താഴത്തങ്ങാടിക്ക് ഇരട്ടി ആഹ്ലാദം; ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഔദ്യോഗിക ഉദ്ഘാടനത്തിനും വേദിയാകും
text_fieldsകോട്ടയം: അനിശ്ചിതത്വത്തിനൊടുവിൽ ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ (സി.ബി.എൽ) ഫിക്സർ പ്രഖ്യാപിച്ചതോടെ താഴത്തങ്ങാടിക്ക് ഇരട്ടി ആഹ്ലാദം. വള്ളംകളിക്കൊപ്പം സി.ബി.എൽ മത്സരങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനത്തിനും താഴത്തങ്ങാടി വേദിയാകും. ഈമാസം 16നാണ് കോട്ടയം താഴത്തങ്ങാടിയാറ്റിൽ സി.ബി.എൽ മത്സരം. വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കിയത്. പുതിയ ഫിക്സർ അനുസരിച്ച് വെട്ടിച്ചുരുക്കിയ ലീഗ്, ഈമാസം 16ന് ആരംഭിച്ച് ഡിസംബർ 21ന് അവസാനിക്കും. മുൻവർഷങ്ങളിൽ ലീഗിന്റെ ഭാഗമായി 11 വേദികളിലായിരുന്നു വള്ളംകളിയെങ്കിൽ ഇത്തവണ ആറിടങ്ങളിൽ മാത്രമാണ് മത്സരങ്ങൾ. വയനാട് ദുരന്തത്തെതുടർന്ന് നെഹ്റുട്രോഫിയും വൈകിയിരുന്നു. ഇതാണ് വേദികളുടെ എണ്ണം കുറക്കാൻ കാരണം.
കൈനകരിയിൽഈമാസം 23നും ചെങ്ങന്നൂർ പാണ്ടനാട് 30നും കരുവാറ്റയിൽ ഡിസംബർ ഏഴിനും കായംകുളത്ത് ഡിസംബർ 14നും കൊല്ലം പ്രസിഡന്റ്സ് ട്രോഫി 21 നും നടക്കും. നെഹ്റുട്രോഫി വള്ളംകളിൽ ആദ്യ ഒമ്പത് സ്ഥാനങ്ങളിൽ എത്തിയ ചൂണ്ടൻ വള്ളങ്ങൾക്കാണ് സി.ബി.എൽ യോഗ്യത.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സി.ബി.എൽ. ഉപേക്ഷിക്കാൻ സർക്കാർ ആദ്യം ആലോചിച്ചെങ്കിലും സമ്മർദത്തെത്തുടർന്ന് തീരുമാനം മാറ്റുകയായിരുന്നു. സി.ബി.എൽ നടത്തണമെന്നാവശ്യപ്പെട്ട് വള്ളംകളി സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ ആലപ്പുഴ പുന്നമട ഫിനിഷിങ് പോയിന്റിൽ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. നെഹ്റു ട്രോഫിയുടെ ഉദ്ഘാടനചടങ്ങിൽ സി.ബി.എൽ. ഉപേക്ഷിക്കില്ലെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചിരുന്നു.ഇതിനെതുടർന്ന് ഒക്ടോബർ ആറിന് നടത്താൻ തീരുമാനിച്ചിരുന്ന താഴത്തങ്ങാടി വള്ളംകളി സംഘാടകരായ കോട്ടയം വെസ്റ്റ് ക്ലബ് മാറ്റിവെക്കുകയായിരുന്നു. ഇതിനൊപ്പം കുമ്മനം ഫെസ്റ്റും മാറ്റിയിരുന്നു.
സർക്കാർ ഉത്തരവ് ഉറങ്ങിയതോടെ വീണ്ടും വള്ളംകളി ആവശേത്തിലേക്ക് തുഴയെറിയാൻ ഒരുങ്ങുകയാണ് താഴത്തങ്ങാടി. സി.ബി.എൽ. ഔദ്യോഗികമായി പ്രഖ്യാപിക്കാത്തതിനാൽ നെഹ്റുട്രോഫിയിൽ പങ്കെടുത്ത വള്ളങ്ങൾക്കുള്ള ബോണസ്, ഗ്രാന്റ് വിതരണം മുടങ്ങിയിരിക്കുകയായിരുന്നു. സർക്കാർ ഉത്തരവ് വന്നതോടെ ഈ തുക ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ക്ലബുകൾ. വള്ളംകളി പ്രേമികളും ആവേശത്തിലാണ്. സി.ബി.എൽ. ലക്ഷ്യമിട്ടാണ് വൻതുക മുടക്കി പ്രൊഫഷനൽ താരങ്ങളെ ഉൾപ്പെടുത്തി ക്ലബുകൾ നെഹ്റുട്രോഫിക്ക് പങ്കെടുത്തത്. സി.ബി.എൽ. യോഗ്യത നേടിയാൽ ക്ലബിന് കുറഞ്ഞത് 48 ലക്ഷം രൂപ ലഭിക്കും. ഓരോ മത്സരത്തിലെയും വിജയികൾക്ക് അഞ്ചുലക്ഷം രൂപ വീതവും ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.