അമൃത് പദ്ധതിയിൽ ചങ്ങനാശ്ശേരി റെയില്‍വേ സ്റ്റേഷന്‍
text_fieldsചങ്ങനാശ്ശേരി: റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണത്തിനായി റെയില്‍വേ മന്ത്രാലയം പുതിയതായി ആരംഭിക്കുന്ന അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതിയില്‍ ചങ്ങനാശ്ശേരി സ്റ്റേഷനും ഉള്‍പ്പെടുത്തി. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള നിയമസഭ സബ്ജക്ട് കമ്മിറ്റിയുമായി ബന്ധപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ചങ്ങനാശ്ശേരി സ്റ്റേഷന് പ്രത്യേക പരിഗണന നല്‍കണമെന്നും പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോള്‍ ചങ്ങനാശ്ശേരിയെയും കൂടി ഉള്‍പ്പെടുത്തണമെന്നും ജോബ് മൈക്കിള്‍ എം.എല്‍.എ അഭ്യർഥിച്ചിരുന്നു.
നടപടികള്‍ എടുക്കുമെന്ന് ഉറപ്പുനല്‍കി കേന്ദ്രമന്ത്രി എം.എല്‍.എക്ക് കത്തയച്ചു. റെയില്‍വേ സ്റ്റേഷന്റെ മാസ്റ്റര്‍ പ്ലാന്‍ ഉടന്‍ തയാറാക്കും മിനിമം അവശ്യസൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ വർധിപ്പിക്കുന്നതിന് ഘട്ടംഘട്ടമായി മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കും. പുതിയ സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിനും നിലവിലുള്ളത് നവീകരിക്കുന്നതിനും മാറ്റിസ്ഥാപിക്കുന്നതിനും പദ്ധതി ഉപകരിക്കും. വീതിയേറിയതും നല്ല വെളിച്ചമുള്ളതുമായ പ്രവേശന കവാടങ്ങള്‍ എന്നിവ പദ്ധതി വിഭാവനം ചെയ്യുന്നു. സ്റ്റേഷന്‍ പ്രവേശന കവാടങ്ങള്‍ക്ക് സമീപം യാത്രക്കാര്‍ക്ക് അനുകൂലമായി സ്ഥലം അനുവദിക്കുകയും റെയില്‍വേ ഓഫിസുകള്‍ ഉചിതമായി മാറ്റുകയും ചെയ്യും.
പഴയ കെട്ടിടങ്ങള്‍ ചെലവ് കുറഞ്ഞ രീതിയില്‍ മാറ്റി സ്ഥാപിക്കുക, അതിലൂടെ ഭാവിയിലെ വികസനം സുഗമമായി നടത്തുകയും ചെയ്യുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. വ്യത്യസ്തതരം വെയിറ്റിങ് ഹാളുകള്‍ ക്ലബ് ചെയ്യാനും കഴിയുന്നിടത്തോളം നല്ല കഫറ്റീരിയ/റീട്ടെയില്‍ സൗകര്യങ്ങള്‍ നല്‍കാനും ശ്രമിക്കും.
ഒരു ഉല്‍പന്നത്തിന് കുറഞ്ഞത് രണ്ട് സ്റ്റാളുകള്‍ക്കുള്ള വ്യവസ്ഥകള്‍ ഉണ്ടാക്കും. എക്‌സിക്യൂട്ടിവ് ലോഞ്ചുകള്‍ക്കും ചെറുകിട ബിസിനസ് മീറ്റിങ്ങുകള്‍ക്കുള്ള സ്ഥലങ്ങള്‍ക്കും ഇടം സൃഷ്ടിക്കും. രണ്ടാമത്തെ എന്‍ട്രിയും സര്‍ക്കുലേറ്റിങ് ഏരിയയും സ്റ്റേഷന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് മെച്ചപ്പെടുത്തും.
ജനപ്രതിനിധികള്‍, വിവിധ വകുപ്പുകള്‍, പ്രാദേശിക അധികാരികള്‍ എന്നിവരുള്‍പ്പെടെയുള്ള സ്റ്റേക്ക്ഹോള്‍ഡര്‍ കണ്‍സള്‍ട്ടേഷനുകള്‍ അടിസ്ഥാനമാക്കിയും ഡി.ആര്‍.എമ്മിന്റെ അംഗീകാരത്തോടെയും മാസ്റ്റര്‍ പ്ലാനിനു അംഗീകാരം നല്‍കി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ചങ്ങനാശ്ശേരി റെയില്‍വേ സ്റ്റേഷന്‍ ഒരു മാതൃക സ്റ്റേഷനായി മാറുമെന്ന് ജോബ് മൈക്കിള്‍ എം.എല്‍.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.