അമൃത് ഭാരത് പദ്ധതി: ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷന് എട്ടുകോടി
text_fieldsചങ്ങനാശ്ശേരി: റെയിൽവേ മന്ത്രാലയം പ്രഖ്യാപിച്ച അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി റെയിൽവേ സ്റ്റേഷനിൽ വിവിധ വികസന പ്രവർത്തനങ്ങൾക്ക് എട്ടു കോടി അനുവദിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. അഞ്ച് കോടി ഒന്നാം ഘട്ടത്തിലും മൂന്നുകോടി രണ്ടാം ഘട്ടത്തിലുമായി വിവിധ വികസന പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കും.
റെയിൽവേ സ്റ്റേഷനും പരിസരവും പൂർണമായും ആധുനീകരിക്കുന്നതിനാണ് ഈ തുക വിനിയോഗിക്കുന്നത്. സ്റ്റേഷന് മുന്നിലെ പാർക്കിങ് ഏരിയ വിപുലീകരിക്കും. ബൈപാസിൽനിന്ന് റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡ് വീതികൂട്ടി സ്റ്റേഷൻ കവാടം ഉൾപ്പെടെ നിർമിച്ച് സ്റ്റേഷൻ മോടി പിടിപ്പിക്കും. പാർക്കിങ് ഏരിയയിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഷെൽറ്ററുകൾ പണിയും. പുതിയ സ്റ്റേഷൻ കെട്ടിടത്തിന് ആവശ്യമായ മാറ്റംവരുത്തും. പുതിയ കസേരകൾ, ഇലക്ട്രോണിക് ഡിസ്പ്ലേ, റസ്റ്റാറന്റ്, കഫറ്റേരിയ സൗകര്യങ്ങളും ഉണ്ടാകും. ഒന്നാം പ്ലാറ്റ്ഫോം ഗ്രാനൈറ്റ് പാകി ബലപ്പെടുത്തും. ഡിസംബർ അവസാനത്തോടെ നിർമാണം പൂർത്തീകരിക്കാനാണ് ഉദേശിക്കുന്നത്.
ആഴ്ചയിൽ രണ്ടു ദിവസം ഓടുന്ന എറണാകുളം-വേളാങ്കണ്ണി എക്സ്പ്രസ് ട്രെയിനും കൊല്ലം-തിരുപ്പതി എക്സ്പ്രസ് ട്രെയിനും സെപ്റ്റംബറിൽ തന്നെ ഓടിത്തുടങ്ങും. വിശാഖപട്ടണം, ഗുവാഹതി, കൊൽക്കത്ത അടക്കം വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് ഉൾപ്പെടെ പോകുന്ന ട്രെയിനുകൾക്ക് ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ് അനുവദിക്കാൻ സമ്മർദം ചെലുത്തുമെന്നും എം.പി അറിയിച്ചു. ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ് അനുവദിച്ച 12,201 കൊച്ചുവേളി ലോക്മാന്യതിലക് ഗരീബ് രഥ് ട്രെയിനിന് എം.പി യുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ പി.എൻ. നൗഷാദ് അധ്യക്ഷത വഹിച്ചു.
കൺവീനർ മാത്തുക്കുട്ടി പ്ലാത്താനം, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ കെ.എ. ജോസഫ് , ബാബു കോയിപ്പുറം, വി.ജെ. ലാലി, തോമസ് അക്കര, പി.എച്ച്. ഷാജഹാൻ, സിയാദ് അബ്ദുൽ റഹ്മാൻ , മോട്ടി മുല്ലശേരി, ബാബു കുരീത്ര, ഡോ റൂബിൾ രാജ്, ജസ്റ്റിൻ ബ്രൂസ്, ശ്രീദേവി അജയൻ, കെ.എം. നെജിയ, ജോമി ജോസഫ്, ശ്യാം സാംസൺ, ബീന ജിജി, ലിസി വർഗീസ്, മോളമ്മ സെബാസ്റ്റ്യൻ, മിനി വിജയകുമാർ, ബിനു മൂലയിൽ, സൈബി അക്കര, ജോൺസൻ ജോസഫ്, റൗഫ് റഹീം, ആർ. ശശിധരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.