നാളെ മുതൽ ബസുകൾ തിരുനക്കര പഴയ സ്റ്റാൻഡിലേക്ക്
text_fieldsകോട്ടയം: തിരുനക്കര പഴയ സ്റ്റാൻഡിൽ ബുധനാഴ്ച മുതൽ ബസ് കയറിത്തുടങ്ങും. സ്റ്റാൻഡിലെ കോൺക്രീറ്റ് തറക്ക് മുകളിൽ വിരിച്ച മണ്ണ് ചൊവ്വാഴ്ച നീക്കി മുനിസിപ്പാലിറ്റി ബോർഡ് സ്ഥാപിക്കും. നേരത്തേ ഉണ്ടായിരുന്നപോലെ രണ്ടുവരിയായാണ് ബസുകൾ കടന്നുപോവുക. ഇതിനായി ട്രാഫിക് പൊലീസ് ഡിവൈഡറുകൾ വെക്കും. നിലവിലെ പേ ആൻഡ് പാർക്കിങ് ബസ് ബേക്ക് തടസ്സമില്ലാതെ തുടരും.
തിങ്കളാഴ്ച നടന്ന ലീഗൽ സർവിസ് അതോറിറ്റി സിറ്റിങ്ങിലാണ് (ഡി.എൽ.എസ്.എ) ഇക്കാര്യങ്ങൾ തീരുമാനമായത്. തീരുമാനങ്ങൾ നടപ്പാക്കിയശേഷം ബുധനാഴ്ചത്തെ സിറ്റിങ്ങിൽ വിശദ റിപ്പോർട്ട് നൽകാനും ഡി.എൽ.എസ്.എ സെക്രട്ടറിയും സബ് ജഡ്ജുമായ ജി. പ്രവീൺകുമാർ നിർദേശിച്ചു. സ്റ്റാൻഡിൽ താൽക്കാലിക വിശ്രമകേന്ദ്രം ഒരുക്കാൻ മുനിസിപ്പാലിറ്റി 10 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ 45 ദിവസം വേണ്ടിവരുമെന്നും പകരം സ്പോൺസറെ കണ്ടെത്തിയാൽ ഉടൻ പണി ആരംഭിക്കാനാവുമെന്നും മുനിസിപ്പൽ സെക്രട്ടറി ഡി.എൽ.എസ്.എയെ അറിയിച്ചു.
ചൊവ്വാഴ്ചത്തെ കൗൺസിൽ യോഗത്തിൽ വിഷയം അടിയന്തര അജണ്ടയായി ഉൾപ്പെടുത്തി ചർച്ച ചെയ്യാമെന്നും മുനിസിപ്പൽ സെക്രട്ടറി വ്യക്തമാക്കി. നിലവിൽ പോസ്റ്റ് ഓഫിസ് റോഡിലൂടെയാണ് ബസുകൾ കടന്നുപോവുന്നത്. ട്രാഫിക് പൊലീസ് ഇടപെട്ട് ബസുകൾ സ്റ്റാൻഡ് വഴി തിരിച്ചുവിടും. അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും ഉറപ്പാക്കി ബസ് ബേ ആരംഭിക്കണമെന്നും പെരുമാറ്റച്ചട്ടം വന്നതിനാലാണ് തുടർ ഇടപെടലുകൾ നടത്താൻ കഴിയാതിരുന്നതെന്നും ജില്ല ഭരണകൂടത്തിനായി ഹാജരായ ഉദ്യോഗസ്ഥൻ അറിയിച്ചു. കെട്ടിടം പൊളിക്കുന്നതിന്റെ ഭാഗമായാണ് സ്റ്റാൻഡിലെ ബസ് ബേ മാറ്റിയതും ബസുകൾ വഴി തിരിച്ചുവിട്ടതും. ടൗണിലേക്ക് വരുന്ന ബസുകൾ എം.സി റോഡിലും പുറപ്പെടുന്നവ പോസ്റ്റ് ഓഫിസ് റോഡിലുമാണ് നിർത്തിയിരുന്നത്.
ഇതോടെ യാത്രക്കാർ പെരുവഴിയിലായിരുന്നു. ഗതാഗതക്കുരുക്കും നിയന്ത്രണാതീതമായിരുന്നു. കെട്ടിടം പൊളിച്ചുമാറ്റൽ പൂർത്തിയായിട്ടും ബസ് ബേ പുനരാരംഭിക്കൽ പല കാരണങ്ങളാൽ നീണ്ടു. ഒടുവിൽ ഈ മാസം പത്തിനകം ബസ് ബേയുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ മുനിസിപ്പാലിറ്റിയോട് ഡി.എൽ.എസ്.എ ആവശ്യപ്പെടുകയായിരുന്നു.
ബസ് ബേ പുനരാരംഭിക്കുന്നത് ഒമ്പതു മാസത്തിനു ശേഷം
കോട്ടയം: തിരുനക്കര പഴയ സ്റ്റാൻഡിൽ ബസ് ബേ പുനരാരംഭിക്കുന്നത് ഒമ്പതു മാസത്തിനു ശേഷം. കഴിഞ്ഞ സെപ്റ്റംബർ 13നാണ് സ്റ്റാൻഡിലെ ബസ് സർവിസ് അവസാനിപ്പിച്ചത്. പിറ്റേദിവസം തന്നെ കെട്ടിടം പൊളിക്കൽ ആരംഭിക്കുകയും ചെയ്തു. പൊളിക്കൽ പൂർത്തിയായ ശേഷം ബസ് ബേ പുനരാരംഭിക്കാനായിരുന്നു തീരുമാനമെങ്കിലും ഒന്നും നടന്നില്ല. പൊളിക്കൽ പൂർത്തിയായ ശേഷം മൈതാനത്ത് ആദ്യം നടന്ന പരിപാടി മുഖ്യമന്ത്രിയുടെ നവകേരള സദസ്സായിരുന്നു. തുടർന്ന് തിരുനക്കര ഉത്സവത്തിന്റെ ഭാഗമായ കാർണിവലിനായി മൈതാനം വിട്ടുനൽകി. അതുകഴിഞ്ഞപ്പോൾ പേ ആൻഡ് പാർക്കിങ് ആരംഭിച്ചു. പാരാലീഗൽ വളന്റിയർമാരാണ് വിഷയം ഡി.എൽ.എസ്.എയുടെ ശ്രദ്ധയിലെത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.