ആർ.എം.എസ് ഓഫിസ് നിർത്തലാക്കാൻ വീണ്ടും നീക്കം: പ്രതിഷേധ യോഗം ഇന്ന്
text_fieldsജില്ലയിൽ ഒരു ആർ.എം.എസ് എന്ന തീരുമാനവും പറഞ്ഞാണ് അധികൃതർ ചങ്ങനാശ്ശേരി ആർ.എം.എസ് ഓഫിസ് ഒഴിവാക്കാൻ ന്യായം കണ്ടെത്തിയത്
ചങ്ങനാശ്ശേരി: ആർ.എം.എസ് ഓഫിസ് നിർത്തലാക്കാൻ വീണ്ടും നീക്കം. വ്യാഴാഴ്ച മുതൽ ഓഫിസിന്റെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാനാണ് ചീഫ് ഓഫിസിൽനിന്നും നിർദേശം. കുറെ വർഷങ്ങളായി ചങ്ങനാശ്ശേരിയിലെ ആർ.എം.എസ് ഓഫിസ് അടച്ചുപൂട്ടൽ ഭീഷണിയിലായിരുന്നു.
ചങ്ങനാശ്ശേരി ഹെഡ് പോസ്റ്റ് ഓഫിസിനു കീഴിലുള്ള 25 പോസ്റ്റ് ഓഫിസുകളിലെയും കാഞ്ഞിരപ്പള്ളി ഹെഡ് പോസ്റ്റ് ഓഫിസിനു കീഴിലുള്ള 23 പോസ്റ്റ് ഫിസുകളിലെയും തപാൽ ഉരുപ്പടികൾ തരംതിരിച്ചിരുന്നത് ചങ്ങനാശ്ശേരി ആർ.എം.എസ് ഓഫിസിലായിരുന്നു. ഇതിനിടെ കാഞ്ഞിരപ്പള്ളിയിലെ പോസ്റ്റ് ഓഫിസുകളിലെ തപാൽ ഉരുപ്പടികൾ തരംതിരിക്കുന്നത് കോട്ടയത്തേക്ക് മാറ്റിയിരുന്നു.
ജില്ലയിൽ ഒരു ആർ.എം.എസ് എന്ന തീരുമാനവും പറഞ്ഞാണ് അധികൃതർ ചങ്ങനാശ്ശേരി ആർ.എം.എസ് ഓഫിസ് ഒഴിവാക്കാൻ ന്യായം കണ്ടെത്തിയത്. ജീവനക്കാരോട് എവിടേക്ക് മാറുന്നതാണ് സൗകര്യമെന്നും ചോദിച്ചു.
മെയിൽ എടുക്കുന്ന വാഹന കരാറുകാരോട് കോട്ടയത്തുനിന്ന് എടുത്താൽ മതിയെന്ന് പറയുകയും ചെയ്തിട്ടുണ്ട്.
റെയിൽവേ സ്റ്റേഷൻ ഭാഗത്ത് വാടകക്കെട്ടിടത്തിലാണ് ആർ.എം.എസ് ഓഫിസ് പ്രവർത്തിച്ചുന്നത്. കെട്ടിടം ഒഴിഞ്ഞുകൊടുക്കണമെന്ന ആവശ്യത്തിൽ കെട്ടിട ഉടമക്ക് അനുകൂലമായി കോടതി വിധികൂടി വന്നതോടെ ഓഫിസ് അടച്ചുപൂട്ടൽ ഭീഷണിയിലായി. ആർ.എം.എസ് ഓഫിസ് നിർത്തലാക്കാനുള്ള നീക്കത്തിനെതിരെ രാഷ്ട്രീയ-സാമൂഹിക-സാമുദായിക സംഘടനകളും വ്യാപാരികളും ആർ.എം.എസ് സംരക്ഷണ സമിതിക്ക് രൂപംനൽകി.
ഇവരുടെ ഇടപെടലിനെ തുടർന്നാണ് ആർ.എം.എസ് ഓഫിസ് ചങ്ങനാശ്ശേരിയിൽ നിലനിർത്തി വാടകക്കെട്ടിടത്തിൽനിന്നും ഹെഡ് പോസ്റ്റ് ഓഫിസ് കെട്ടിടത്തിലേക്ക് മാറ്റിസ്ഥാപിച്ചത്. ആർ.എം.എസ് ഓഫിസ് ചങ്ങനാശ്ശേരിയിൽ നിലനിർത്തണമെന്നാണ് സംരക്ഷണസമിതിയുടെ ആവശ്യം.
നിവേദനം നൽകി
ചങ്ങനാശ്ശേരി: ആർ.എം.എസ് ഓഫിസ് നിർത്തലാക്കാനുള്ള നീക്കത്തിൽനിന്നും പിന്തിരിയണമെന്ന് അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ പോസ്റ്റൽ അധികാരികളോട് ആവശ്യപ്പെട്ടു.
തിരുവനന്തപുരത്തെ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ ഓഫിസിലെത്തി ഹെഡ് ക്വാർട്ടേഴ്സ് പോസ്റ്റൽ സർവിസ് ഡയറക്ടർ അലക്സിൻ ജോർജുമായി ചർച്ച നടത്തി. ആർ.എം.എസ് സംരക്ഷണ സമിതി ചെയർമാൻ സണ്ണി തോമസും ഒപ്പമുണ്ടായി.
പ്രതിഷേധ സമ്മേളനം ഇന്ന്
ചങ്ങനാശ്ശേരി: ഹെഡ് പോസ്റ്റ് ഓഫിസില്‍ പ്രവര്‍ത്തിക്കുന്ന ആർ.എം.എസ് ഓഫിസ് ഇവിടെതന്നെ നിലനിര്‍ത്തണമെന്നും മാറ്റാനുള്ള നീക്കം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ സമരം ആസൂത്രണം ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് ഹോട്ടല്‍ അര്ക്കാലിയായില് പ്രതിഷേധം സമ്മേളനം ചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.