കാതോലിക്ക ബാവ: നാട്യങ്ങളില്ലാത്ത സ്നേഹനിധി
text_fieldsകോട്ടയം: ചെറുനടവഴികളിലൂടെ ഇയ്യൂട്ടിചാച്ചെൻറ കൈപിടിച്ച് കുന്നംകുളം ബഥനി ആശ്രമ ചാപ്പലിലേക്കുള്ള യാത്രകൾ കുഞ്ഞ് പോളിന് ആത്മീയജീവിതത്തിലേക്കുള്ള സഞ്ചാരം കൂടിയായിരുന്നു. ഈ യാത്രകളിൽ നിറഞ്ഞത് ഏറെയും ബൈബിൾ കഥകളായിരുന്നു. അമ്മ കുഞ്ഞീറ്റിയുടെ സഹോദരൻ ഇയ്യൂട്ടിചാച്ചനൊപ്പമായിരുന്നു ചെറുപ്പത്തിൽ ദേവാലയത്തിൽ പോയിരുന്നതെന്നും അദ്ദേഹമാണ് തെൻറ മനസ്സിൽ ആത്മീയവിത്തിട്ടതെന്നും കെ.ഐ. പോളിൽനിന്ന് കാതോലിക്ക ബാവയായി ഉയർന്ന ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ പലപ്പോഴും അനുസ്മരിച്ചിട്ടുണ്ട്.
കുന്നംകുളം ബഥനി ആശ്രമ ചാപ്പലിലെ അൾത്താരബാലനിൽനിന്ന് സഭയുടെ വലിയ ഇടയപദവിയിലെത്തിയിട്ടും നാടിെൻറ നൈർമല്യവും നിഷ്കളങ്കതയും അദ്ദേഹം ഒപ്പംകൂട്ടി. ബാവ തന്നെ വിശേഷിപ്പിച്ചിരുന്നതുേപാലെ മനസ്സിലുള്ളത് തുറന്നടിച്ചുപറയുന്ന ചില ദുഃശാഠ്യങ്ങളും ഒപ്പം ചേർന്നു. എന്നാലിത് താൽക്കാലികമായിരുന്നുവെന്ന് ബാവയുമായി അടുപ്പമുള്ളവർ പറയുന്നു.
നാട്യങ്ങളില്ലാത്തയാളായിരുന്നു ബാവക്ക് മുഖാവരണം എന്നും അന്യമായിരുന്നു. സ്നേഹവും കോപവും അക്ഷമയും നിരാശയും സഹാനുഭൂതിയുമെല്ലാം മുഖത്ത് തെളിഞ്ഞു. ഇതിലെ സത്യസന്ധത വിശ്വാസികളും തിരിച്ചറിഞ്ഞതോടെ പോളച്ചൻ എവർക്കും പ്രിയങ്കരനായി.
ഇതിനുള്ള അംഗീകാരമായിട്ടായിരുന്നു അപൂർവമല്ലെങ്കിലും അത്ര പതിവില്ലാത്ത പ്രായത്തിൽ അദ്ദേഹത്തിന് ലഭിച്ച മേൽപട്ട പദവി. 1985 മേയ് 15ന് പൗലോസ് മാർ മിലിത്തിയോസ് എന്ന പേരിൽ മെത്രാേപ്പാലീത്തയായി വാഴിക്കപ്പെടുമ്പോൾ അദ്ദേഹത്തിനു 38 മാത്രമായിരുന്നു പ്രായം. 28ാം വയസ്സിൽ മെത്രാപ്പോലീത്ത സ്ഥാനത്തേക്ക് ഉയർത്തപ്പെട്ട പരുമല മാർ ഗ്രിഗോറിയോസിനുശേഷമുള്ള ഏറ്റവും പ്രായം കുറഞ്ഞയാൾ. ദിദിമോസ് പ്രഥമൻ കാതോലിക്ക ബാവ സ്ഥാനത്യാഗം ചെയ്തതിനെ തുടർന്ന് പരുമല സെമിനാരി ചാപ്പലിൽ 2010 നവംബർ ഒന്നിന് പൗരസ്ത്യ കാതോലിക്കയായി ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ സ്ഥാനമേൽക്കുന്നതിലും അപൂർവത നിഴലിച്ചു. ഒരു കാതോലിക്ക തെൻറ പിൻഗാമിയെ വാഴിക്കുന്നതിന് ആദ്യമായി മലങ്കര സാക്ഷിയായി. പരുമല തിരുമേനിയുടെ ഓർമപ്പെരുന്നാളിെൻറ നിറവിൽ, കേരളപ്പിറവി വാർഷിക ദിനത്തിലായിരുന്നു വാഴിക്കൽ ചടങ്ങ്.
കാതോലിക്കയെന്ന വലിയ സ്ഥാനത്തിരിക്കുമ്പോഴും എല്ലാവരെയും ഒരുപോലെ തെൻറ സ്നേഹവലയത്തിൽ ചേർത്തുനിർത്താൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ഒരിക്കൽ പരിചയപ്പെട്ടാൽ അദ്ദേഹത്തിെൻറ മനസ്സിൽ ഇടംപിടിച്ചുകഴിയും. പിന്നെ കാണുമ്പോൾ അദ്ദേഹം ഓർത്തെടുക്കുകയും ചെയ്യും.
വിശ്വാസത്തിലും പാരമ്പര്യത്തിലും വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചിരുന്ന അദ്ദേഹം വിശ്വസം പുറംമോടിയായി മാറുന്നുെവന്ന് നിരന്തരം ഓർമപ്പെടുത്തിയിരുന്നു. ശുശ്രൂഷയിലുടനീളം ദൈവം വഴിനടത്തിയതായി ആവര്ത്തിച്ചിരുന്ന അദ്ദേഹം, സുവിശേഷാത്മക ജീവിതവും ആത്മീയപ്രകാശവും സമൂഹനന്മക്കായി ചൊരിയാനാണ് ശ്രമിക്കുന്നതെന്ന് പലപ്പോഴും വ്യക്തമാക്കിയിരുന്നു. സാധാരണക്കാരനെന്ന് സ്വയം വിലയിരുത്തിയിരുന്ന ബാവ, സഭ തർക്കത്തിലെ കടുത്ത നിലപാടുകളെ വിശദീകരിച്ചിരുന്നത് ഇങ്ങനെയാണ്-. -ചെറുപ്പകാലത്ത് മറുപക്ഷം നടത്തിയ അതിക്രമങ്ങൾ നേരിട്ട് അനുഭവിച്ചായിരുന്നു തെൻറ ജീവിതം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.