ചങ്ങനാശ്ശേരിയിൽ 2000 വീടുകള്‍ വെള്ളത്തില്‍
text_fieldsചങ്ങനാശ്ശേരി: താലൂക്കിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ. രണ്ടുദിവസം തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ കൈത്തോടുകള്‍ നിറഞ്ഞുകവിഞ്ഞൊഴുകി കുറിച്ചി, വാഴപ്പള്ളി, പായിപ്പാട് പഞ്ചായത്തുകളിലെയും ചങ്ങനാശ്ശേരിയുടെ പടിഞ്ഞാറന്‍ മേഖലയിലെയും താഴ്ന്ന പ്രദേശങ്ങിലുള്ള രണ്ടായിരത്തോളം വീടുകളില്‍ വെള്ളം കയറി.
മഴ ശക്തമായി തുടര്‍ന്നാല്‍ വീണ്ടുമൊരു വെള്ളപ്പൊക്ക ഭീഷണി നേരിടേണ്ടിവരുമെന്ന ഭീതിയിലാണ് ജനങ്ങള്‍. കോവിഡ് വിതച്ച ആശങ്കക്കു പിന്നാലെയാണ് വെള്ളപ്പൊക്ക ഭീതിയും ജനങ്ങളെ ദുരിതത്തിലാക്കിയത്. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ നിയുക്ത എം.എല്‍.എ അഡ്വ. ജോബ് മൈക്കിള്‍ സന്ദര്‍ശനം നടത്തി. താലൂക്കില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം തുറന്നു. ഫോണ്‍ 0481-2420037.
കുറിച്ചി പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലെല്ലാം തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ വെള്ളം കയറി. ഒന്ന്, രണ്ട്, അഞ്ച്, ആറ്, 16, 17 വാര്‍ഡുകളിലെ ആയിരത്തോളം വീടുകളിലാണ് വെള്ളം കയറിയത്. ഒന്നാം വാര്‍ഡ്, രണ്ടാം വാര്‍ഡിലെ മുട്ടത്തുകടവ്, അഞ്ചാം വാര്‍ഡിലെ ചേലാറ 13 ലക്ഷംവീട് കോളനി, ആറാം വാര്‍ഡിലെ ചേലച്ചിറ, 16ാം വാര്‍ഡിലെ ചാണകക്കുഴി, ചകിരി, കച്ചറകലുങ്ക്, ചാമക്കുളം പ്രദേശങ്ങളിലും 17ാംവാര്‍ഡിലെ കുട്ടന്ചിറമറ്റം, വട്ടഞ്ചിറകുളം, പുലിക്കുഴിമറ്റം, ഐക്കരമറ്റം എന്നിവിടങ്ങളിലെ വീടുകളിലാണ് വെള്ളം കയറിയത്.
പഞ്ചായത്ത് 17ാം വാര്‍ഡിലെ വിവിധ പ്രദേശങ്ങളില്‍ കോട്ടയം സബ് കലക്ടര്‍ സന്ദര്‍ശിച്ചു. പ്രദേശത്ത് അട്ടശല്യവും രൂക്ഷമാണ്.
വാഴപ്പള്ളി പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലെല്ലാം വെള്ളം കയറി. പഞ്ചായത്തിലെ ഒന്ന്,രണ്ട്, നാല്, ആറ്, എട്ട്,11, 15, 16, 17, 20, 21 വാര്‍ഡുകളിലെ വീടുകളിലാണ് വെള്ളം കയറിയത്. മുളയ്ക്കാംതുരുത്തി, ചെട്ടിശ്ശേരി, പറാല്‍, വെട്ടിത്തുരുത്ത്, പുതുച്ചിറ, ചീരഞ്ചിറ, വടക്കേക്കര പ്രദേശങ്ങളിലായി ആയിരത്തിലധികം വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്.
എ.സി കോളനിയിലും വെള്ളം കയറിത്തുടങ്ങിയിട്ടുണ്ട്. എ.സി കനാലില്‍ വെള്ളമുയരുന്നതോടെ കോളനി പൂര്‍ണമായും വെള്ളത്തിലാകും. പായിപ്പാട് പഞ്ചായത്തിലെ പൂവം, നക്രാപുതുവല്‍, കോമങ്കേരിച്ചിറ പ്രദേശങ്ങളെല്ലാം വെള്ളപ്പൊക്ക ഭീഷണിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.