നിയമലംഘകരെ കണ്ടെത്താൻ: പണി തുടങ്ങി കാമറകൾ; പിഴ പിന്നാലെ
text_fieldsകോട്ടയം: നിയമലംഘകരെ പിടികൂടാനുള്ള മോട്ടോര്‍ വാഹനവകുപ്പിന്റെ കാമറകൾ ചിത്രങ്ങൾ പകർത്തിത്തുടങ്ങി. എന്നാൽ, പിഴ അടക്കം നിയമനടപടികൾ ഇതുവരെ തുടങ്ങിയിട്ടില്ല. ജില്ലയില്‍ 46 സ്ഥലത്താണ് കാമറ സ്ഥാപിച്ചത്. ഇപ്പോൾ പരീക്ഷണാടിസ്ഥാനത്തില്‍ ചിത്രങ്ങള്‍ പകര്‍ത്തി കണ്ട്രോള് റൂമില്‍ പരിശോധിക്കുകയാണ്. ദിവസങ്ങൾക്കുള്ളിൽ പിഴ ഈടാക്കിത്തുടങ്ങുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അധികൃതർ അറിയിച്ചു.
ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (നിർമിത ബുദ്ധി) കാമറകളാണ് ജില്ലയിൽ സ്ഥാപിച്ചിരിക്കുന്നത്. ഇതിൽ പ്രോഗ്രാം ചെയ്ത നിയമ ലംഘനങ്ങൾ കണ്ടാൽ ചിത്രം പകർത്തും. സൗരോർജം കൊണ്ട് രാത്രിയിലും പകലും ഒരുപോലെ പ്രവർത്തിക്കും. കേബിളോ മറ്റ് ലൈനുകളോ ഇല്ലാതെ സിം കാർഡ് ഉപയോഗിച്ചാണ് കാമറകൾ ഇന്ററർനെറ്റ് വഴി ദൃശ്യങ്ങൾ അയക്കുന്നത്. കാമറക്ക് 30 ലക്ഷം രൂപ വരെയാണ് വില. കെൽട്രോണാണ് ഇവ സ്ഥാപിച്ചത്.
കാമറകൾ പകർത്തുന്ന നിയമലംഘനങ്ങളുടെ ദൃശ്യങ്ങൾ അപ്പോൾത്തന്നെ തിരുവനന്തപുരത്തെ സംസ്ഥാന കൺട്രോൾ റൂമിലേക്ക് അയക്കും. നിയമലംഘനം നടത്തിയ വാഹനത്തിന്റെ ചിത്രവും പിഴയും ഉൾപ്പെടുന്ന നോട്ടീസ് അവിടെനിന്ന് മോട്ടോർ വാഹന വകുപ്പിന്റെ ജില്ല ഓഫിസിലേക്ക് അയക്കും.
ഇവിടെനിന്ന് തപാൽ വഴി വാഹന ഉടമകൾക്ക് നോട്ടീസ് ലഭിക്കും. പിഴ ഓൺലൈൻ വഴി അടക്കണം. അക്ഷയകേന്ദ്രങ്ങൾ വഴിയും പിഴ അടക്കാൻ സൗകര്യമുണ്ട്. 30 ദിവസത്തിനകം പിഴ അടച്ചില്ലെങ്കിൽ മോട്ടോർ വാഹന വകുപ്പ് കേസ് കോടതിയിലേക്ക് കൈമാറും. അപ്പോൾ കേന്ദ്രനിയമപ്രകാരമുള്ള ഇരട്ടിത്തുക കോടതിയിൽ അടക്കേണ്ടിവരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കേന്ദ്ര മോട്ടോർ വാഹന വകുപ്പ് നിയമത്തിലെ പിഴ സംസ്ഥാന സർക്കാർ ഇളവുചെയ്താണ് നിലവിൽ മോട്ടോർ വാഹന വകുപ്പ് പിഴ ഈടാക്കുന്നത്. കേസ് കോടതിയിൽ എത്തുമ്പോൾ കേന്ദ്ര നിയമത്തിലെ പിഴ അടക്കേണ്ടിവരുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
