കെ-റെയിൽ കുറ്റികൾ പിഴുതെറിഞ്ഞ കേസ്: പ്രതികളെ വെറുതെ വിട്ടു
text_fieldsകോട്ടയം: കെ-റെയിൽ വിരുദ്ധസമരത്തിന്റെ ഭാഗമായി പാറമ്പുഴ കുഴിയാലിപ്പടിയിൽ കെ-റെയിൽ കുറ്റികൾ പിഴുതെറിഞ്ഞ കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു. കേസ് നിലനിൽക്കില്ലെന്ന് കണ്ടെത്തിയാണ് ഏറ്റുമാനൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് എ. നിസാം പ്രതികളെ കുറ്റമുക്തരാക്കിയത്. ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ്, കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം അഡ്വ. പ്രിൻസ് ലൂക്കോസ്, കോട്ടയം മുനിസിപ്പൽ കൗൺസിലർമാരായ സാബു മാത്യു, ലിസി കുര്യൻ, വിനു ആർ. മോഹൻ, എ.വി. അനീഷ്, കെ.ജെ. ജോസഫ് എന്നിവർ ഉൾപ്പെടെ ഒമ്പത് പ്രതികളെയാണ് വെറുതെ വിട്ടത്.
കെ-റെയിലിന്റെ അടയാള കല്ലുകൾ പിഴുതുമാറ്റിയതിലൂടെ സംസ്ഥാന സർക്കാറിന് 7594 രൂപയുടെ നഷ്ടം വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതികൾക്കെതിരെ ഗാന്ധിനഗർ പൊലീസ് പൊതുമുതൽ നശിപ്പിക്കുന്നത് തടയൽ നിയമ പ്രകാരം കേസെടുത്തത്. ഇതിനെതിരെ കെ-റെയിൽ ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് എന്ന സ്ഥാപനം സംസ്ഥാന സർക്കാറിന്റെയോ കേന്ദ്ര സർക്കാറിന്റെയോ ഭാഗമല്ലാത്തതിനാൽ കുറ്റം പൊതുമുതൽ നശിപ്പിക്കൽ തടയൽ നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതികൾ കോടതിയിൽ അപേക്ഷ നൽകി. ഇത് പരിഗണിച്ചാണ് കോടതി ഉത്തരവ്. പ്രതികൾ അന്യായമായി സംഘം ചേർന്ന് ലഹളയുണ്ടാക്കിയെന്ന പ്രോസിക്യൂഷൻ വാദം തെളിയിക്കാൻ കഴിഞ്ഞില്ലെന്നും കോടതി നിരീക്ഷിച്ചു. കെ-റെയിൽ കോർപറേഷൻ ലിമിറ്റഡ് സ്ഥാപിച്ച അടയാളക്കല്ലുകൾ പൊതുസ്ഥലത്താണെന്ന് തെളിയിക്കുന്ന ഔദ്യോഗിക ഗസറ്റ് പബ്ലിക്കേഷൻ ഹാജരാക്കാൻ സാധിച്ചില്ല, കെ-റെയിൽ സംസ്ഥാന സർക്കാറിന്റെ ഭാഗമാണെന്ന് തെളിയിക്കുന്ന രേഖയും കോടതിയിൽ ഹാജരാക്കിയിട്ടില്ല.
കെ-റെയിലിന്റേതാണ് അടയാള കല്ലുകൾ എന്ന് തെളിയിക്കാനായിട്ടില്ല, കല്ലിടുന്നതിന് മുമ്പ് സ്ഥല ഉടമകൾക്ക് നോട്ടീസ് കൊടുത്തില്ലെന്ന വാദങ്ങളും പ്രതികൾ കോടതിയിൽ ഉന്നയിച്ചു. പ്രതികൾക്കുവേണ്ടി അഡ്വ. ജയ്സൺ ജോസഫ് ഒഴുകയിൽ, അഡ്വ. കെ.ആർ. രാജേഷ്, അഡ്വ. നൃപൻ വടക്കൻ എന്നിവർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.