പോളയിൽ കുരുങ്ങി ബോട്ട് യാത്ര ദുരിതത്തിൽ
text_fieldsചങ്ങനാശ്ശേരി: ബോട്ട് സർവിസ് ഇപ്പോഴും പോളയിൽ കുരുങ്ങി തന്നെ. ചങ്ങനാശ്ശേരിയിലെ പടിഞ്ഞാറൻ മേഖല നിവാസികളും നിരവധി വിദ്യാർഥികളുമാണ് ബോട്ട് സർവിസിനെ ആശ്രയിക്കുന്നത്. ആലപ്പുഴ എ.സി റോഡ് നിർമാണത്തെ തുടർന്ന് വാഹനഗതാഗതം നിലച്ചതിനാൽ ബോട്ടാണ് ഏക പോംവഴി. പോള കയറിയതിനെത്തുടർന്ന് ബോട്ടുജെട്ടി മുതൽ കിടങ്ങറവരെ ജലഗതാഗതം താറുമാറായി. ബോട്ടു ജെട്ടിയിലും ബോട്ടു കടന്നുവരുന്ന കിടങ്ങറ മുതൽ ജലപാതയിലും പോളയും നീർസസ്യങ്ങളും തിങ്ങി വളർന്നു.
ബോട്ടിന്റെ പ്രൊപ്പല്ലറിൽ പോള കുടുങ്ങുന്നത് പതിവാണ്. ബോട്ട് ജീവനക്കാർ തന്നെ ഇറങ്ങി മാറ്റുകയാണ്. വാട്ടർ ടാക്സി സർവിസിനെയും പോള പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പോള മാറ്റുന്നത് സംബന്ധിച്ച് ഇറിഗേഷൻ വകുപ്പ് അധികൃതരെ വിവരം അറിയിച്ചെങ്കിലും ടെൻഡർ നടപടികളായിട്ടുണ്ട്, ഉടൻ മാറ്റുമെന്ന് പറയുന്നതല്ലാതെ നടപടിയുണ്ടാകുന്നില്ലെന്ന് സ്റ്റേഷൻ മാസ്റ്റർ പറഞ്ഞു.
ചങ്ങനാശ്ശേരി നഗരത്തിലേക്ക് പ്രവേശിക്കാൻ കുട്ടനാട്ടിലെ യാത്രക്കാർക്ക് ഏക ആശ്രയമാണ് ചങ്ങനാശ്ശേരി ജെട്ടി. സ്കൂൾ തുറക്കുന്നതിനാൽ കാവാലത്തുനിന്ന് കിടങ്ങറ വരെ രാവിലെയും വൈകീട്ടും അധികമായി ഒരു ബോട്ട് സർവിസ് അനുവദിച്ചിട്ടുണ്ട്. രാവിലെ 7.30ന് ആലപ്പുഴയിൽനിന്ന് ചങ്ങനാശ്ശേരിയിലെത്തുന്ന ബോട്ട് 7.45ന് കാവാലം ലിസ്യൂവിലേക്ക് പുറപ്പെടും. തുടർന്ന് 12.30ന് ആലപ്പുഴക്ക് പുറപ്പെട്ട് നാലിന് എത്തും.
4.45ന് ആലപ്പുഴയിൽനിന്ന് പുറപ്പെട്ട് വൈകീട്ട് എട്ടിന് ചങ്ങനാശ്ശേരിയിൽ തിരിച്ചെത്തും. ഒന്നരപ്പതിറ്റാണ്ട് മുമ്പ് 13 സർവിസുകൾ ഉണ്ടായിരുന്ന ബോട്ട് ജെട്ടിയാണിത്. റോഡ് സൗകര്യങ്ങൾ വന്നതോടെ യാത്രക്കാരുടെ എണ്ണം കുറഞ്ഞു. കഴിഞ്ഞ മൂന്നു വർഷമായി രണ്ടു ബോട്ടുകളാണ് സർവിസ് നടത്തുന്നത്. ഇതിൽ ഒരു ബോട്ട് സർവിസ് നിലച്ചിട്ട് മാസങ്ങൾ പിന്നിടുന്നു.
മാസങ്ങൾക്ക് മുമ്പ് അപകടത്തെ തുടർന്നാണ് ചങ്ങനാശ്ശേരി ബോട്ട് ജെട്ടിയിൽ നിന്നുള്ള രണ്ടു ബോട്ടുകളുടെ സർവിസിൽ ഒന്ന് നിലച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.