കം താലൂക്ക് ആശുപത്രി, മെഡിക്കൽ കോളജ്, മുട്ടുചിറ, പൊതി സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സി.കെ. ആശ എം.എൽ.എ അപകടസ്ഥലം സന്ദർശിച്ചു. ക്രെയിൻ ഉപയോഗിച്ചാണ് ബസ് ഉയർത്തിയത്. കടുത്തുരുത്തിയിൽ നിന്നുള്ള അഗ്നിരക്ഷാ സേനയും തലയോലപ്പറമ്പ്, വെള്ളൂർ പൊലീസും സ്ഥലത്തെത്തി രക്ഷാനടപടികൾ സ്വീകരിച്ചു. അപകടത്തെ തുടർന്ന് റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. കോട്ടയം-എറണാകുളം റൂട്ടിൽ ബസ്സുകളുടെ മരണപ്പാച്ചിലിൽ അപകടങ്ങൾ പതിവാണെന്ന് നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.