മാടപ്പള്ളിയിൽ കെ റെയിൽ വിരുദ്ധ സമരം: ''ഞങ്ങളെങ്ങോട്ടു പോവും'' ശോശാമ്മ ചോദിക്കുന്നു
text_fieldsചങ്ങനാശ്ശേരി: പട്ടാളത്തില്‍ 20 കൊല്ലത്തെ ജോലി കഴിഞ്ഞെത്തിയ മകനാണ് 10 വര്‍ഷം മുമ്പ് വള്ളിപ്പറമ്പില്‍ ശോശാമ്മയുടെ 10 സെന്റില്‍ വീട് വെച്ചത്. പ്രായമായ ശോശാമ്മയെയും ഭര്‍ത്താവ് ഫിലിപ്പോസിനെയും ശുശ്രൂഷിക്കുന്നത് മകന് ജോമോനാണ്. ആഗ്രഹിച്ചു നിർമിച്ച വീട്ടില്‍ കൊതി തീരെ താമസിക്കാന്‍ കഴിയാതെ ഇറങ്ങേണ്ടി വരുന്ന ദുരവസ്ഥയില്‍ മനം നൊന്താണ് ശോശാമ്മ സമരത്തിനെത്തിയത്. ഇവര്‍ക്കൊപ്പം സമരത്തിനെത്തിയ മകനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഞങ്ങളെങ്ങോട്ട് പോകുമെന്നാണ് ശോശാമ്മയുടെ ചോദ്യം.
പശുവിനെ വളര്‍ത്തി പാൽ വിറ്റ് ഉപജീവനം നടത്തുന്ന മറ്റൊരു വീട്ടമ്മ തന്റെ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തതോടെ പൊലീസിനു നേരെ കയർത്തു. പ്രായമായവരും കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ വലിയ ജനാവലിയാണ് സ്ഥലത്തെത്തിയത്. വീട്ടമ്മമാരാണ് പ്രതിഷേധത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നത്. പലരും വികാരഭരിതമായാണ് പ്രതികരിച്ചത്. സില്‍വര്‍ ലൈന്‍ പദ്ധതി പ്രദേശത്തു കൂടെ കടന്നു പോകുമെന്ന സ്ഥിതിയായതോടെ പ്രദേശത്തെ സ്ഥലത്തിന് വിലയിടിഞ്ഞു. മക്കളുടെ വിവാഹ ആവശ്യത്തിനും പഠനത്തിനും സ്ഥലം പണയപ്പെടുത്തി ലോണ്‍ പോലും എടുക്കാന്‍ കഴിയാത്ത അവസ്ഥ.
പ്രദേശത്ത് സംഘര്‍ഷാവസ്ഥ ആയതോടെ റീത്തുപള്ളിയില്‍ രണ്ടു തവണ കൂട്ടമണി അടിച്ചിരുന്നു. വ്യാഴാഴ്ച ഭീകരാന്തരീക്ഷമാണ് പൊലീസ് മാടപ്പള്ളിയില്‍ സൃഷ്ടിച്ചത്. ഡിവൈ.എസ്.പി ആര്.ശ്രീകുമാര്‍, തൃക്കൊടിത്താനം എസ്.എച്ച്.ഒ ഇ.അജീബ്, ചങ്ങനാശ്ശേരി എസ്.എച്ച്.ഒ റിച്ചാര്‍ഡ് വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹമായിരുന്നു മാടപ്പള്ളിയിലെത്തിയത്.
സമരച്ചൂടിൽ മാടപ്പള്ളി; പ്രക്ഷോഭം തുടരുമെന്ന് സമരക്കാർ
കോട്ടയം: കെ-റെയിൽ കല്ലിടലിന്റെ പേരിൽ പൊലീസ് തേർവാഴ്ച നടത്തിയ മാടപ്പള്ളി മുണ്ടുകുഴിയിൽ രണ്ടാം ദിവസവും സമരച്ചൂടിന് കുറവില്ല. വീട്ടമ്മമാരടക്കം പ്രതിഷേധവുമായി അണിനിരന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിൽ യു.ഡി.എഫ് സംഘവും ബി.ജെ.പി നേതാക്കളും സ്ഥലം സന്ദർശിച്ച് സമരക്കാർക്ക് പിന്തുണ പ്രഖ്യാപിച്ചു. റീത്തുപള്ളിക്കു മുന്നിലുള്ള കൊരണ്ടിത്തറ സാജന്റെ പറമ്പിൽ സ്ഥാപിച്ചിരുന്ന നാല് കെ-റെയിൽ കല്ലുകൾ യു.ഡി.എഫ്-ബി.ജെ.പി പ്രവർത്തകർ പിഴുതെറിഞ്ഞു.
''ഞങ്ങൾക്കു കെ-റെയിൽ വേണ്ട. വീടാണ് വേണ്ടത്. പദ്ധതി പിൻവലിക്കുന്നതുവരെ സമരം തുടരും'' -സമരക്കാർ പറഞ്ഞു. ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമരസമിതി പ്രഖ്യാപിച്ച ഹർത്താൽ പൂർണമായിരുന്നു. ബി.ജെ.പിയുടെ നേതൃത്വത്തിൽ ചങ്ങനാശ്ശേരിയിൽ എം.സി റോഡ് ഉപരോധിച്ചു. പ്രദേശത്തെ വീട്ടമ്മമാരടക്കം രാവിലെ മുതൽ റീത്തുപള്ളിക്കുമുന്നിലെ പ്രതിഷേധ സ്ഥലത്തായിരുന്നു.
ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, എം.എൽ.എമാരായ പി.ജെ. ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, പി.സി. വിഷ്ണുനാഥ്, കെ.കെ. രമ, കൊടിക്കുന്നിൽ സുരേഷ് എം.പി, കെ.സി. ജോസഫ്, പി.സി. തോമസ്, ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ്, ജോസഫ് എം. പുതുശേരി, ബി.ജെ.പി സംസ്ഥാന നേതാവ് ബി. രാധാകൃഷ്ണ മേനോൻ തുടങ്ങി രാഷ്ട്രീയ ഭേദമന്യേ നിരവധി പേർ ഐക്യദാർഢ്യമറിയിച്ച് മാടപ്പള്ളിയിലെത്തി. വ്യാഴാഴ്ചയുണ്ടായ പൊലീസ് നടപടിയിൽ നിരവധിപേർക്കാണ് പരിക്കേറ്റത്. നിലത്തുകൂടി വലിച്ചിഴച്ചതിനെതുടർന്ന് പലരുടെയും പുറത്തെ തൊലിപോയി. കല്ലിടൽ തുടരുമെന്ന് ഉദ്യോഗസ്ഥരും തടയുമെന്ന് പ്രതിഷേധക്കാരും നിലപാടെടുത്തതോടെ വരുംദിവസങ്ങളിലും പ്രക്ഷോഭം ശക്തമാകുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.