കാമറകള്‍ സ്ഥാപിച്ച സ്ഥലങ്ങള്‍
- എം.സി റോഡില്‍ ളായിക്കാട് പാലത്തിനുസമീപം- രണ്ട്
- എം.സി റോഡില്‍ തുരുത്തി കണ്ണംപേരൂര്‍ പാലം - രണ്ട്
- ചങ്ങനാശ്ശേരി - വാഴൂര്‍ റോഡ് പാറേല്‍പള്ളി ജങ്ഷന്
- കറുകച്ചാല്‍- രണ്ട്
- എം.സി റോഡില്‍ മണിപ്പുഴ
- കോടിമത നാലുവരിപ്പാത - രണ്ട്
- നാഗമ്പടം പാലം
- ചവിട്ടുവരി ജങ്ഷന് സമീപം
- ഏറ്റുമാനൂർ വിമല ആശുപത്രിക്കുസമീപം
- തവളക്കുഴി
- കോട്ടയം - കുമരകം റോഡ് സി.എം.എസ് കോളജിന് സമീപം - രണ്ട്
- കഞ്ഞിക്കുഴി
- കഞ്ഞിക്കുഴി പ്ലാന്റേഷൻ കോർപറേഷനുസമീപം
- കട്ടച്ചിറ
- പാലാ അൽഫോൻസ കോളജിന് സമീപം
- പാലാ സബ് ആർ.ടി ഓഫിസിനുസമീപം
- പാലാ സെന്റ് തോമസ് സ്കൂളിന് സമീപം - രണ്ട്
- മൂന്നാനി
- കിഴതടിയൂർ ജങ്ഷൻ
- പ്രവിത്താനം ജങ്ഷന് സമീപം
- ഈരാറ്റുപേട്ട സെന്‍ട്രല്‍ ജങ്ഷന്
- ഈരാറ്റുപേട്ട ആനയിളപ്പ്
- ഈരാറ്റുപേട്ട അരുവിത്തുറ പള്ളിക്കുസമീപം
- ഈരാറ്റുപേട്ട നടക്കല്‍ മുബാറക് മസ്ജിദിനുസമീപം
- ഈരാറ്റുപേട്ട അല്‍മനാര്‍ സ്കൂളിന് സമീപം
- ഈരാറ്റുപേട്ട മസ്ജിദ് നൂര്‍ ജുമാമസ്ജിദിന് സമീപം - രണ്ട്
- പൊൻകുന്നം ജങ്ഷന് സമീപം - രണ്ട്
- പൈക സെന്റ് ജോസഫ് പള്ളിക്ക് സമീപം -രണ്ട്
- പൂവരണി ഗവ. യു.പി സ്കൂളിന് സമീപം
- മുരിക്കുമ്പുഴ
- പൊന്‍കുന്നം പൊലീസ് സ്റ്റേഷനുസമീപം
- പൊൻകുന്നം പാലത്തിനുസമീപം
- കാഞ്ഞിരപ്പള്ളി 26ാം മൈൽ ബസ്സ്റ്റോപ്
- തലപ്പാറ ജങ്ഷന്
- തലയോലപ്പറമ്പ് ഗവ. ആശുപത്രി ജങ്ഷന്
- തലയോലപ്പറമ്പ് ജങ്ഷൻ
പിഴ ഇങ്ങനെ
- ഹെൽമറ്റില്ലാതെ ബൈക്ക് ഓടിച്ചാൽ - 500 രൂപ
- ഹെൽമറ്റില്ലാതെ ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്താൽ -500
- മൂന്നുപേർ ബൈക്കിൽ യാത്ര ചെയ്താൽ - 1000
- വാഹനയാത്രക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ - 2000
- സീറ്റ് ബെൽറ്റ് ഇടാതെ വാഹനം ഓടിച്ചാൽ - 500
- നിയമവിധേയമല്ലാതെ ക്രാഷ് ഗാർഡ്, എക്സ്ട്രാ ഫിറ്റിങ്സ് എന്നിവ കണ്ടെത്തിയാൽ - 5000
- അപകടകരമായ വിധം വാഹനത്തിന് പുറത്തേക്ക് ലോഡ് കയറ്റിയാൽ - 20,000 രൂപ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.