ഗെയില്‍ പദ്ധതി: ചങ്ങനാശ്ശേരിക്ക് അഭിമാനമായി ടോണി മാത്യു
text_fieldsചങ്ങനാശ്ശേരി: പതിറ്റാണ്ടിെൻറ പ്രയത്നം യാഥാർഥ്യമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ച ഗെയില്‍ പദ്ധതിയുടെ കേരളത്തിലെ പ്രോജക്ട് ജനറല്‍ മാനേജര്‍ ടോണി മാത്യു ചങ്ങനാശ്ശേരിയുടെ അഭിമാനം.
വാഴപ്പള്ളി മതുമൂല പുത്തന്‍ പറമ്പില്‍ ടോണി മാത്യു (54) എന്ന ചങ്ങനാശ്ശേരിക്കാരനിലൂടെയാണ് നാട് അഭിമാനം കൊള്ളുന്നത്. കൊച്ചി-മംഗലാപുരം ഗെയില്‍ പ്രകൃതിവാതക പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് പിന്നില്‍ അദ്ദേഹത്തിെൻറ സംഭാവന വിലയേറിയതാണ്.
വര്‍ഷങ്ങള്‍ നീണ്ടപദ്ധതി പല പ്രതികൂല സാഹചര്യങ്ങളെക്കും അതിജീവിച്ചാണ് വിജയത്തിലെത്തിയത്. നിശ്ചയദാര്‍ഢ്യത്തോടെ സര്‍ക്കാറിനൊപ്പം ടോണി മാത്യു നടത്തിയ നീക്കങ്ങളാണ് പദ്ധതി യാഥാർഥ്യത്തിലെത്തിച്ചത്.
മതുമൂല പുത്തന്‍പറമ്പില്‍ വീട്ടില്‍ ടോണി മാത്യു വാഴപ്പള്ളി സെൻറ് തെരേസാസ്, എസ്.ബി കോളജ് എന്നിവിടങ്ങളിലാണ് പഠിച്ചത്. തുടര്‍ന്ന് കോതമംഗലം എം.എ കോളജില്‍നിന്ന് എന്‍ജിനീയറിങ് ബിരുദം നേടി. 89ല്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭാഗമായി പോണ്ടിച്ചേരി എയര്‍പോര്‍ട്ട് പ്രോജക്ടിെൻറ ഭാഗമായി.
91ല്‍ ഇത് കമീഷന് ചെയ്തു. 1992ല്‍ ആണ് സൂററ്റില്‍ ഗെയിലിെൻറ ഭാഗമായത്. 2010ലാണ് ഗെയില്‍ പദ്ധതി ആരംഭിച്ചത്. കേരളത്തിലെ പദ്ധതി പൂര്‍ത്തീകരിച്ചതോടെ മഹാരാഷ്ട്രയില്‍നിന്ന് ഒഡിഷയിലേക്കുള്ള 1400 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പുതിയ പ്രകൃതിവാതക പദ്ധതിയുടെ ചുമതലയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. മതുമൂല പുതുപ്പറമ്പില്‍ പരേതരായ പി.വി. മാത്യുവിെൻറയും മറിയാമ്മയുടെയും നാലാമത്തെ മകനാണ് ടോണി മാത്യു.
ഭാര്യ ചങ്ങനാശ്ശേരി തൂമ്പുങ്കല്‍ മിനി ജോസഫ്. മക്കള്‍: ഡോ. ഹാംലിന് ടോണി(എം.ഡി വിദ്യാർഥി, കോഴിക്കോട് മെഡിക്കല്‍ കോളജ്), എമില്‍ ടോണി(ഭാരത്മാതാ കോളജ് ഓഫ് ലീഗല്‍ സ്റ്റഡീസിലെ എല്‍എല്‍.ബി ഫൈനല്‍ ഇയര്‍ വിദ്യാർഥി). മരുമകന്: ഡോ. ദീപക്ക് ജോര്‍ജ് പാലാ (എം.ഡി വിദ്യാർഥി, കോഴിക്കോട് മെഡിക്കല്‍ കോളജ്).
റെയില്‍വേയില്‍ ചുമട്ടുതൊഴിലാളിയായിരുന്നു പിതാവ്. മകള്‍ ഡോ. ഹാംലിന് ടോണിക്ക് ഇന്ത്യന്‍ റെയില്‍വേ മെഡിക്കല്‍ സര്‍വിസില്‍ ഡോക്ടറായി ജോലി ലഭിച്ചപ്പോള്‍ കാണാന്‍ പിതാവ് ഇല്ലല്ലോ എന്നൊരു സങ്കടം ഉള്ളിലുണ്ടെന്ന് ടോണി മാത്യു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.