പായിപ്പാട്ട് പക്ഷിപ്പനി സ്ഥിരീകരിച്ചു; മുഴുവൻ താറാവുകളെയും കൊന്നൊടുക്കും
text_fieldsചങ്ങനാശ്ശേരി: പായിപ്പാട് ഒന്നാം വാർഡ് മൂലേൽ പുതുവേൽ സ്വദേശിയും താറാവു കർഷകനുമായ ഔസപ്പ് മാത്യുവിന്റെ (മനോജ്) താറാവുകൾക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചു.
എട്ട്യാകരി, കൈപ്പുഴാക്കൽ പാടശേഖരത്തിനു സമീപം കഴിഞ്ഞ ദിവസം 3000 താറാവുകളെ കൂട്ടത്തോടെ ചത്തനിലയിൽ കണ്ടെത്തിയതിന് പിന്നാലെ ചൊവ്വാഴ്ചയും 2000ത്തിലധികം താറാവുകൾ പക്ഷിപ്പനി മൂലം ചത്തൊടുങ്ങി. ചത്ത താറാവുകളുടെ സാമ്പിൾ പരിശോധന ഫലം വ്യാഴാഴ്ചയാണ് ലഭിച്ചത്.
ഔസേപ്പ് മാത്യുവിന്റെ ഉടമസ്ഥതയിലുള്ള 18,000 താറാവുകളെ കൊന്നൊടുക്കും. പക്ഷിപ്പനിമൂലം 60 ലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പായിപ്പാട് വെള്ളപ്പൊക്ക ദുരിതത്തിൽപെട്ട സ്ഥലമായതിനാൽ താറാവുകളെ കുഴിച്ചുമൂടാനാകാത്ത സാഹചര്യമാണ്. ഇതോടെ ഇൻസിനറേറ്ററുകളുടെ സഹായത്തോടെ താറാവുകളെ കത്തിച്ചുകളയാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി 20 ഇൻസിനറേറ്ററുകളാണ് ആവശ്യം.
മനോജിന്റെ സ്വപ്നം തകർന്നു
പായിപ്പാട്: ജപ്തിയുടെ വക്കിലെത്തിയ വീട് തിരിച്ചുപിടിക്കാമെന്ന ഔസേപ്പ് മാത്യുവിന്റെ പ്രതീക്ഷക്കുകൂടിയാണ് പക്ഷിപ്പനി തിരിച്ചടിയായത്. വീട് ഈടുവെച്ചാണ് ഔസേപ്പ് നെൽകൃഷിയും താറാവ് കൃഷിയും നടത്തിയിരുന്നത്. രണ്ടുവർഷം മുമ്പ് 20,000 താറാവുകൾ പക്ഷിപ്പനി ബാധിച്ച് ചാവുകയും നെൽകൃഷി നഷ്ടത്തിലാവുകയും ചെയ്തു.
ഒടുവിൽ മിച്ചംകരുതിയ സമ്പാദ്യം കൊണ്ട് 18,000 മുട്ടത്താറാവുകളെ വളർത്തുന്നതിനിടെയാണ് വീണ്ടും പക്ഷിപ്പനി വന്നത്. 30 വർഷത്തിലധികമായി ഔസേപ്പ് മുട്ടത്താറാവുകളെ വളർത്തുന്നുണ്ട്. വിൽക്കാൻ കരുതിയ ആയിരക്കണക്കിനു മുട്ടകളാണ് നശിപ്പിച്ചത്. പാടത്ത് ചത്തുവീഴുന്ന താറാവുകളെ ഓരോന്നിനെയും മാറ്റിക്കൊണ്ടിരിക്കുകയാണ്.
നഷ്ടത്തിൽനിന്ന് വീണ്ടും നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണ് ഈ കർഷകൻ. പ്രദേശത്തെ താറാവ്- കോഴി കർഷകരും പക്ഷിപ്പനി ഭീതിയിലാണ് ഒരുമാസം മുമ്പ് വാഴപ്പള്ളി പഞ്ചായത്തിലും പക്ഷിപ്പനി ബാധിച്ച് താറാവുകൾ കൂട്ടത്തോടെ ചത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.