ചാമ്പ്യൻസ് ബോട്ട് ലീഗിന് തുടക്കം; ഓളപ്പരപ്പിൽ നാളെ ആവേശത്തുഴച്ചിൽ
text_fieldsകോട്ടയം: ഓളപ്പരപ്പിൽ ആവേശത്തുഴച്ചിലിന് ശനിയാഴ്ച താഴത്തങ്ങാടി ആറ്റിൽ തുടക്കമാകും. ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ സംസ്ഥാനതല ഉദ്ഘാടനവും 123ാമത് കോട്ടയം മത്സരവള്ളം കളിയുടെ ഉദ്ഘാടനവും മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. കലക്ടർ ജോൺ വി. സാമുവൽ പതാക ഉയർത്തും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു മാലിന്യമുക്ത പ്രതിജ്ഞ ചെയ്യും. ഫ്രാൻസിസ് ജോർജ് എം.പി ജലഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. ജില്ല പൊലീസ് മേധാവി എ. ഷാഹുൽ ഹമീദ് സമ്മാനദാനം നിർവഹിക്കും.
1887ൽ ദിവാൻ പേഷ്കാർ ടി. രാമറാവുവിന്റെ താല്പര്യപ്രകാരം ആരംഭിച്ച വള്ളംകളി ഇടക്കാലത്ത് മുടങ്ങിയിരുന്നു. 26 വർഷങ്ങളായി കോട്ടയം വെസ്റ്റ് ക്ലബാണ് വള്ളംകളിക്ക് നേതൃത്വം നൽകുന്നത്. വിനോദസഞ്ചാര വകുപ്പ്, ഡി.ടി.പി.സി, നഗരസഭ, തിരുവാർപ്പ് ഗ്രാമപഞ്ചായത്ത്, എന്നിവക്കൊപ്പം ചാമ്പ്യൻസ് ബോട്ട് ലീഗും ഉൾപ്പെടുത്തിയാണ് വള്ളംകളി സംഘടിപ്പിക്കുന്നത്. 1956ൽ ഇത്യോപ്യൻ ചക്രവർത്തി ഹെയ്ലി സെലാസി വള്ളംകളി കാണാൻ മുഖ്യാതിഥിയായി എത്തിയിരുന്നു. വള്ളംകളിയിൽ ആകൃഷ്ണനായ അദ്ദേഹത്തിന്റെ പേരിലുള്ള ട്രോഫിയിൽ ആയിരുന്നു താഴത്തങ്ങാടി മത്സര വള്ളംകളി ഒരുകാലത്ത് സംഘടിപ്പിക്കപ്പെട്ടിരുന്നത്. വാശിയേറിയ ജലപോരാട്ടത്തിനായി കടുത്ത പരിശീലനത്തിലാണ് ബോട്ട് ക്ലബുകൾ. മീനച്ചിലാറിൽ രാവിലെ മുതൽ വൈകീട്ടുവരെ കടുത്തവെയിലിനെയും അവഗണിച്ചാണ് പരിശീലനത്തുഴച്ചിൽ.
വള്ളംകളി ക്രമീകരണം
സ്റ്റിൽ സ്റ്റാർട്ടിങ് സംവിധാനം, മൂന്ന് ട്രാക്കുകൾ, ഫോട്ടോ ഫിനിഷിങ്, റിമോട്ട് മാഗ്നെറ്റിക് ടൈമിങ് സിസ്റ്റം എന്നിവ വള്ളംകളിയിൽ ക്രമീകരിച്ചിട്ടുണ്ട്. വള്ളംകളിക്ക് മുന്നോടിയായി ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ താഴത്തങ്ങാടിയിൽ എക്കലും മാലിന്യവും നീക്കം ചെയ്തിരുന്നു. ഫിനിഷിങ് പോയന്റിലുള്ള മുഖ്യപവിലിയനിൽ 400 പേർക്ക് ഇരുന്ന് വള്ളംകളി കാണാനുള്ള ക്രമീകരണവും ഒരുക്കിയിട്ടുണ്ട്. ഇവിടെയാണ് ഉദ്ഘാടന സമ്മേളനവും നടക്കുന്നത്.
വള്ളംകളിക്ക് പ്രാരംഭമായി വെള്ളിയാഴ്ച വൈകീട്ട് ഏഴിന് വഞ്ചിപ്പാട്ട് മത്സരം സംഘടിപ്പിക്കും. ഉദ്ഘാടനവേളയിലും ഇടവേളകളിലും വള്ളംകളിയുടെ മാറ്റുകൂട്ടാൻ നൃത്തരൂപങ്ങൾ, ശിങ്കാരിമേളം, ജല അഭ്യാസപ്രകടനങ്ങൾ എന്നിവയുമൊരുക്കും. കോട്ടയം, ആലപ്പുഴ ജില്ലകളിൽനിന്നുള്ള വഞ്ചിപ്പാട്ട് ടീമുകൾ മത്സരത്തിൽ പങ്കെടുക്കും.
ഗതാഗത നിയന്ത്രണം
ശനിയാഴ്ച ഒരുമണി മുതൽ അറുപുഴ-ആലുംമൂട്-കുളപ്പുര റോഡിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സ്വകാര്യവാഹനങ്ങൾ ഉപ്പൂട്ടിക്കവല, ഇടക്കാട്ടുപള്ളി റോഡരികിലും ഇല്ലിക്കൽ മൈതാനത്തും പാർക്കിങ് ചെയ്യണം. വള്ളംകളിക്ക് തടസ്സമായി ആറ്റിൽ മറ്റ് വള്ളങ്ങളോ, ബോട്ടുകളോ പ്രവേശിപ്പിക്കാൻ അനുവദിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.