വാഴൂര്‍ റോഡില്‍ അപകട പരമ്പര
text_fieldsചങ്ങനാശ്ശേരി: വാഴൂര്‍ റോഡില്‍ പെരുമ്പനച്ചിക്കും ഇല്ലിമൂടിനും മധ്യേ റോഡില്‍ അപകട പരമ്പര. നാല് അപകടങ്ങളാണ് തിങ്കളാഴ്ചയുണ്ടായത്. ഒരു അപകടത്തിൽ വീട്ടമ്മയുടെ ജീവന് പൊലിഞ്ഞു. തിങ്കളാഴ്ച രാവിലെ 9.30ഓടെ ഇല്ലിമൂട്ടില്‍ രണ്ടു ബൈക്ക് കൂട്ടിയിടിച്ചായിരുന്നു ആദ്യ അപകടം.
യാത്രികര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. തുടര്‍ന്ന് 11ഓടെ പെരുമ്പനച്ചി കോര്പറേറ്റിവ് ബാങ്കിന് സമീപം ഒരേ ദിശയിലെത്തിയ കാര്‍ ടോറസ് ലോറിയുടെ പിന്നിലിടിച്ചു. ഉച്ചക്ക് രണ്ടോടെ പെരുമ്പനച്ചിയില്‍ കാറും ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം സഞ്ചരിച്ച കാര്‍ യാത്രക്കാരിയായ വീട്ടമ്മ മരിക്കുകയും ചെയ്തു. ഈ അപകടത്തില്‍ ആറുപേര്‍ക്കാണ് പരിക്കേറ്റത്. ഓട്ടോ ഡ്രൈവറുടെ തലക്കു ഗുരുതര പരിക്കേറ്റിട്ടുണ്ട്.
വൈകീട്ട് നാലോടെ പെരുമ്പനച്ചിക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ചും അപകടമുണ്ടായി. വാഴൂര്‍ റോഡ് അത്യാധുനിക നിലവാരത്തില്‍ പുനര്‍നിര്‍മിച്ചതോടെ അമിത വേഗത്തിലാണ് വാഹനങ്ങള്‍ കടന്നുപോകുന്നത്. വാഹനങ്ങളുടെ അമിത വേഗംമൂലം ചെറുതും വലുതുമായ നിരവധി അപകടങ്ങള്‍ ഇവിടെ നിത്യസംഭവമാണ്.
നിരവധി ജീവനുകള്‍ റോഡില്‍ പൊലിഞ്ഞിട്ടുമുണ്ട്. തെങ്ങണ മുതല്‍ മാമ്മൂട് വരെ സ്ഥിരം അപകടമേഖലയുമാണ്. ഒരു വര്‍ഷം മുമ്പ ബൈക്കില്‍ കെ.എസ്.ആര്.ടി.സി ബസിടിച്ച് യുവതി മരിച്ചതും പൂവത്തുംമൂട്ടില്വെച്ചായിരുന്നു. ഇതിനു സമീപത്തു തന്നെയാണ് കാർ അപകടത്തില്‍ വീട്ടമ്മ മരിച്ചതും. സ്ഥിരം അപകട മേഖലയായ ഇവിടെ അപകട മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിട്ടില്ല. പൂവത്തുംമൂട്ടില്‍ റോഡരികില്‍ കോണ്‍ക്രീറ്റ് പോസ്റ്റുകള്‍ കൂട്ടിയിട്ടിരിക്കുന്നതും അപകടത്തിന് ഇടയാക്കുമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
അപകടങ്ങള്‍ ഒഴിവാക്കാൻ വേഗനിയന്ത്രണ സംവിധാനങ്ങള്‍ ഉള്‍പ്പെടെ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അമിതവേഗവും അശ്രദ്ധയുമാണ് കൂടുതല്‍ അപകടങ്ങള്‍ക്കും വഴിയൊരുക്കുന്നതെന്നും നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.