പക്ഷിപ്പനി: താറാവുകളെ പൂർണമായും കൊന്നുകത്തിച്ചു
text_fieldsചങ്ങനാശ്ശേരി: പായിപ്പാട് പഞ്ചായത്ത് ഒന്നാംവാർഡിൽ എട്ട്യാകരി, കൈപ്പുഴാക്കൽ പാടശേഖരത്തിൽ ചത്തുവീണ താറാവുകൾക്ക് പുറമേ പനി ബാധിച്ച മുഴുവൻ താറാവുകളയും ശനിയാഴ്ചയോടെ കൊന്ന് സംസ്കരിച്ചു. പക്ഷിപ്പനി സ്ഥിരീകരിച്ച ഇവിടെ ബാക്കിയുണ്ടായിരുന്ന ജീവനുള്ള 13000 ത്തോളം താറാവുകളെയാണ് കഴിഞ്ഞ രണ്ടുദിവസമായി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കൊന്ന് സംസ്കരിച്ചത്.
താറാവ് കർഷകനായ ഔസേപ്പ് മാത്യുവിന്റെ (മനോജ് ) ഉടമസ്ഥതയിലുള്ള താറാവുകളാണിത്. കഴിഞ്ഞ ദിവസങ്ങളിൽ ഇദ്ദേഹത്തിന്റെ 5000 ത്തോളം താറാവുകൾ കൃഷിയിടത്തിൽ ചത്ത് വീണിരുന്നു. തുടർന്ന് ഭോപ്പാലിലെ ലാബിൽ നടത്തിയ പരിശോധനയിൽ താറാവുകൾക്ക് പക്ഷിപ്പനിയാണെന്ന് സ്ഥിരീകരിച്ചിരുന്നു. വെള്ളപ്പൊക്ക ബാധിത പ്രദേശമായതിനാൽ ശവസംസ്കാരത്തിന് ഉപയോഗിക്കുന്ന ഇൻസിനേറ്റർ എത്തിച്ചാണ് താറാവുകളെ സംസ്കരിച്ചത്. കനത്ത മഴയുള്ളതിനാൽ ശനിയാഴ്ചയാണ് സംസ്കരണം പൂർണ്ണമായത്.
പായിപ്പാട് പഞ്ചായത്തിലെ ഒന്നാംവാർഡിൽ പക്ഷികളുടെയും അവയുടെ ഉൽപ്പന്നങ്ങളുടെയും വിപണനവും കടത്തലും അറിയിപ്പ് ഉണ്ടാകുന്നതുവരെ പൂർണമായി നിരോധിച്ചിട്ടുണ്ട്. ഒരു കിലോമീറ്റർ മുതൽ 10 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. പഞ്ചായത്തിന്റെ മറ്റു വാർഡുകളിലും ചങ്ങനാശ്ശേരി നഗരസഭയിലും വാഴപ്പള്ളി, തൃക്കൊടിത്താനം, കുറിച്ചി പഞ്ചായത്തുകളിലും ഞായറാഴ്ച വരെ പക്ഷികളുടെയും അവയുടെ ഉൽപന്നങ്ങളുടെയും വിപണനവും കടത്തലും നിരോധിച്ചിട്ടുണ്ട്. മൃഗസംരക്ഷണ വകുപ്പ്, ആരോഗ്യവകുപ്പ്, തദ്ദേശസ്ഥാപനം, റവന്യു, പൊലീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.