കുട്ടികളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; മന്ത്രവാദി അറസ്റ്റിൽ
text_fieldsകുമരകം: പ്രായപൂർത്തിയാകാത്ത കുട്ടികളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മന്ത്രവാദ ചികിത്സ നടത്തിയിരുന്ന യുവാവ് അറസ്റ്റിൽ. കനകപ്പലം ഐഷാ മൻസിലിൽ അംജത് ഷായെയാണ് (43) കുമരകം പൊലീസ് അറസ്റ്റ് ചെയ്തത്.
കുമരകം ഭാഗത്ത് വാടകക്ക് താമസിച്ചിരുന്ന പ്രായപൂർത്തിയാകാത്ത ഒമ്പത് വയസ്സുള്ള ആൺകുട്ടിയെയും അനുജനെയുമാണ് ഇയാൾ കൊലപ്പെടുത്താൻ ശ്രമിച്ചത്. കഴിഞ്ഞവർഷം മുതൽ കുട്ടികളുടെ വീട്ടുകാരുമായി സൗഹൃദത്തിലായ ഇയാള് പലപ്പോഴായി വീട്ടിൽ വന്നുപോയിരുന്നു. കുട്ടികളുടെ മാതാവിനെ സ്വന്തമാക്കുന്നതിന് കുട്ടികളെ മർദിക്കുകയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. സംഭവശേഷം ഇയാൾ കടന്നുകളഞ്ഞു. ഇതിനിടെ, കുട്ടികളുടെ പിതാവ് ആത്മഹത്യ ചെയ്തു. കുട്ടിയുടെ പരാതിയെത്തുടർന്ന് കുമരകം പൊലീസ് കേസെടുത്തു. ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ പിച്ചകപള്ളിമേട് ഭാഗത്തുനിന്ന് പിടികൂടുകയായിരുന്നു. ഇയാൾ കാഞ്ഞിരപ്പള്ളിയും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് മന്ത്രവാദ ചികിത്സ നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. പിടികൂടുന്ന സമയം ഇയാളുടെ പക്കൽ നിരവധി മന്ത്രവാദ തകിടുകളും മറ്റും ഉണ്ടായിരുന്നു. കുട്ടിയുടെ പിതാവിന്റെ മരണത്തെക്കുറിച്ചും വിശദമായി അന്വേഷണം നടത്തിവരുകയാണ്.
കുമരകം എസ്.എച്ച്.ഒ അൻസൽ എ.എസ്, എസ്.ഐ സാബു, സി.പി.ഒമാരായ രാജു, ഷൈജു, അരുൺപ്രകാശ്, സാനു, മിനീഷ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.