യാത്രക്കാരെ നിറച്ച് ബസുകൾ; ബോധവത്കരണവുമായി മോട്ടോർ വാഹന വകുപ്പ്
text_fieldsകോട്ടയം: കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നതിനിടെ യാത്രക്കാരെ കുത്തിനിറച്ച് ബസുകൾ. യാത്രക്കാരെ നിർത്തി കൊണ്ടുപോകരുതെന്നാണ് നിർദേശം. എന്നാൽ, തിരക്കുള്ള രാവിലെയും വൈകീട്ടും ഇത് കാറ്റിൽപ്പറത്തിയാണ് സ്വകാര്യ- കെ.എസ്.ആർ.ടി.സി ബസുകളുടെ യാത്ര. ദീർഘദൂര ബസുകളിൽ രാത്രിയിലടക്കം വൻതിരക്കാണ് അനുഭവപ്പെടുന്നത്. നിൽക്കാൻപോലും ഇടമില്ലാത്ത നിലയിലാണ് പല യാത്രകളും. കോവിഡ് വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇത്തരം നടപടികൾ തടയാൻ മോട്ടോർ വാഹന വകുപ്പ് നടപടിക്ക് തുടക്കമിട്ടു.
ജില്ല എൻഫോഴ്സ്മെൻറ് ആർ.ടി.ഒ മഹേഷിെൻറ നിർദേശപ്രകാരം ജില്ലയിലെ വിവിധ ബസ് സ്റ്റാൻഡുകളിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. ബസിൽ സീറ്റ് എണ്ണ പ്രകാരമുള്ള യാത്രക്കാരെ മാത്രമേ കയറ്റാവുവെന്നും യാത്രക്കാരെ നിർത്തി യാത്ര ചെയ്യാൻ അനുവദിക്കരുതെന്നും ജീവനക്കാർക്ക് കർശന നിർദേശം നൽകി. ഇത് ലംഘിക്കുന്ന ബസുകൾക്കെതിരെ അടുത്തദിവസം മുതൽ കർശന നടപടി സ്വീകരിക്കുമെന്നും അറിയിച്ചു. പരിശോധനക്ക് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബി.ജയപ്രകാശ് അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ രജീഷ്, വിഷ്ണു വിജയ്, ഗണേഷ് കുമാർ എന്നിവർ നേതൃത്വം നൽകി.
പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്ന യാത്രക്കാർ പരമാവധി സഹകരിക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് നിർദേശിച്ചു. എന്നാൽ, കോട്ടയം നാഗമ്പടം ബസ്സ്റ്റാൻഡിലടക്കം ബോധവത്കരണം നടന്നെങ്കിലും വൈകീട്ട് ഇവിെട നിന്നുള്ള ബസുകളിലെല്ലാം വൻ തിരക്കാണ് അനുഭവപ്പെട്ടത്. പല ബസുകളിലും യാത്രക്കാർ നിന്നായിരുന്നു യാത്ര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.