ഡോ. സ്കറിയ സക്കറിയ ഇനി ഓർമ
text_fieldsചങ്ങനാശ്ശേരി: ചരിത്രതാളുകളിൽ ചങ്ങനാശ്ശേരിക്ക് ഇടംനൽകിയ മികച്ച ഭാഷ ഗവേഷകൻ ഡോ. സ്കറിയ സക്കറിയ ഇനി ദീപ്തസ്മരണ. എം.ജി സർവകലാശാല കഴിഞ്ഞയിടെ ഡി-ലിറ്റ് നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു. ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ ഉൾപ്പെടെ പ്രമുഖർ അദ്ദേഹത്തെ വസതിയിലെത്തി ആദരിച്ചു. ചങ്ങനാശ്ശേരി പൗരാവലി, സന്നദ്ധസംഘടകൾ, പ്രമുഖ വ്യക്തിത്വങ്ങൾ അദ്ദേഹത്തെ സന്ദർശിക്കുകയും ചെയ്തു. നാടിന്റെ സ്നേഹാദരവുകൾ ഏറ്റുവാങ്ങിയാണ് അദ്ദേഹം യാത്രയായത്.
മലയാളം അധ്യാപകന്, എഡിറ്റര്‍, ഗ്രന്ഥകര്‍ത്താവ്, ഗവേഷകന് എന്നീ നിലകളില്‍ പ്രസിദ്ധനായിരുന്നു. മലയാള ഭാഷാപഠനം, സംസ്കാര പഠനങ്ങള്‍, ഭാഷാചരിത്രം, ജൂതപഠനം, സ്ത്രീപഠനങ്ങള്‍, വിവര്‍ത്തന പഠനങ്ങള്‍, ഫോക്ലോര് തുടങ്ങി മലയാളവും കേരളവുമായി ബന്ധപ്പെട്ട ഒട്ടേറെ പഠനമേഖലകള്‍ക്ക് അന്താരാഷ്ട്ര നിലവാരം നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞു. ജൂതമലയാളം, മലയാളം എന്നിവയാണ് ഇദ്ദേഹത്തിന് താല്പര്യമുള്ള വിഷയങ്ങള്‍. ജര്‍മനിയിലെ ടൂബിങ്ങന്‍ സര്‍വകലാശാലയില്‍നിന്ന് ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ രേഖാശേഖരങ്ങള്‍ കണ്ടെത്തി പ്രസിദ്ധീകരിച്ചത് അക്കൂട്ടത്തില്‍ ഏറെ പ്രധാനമാണ്. 1947 ല്‍ എടത്വാ ചെക്കിടിക്കാട് കരിക്കംപള്ളില്‍ കുടുംബത്തിലാണ് ജനനം. ഭൗതികശാസ്ത്രത്തില്‍ ബിരുദമെടുത്തതിനുശേഷം ചങ്ങനാശ്ശേരി എസ്.ബി കോളജില്‍നിന്ന് 1969ല്‍ മലയാളസാഹിത്യത്തില്‍ ബിരുദാനന്തരബിരുദവും നേടി. 1992ല്‍ കേരള സര്‍വകലാശാലയിലെ ലിംഗ്വിസ്റ്റിക്സ് വിഭാഗത്തില്‍നിന്ന് അദ്ദേഹത്തിന് പിഎച്ച്.ഡി ലഭിച്ചു. 1990ല്‍ ഫ്രെയ്ബര്ഗിലെ ഗെയ്ഥെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജര്‍മന്‍ ഭാഷ പഠനം. അലക്സാണ്ടര്‍ ഫോണ്‍ ഹുംബോള്‍ട്ട് ഫെലോ എന്ന നിലയില്‍ ജര്‍മനിയിലും സ്വിറ്റ്സര്‍ലൻഡിലുമുള്ള സര്‍വകലാശാലകളിലും ഗ്രന്ഥശേഖരങ്ങളിലും ഗവേഷണപഠനങ്ങള്‍ നടത്തി. 1962 മുതല്‍ 82 വരെ ചങ്ങനാശ്ശേരി എസ്.ബി കോളജില്‍ അദ്ദേഹം ലെക്ചററും 1982 മുതല്‍ 94 വരെ പ്രഫസറായും ജോലിചെയ്തു. 1994 മുതല്‍ 1997വരെ ഇദ്ദേഹം കാലടിയിലെ ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ മലയാളം വിഭാഗത്തില്‍ റീഡറായും 1997 മുതല്‍ 2007വരെ മലയാളം പ്രഫസറായും അതോടൊപ്പം കോഓഡിനേറ്ററായും പ്രവര്‍ത്തിച്ചു. 2000, 2001, 2002 എന്നീ വര്‍ഷങ്ങളില്‍ ജെറുസലേമിലെ ഹീബ്രു സര്‍വകലാശാലയിലെ ബെന്‍-സ്വി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗവേഷണ അധ്യാപകനായി ജോലിചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.