നഗരത്തിൽ കഞ്ചാവ് വേട്ട; ഒരാൾ അറസ്റ്റിൽ
text_fieldsകോട്ടയം: തമിഴ്നാട്ടിൽനിന്ന് കെ.എസ്.ആർ.ടി.സി ബസിൽ കടത്തിക്കൊണ്ടുവന്ന 250 ഗ്രാം കഞ്ചാവ് പിടികൂടി. സംഭവത്തിൽ എസ്.എച്ച് മൗണ്ട് പുത്തൻപറമ്പിൽ പി.പി. ജോൺസനെ (39) കോട്ടയം വെസ്റ്റ് പൊലീസും ജില്ല പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച രാവിലെ 9.30ഓടെയാണ് സംഭവം. ജില്ല പൊലീസ് മേധാവി ഡി. ശില്പക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലുള്ള പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്.
പുളിമൂട് ജങ്ഷനിൽ ഇറങ്ങിയ ജോൺസനെ സംശയംതോന്നി പരിശോധിച്ചപ്പോൾ കഞ്ചാവ് കണ്ടെത്തി. തെങ്കാശിയിൽനിന്ന് കോട്ടയത്തേക്കുള്ള ബസിലാണ് ഇയാൾ എത്തിയത്. നട്ടാശ്ശേരി കേന്ദ്രീകരിച്ച് കോളജ് വിദ്യാർഥികൾക്കായിരുന്നു കഞ്ചാവ് നൽകിവന്നിരുന്നതെന്ന് പൊലീസ് പറഞ്ഞു.
നേരത്തേ ഈ മേഖലയിൽ വിദ്യാർഥികൾക്കിടയിൽ കഞ്ചാവ് വിൽപന വ്യാപകമാണെന്ന് കാട്ടി നാട്ടുകാർ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. അന്വേഷണത്തിൽ ജോൺസനാണ് കഞ്ചാവ് എത്തിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു.
ഇതിനിടെയാണ് ജോൺസൻ കോട്ടയത്തേക്ക് എത്തുന്നതായുള്ള വിവരം പൊലീസിന് ലഭിച്ചത്.
കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ആർ.പി. അനൂപ് കൃഷ്ണ, എസ്.ഐമാരായ ടി. ശ്രീജിത്, ഇ.ജി. വിനോദ്, ബിജോയ് മാത്യു, എ.എസ്.ഐ ജോൺ പി. ജോസ്, സിവിൽ പൊലീസ് ഓഫിസർ ലിബു, ജില്ല പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ സജീവ് ചന്ദ്രൻ, എസ്.ഐ അജിത്, സിവിൽ പൊലീസ് ഓഫിസർമാരായ ശ്രീജിത് ബി. നായർ, തോംസൺ കെ. മാത്യു, കെ.ആർ. അജയകുമാർ, എസ്. അരുൺ, വി.കെ. അനീഷ്, ഷമീർ സമദ്, ദീപു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.