നിക്ഷേപം സ്വീകരിക്കൽ: അനധികൃത ധനകാര്യ സ്ഥാപന ഉടമകൾ നെട്ടോട്ടത്തിൽ
text_fieldsകോട്ടയം: നിക്ഷേപം സ്വീകരിക്കാൻ അനുമതിയുള്ള നാല് സ്ഥാപനങ്ങളുടെ പട്ടിക റിസർവ് ബാങ്ക് പുറത്തുവിട്ടതോടെ കോടികളുടെ നിക്ഷേപം സ്വീകരിച്ച സംസ്ഥാനത്തെ നൂറുകണക്കിന് സ്വകാര്യ ധനകാര്യ സ്ഥാപന ഉടമകൾ നെട്ടോട്ടത്തിൽ. നിേക്ഷപത്തുക തിരികെ ആവശ്യപ്പെട്ട് ഇടപാടുകാർ സ്ഥാപനങ്ങളെ സമീപിച്ചതോടെയാണിത്. സംസ്ഥാനത്ത് 2000ത്തോളം അനധികൃത സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് കണക്ക്. അടുത്തിടെ ജില്ലതലത്തിൽ പൊലീസ് രഹസ്യാന്വേഷണവിഭാഗം ഇത്തരം സ്ഥാപനങ്ങളുടെ പട്ടിക ആഭ്യന്തര വകുപ്പിന് സമർപ്പിച്ചിരുന്നു.
ഇതിനിടെ, പോപുലർ ഫിനാൻസിെൻറ തകർച്ചയെത്തുടർന്നാണ് നിക്ഷേപത്തിന് അനുമതിയുള്ള സ്ഥാപനങ്ങളുടെ പട്ടിക റിസർവ് ബാങ്ക് പത്രപരസ്യത്തിലൂടെ പുറത്തുവിട്ടത്. ഇതോടെ പലയിടത്തും നിക്ഷേപകർ ആശങ്കയിലാണ്. നിേക്ഷപം മടക്കിനൽകണമെന്ന് ആവശ്യപ്പെട്ട് ധനകാര്യസ്ഥാപനങ്ങളെ സമീപിക്കുന്നവരും നിരവധിയാണ്. എന്നാൽ, എങ്ങുനിന്നും കാര്യമായ പരാതി ലഭിച്ചിട്ടില്ലെന്നാണ് രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കുന്നത്.
കോവിഡ് വ്യാപനത്തെ തുടർന്ന് സാമ്പത്തിക ഇടപാടുകൾ നിലച്ചതും റിയൽ എസ്റ്റേറ്റ്-വാഹന വിപണി പൂർണമായി സ്തംഭിച്ചതും സ്വകാര്യ ധനസ്ഥാപനങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
അതേസമയം, വിവിധ ധനകാര്യ സ്ഥാപനങ്ങളിലായി കോടികളുടെ നിക്ഷേപം ഉണ്ടെന്നാണ് പൊലീസ് റിപ്പോർട്ട്. റിസര്‍വ് ബാങ്കിനെ വെല്ലുവിളിച്ചാണ് കൊള്ളപ്പലിശക്കാരായ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനമെന്നും റിപ്പോർട്ടിലുണ്ട്. 2500 കോടിയോളം രൂപ നിക്ഷേപമായി സ്വീകരിച്ചശേഷമാണ് പോപുലർ ഫിനാൻസ് ഉടമകൾ പാപ്പര്‍ ഹരജി നല്കി വിദേശത്തേക്ക് കടക്കാനൊരുങ്ങിയത്. റിസര്‍വ് ബാങ്കിെൻറ കണക്കനുസരിച്ച് തിരുവനന്തപുരം റീജനൽ ഓഫിസില്‍ സംസ്ഥാനത്ത് 140 ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സ്റ്റേറ്റ് പവര്‍ ആൻഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സ് കോര്പറേഷന് ലിമിറ്റഡ് എന്ന സർക്കാർ സ്ഥാപനവും ഇതിൽ ഉൾപ്പെടും.
നിക്ഷേപം സ്വീകരിക്കാന്‍ ഇവർക്കും അനുമതിയുണ്ട്. മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിക്കുന്ന ചെറുതും വലുതുമായ പണമിടപാട് സ്ഥാപനങ്ങൾക്കെതിരെ നടപടി വേണമെന്നും റിസർവ് ബാങ്ക് നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.